ആറാംഘട്ടത്തില്‍ അറുപത് ശതമാനത്തിനടുത്ത് പോളിങ്; ഏറ്റവും കൂടുതല്‍ പോളിങ് ബംഗാളില്‍; ഡല്‍ഹിയിലും ഹരിയാനയിലും ഇടിവ്; വ്യാജപ്രചാരണം ശക്തമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ഡല്‍ഹി: ആറാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പില്‍ അറുപത് ശതമാനത്തിനടുത്ത് പോളിങ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വ്യാജപ്രചാരണം ശക്തമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. വോട്ടിംഗ് മെഷീനെതിരെയുള്ള കള്ള പ്രചാരണം ജനങ്ങളില്‍ വലിയ സംശയമുണ്ടാക്കിയിട്ടുണ്ടെന്നും പോളിങ് ശതമാനം കുറയാന്‍ ഇത് കാരണമായെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഈ ഘട്ടത്തോടെ 486 മണ്ഡലങ്ങളിലെ പോളിങ് പൂര്‍ത്തിയായി.
ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 58 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതിയത്. ബംഗാളിലാണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. യുപിയിലും ബിഹാറിലും കഴിഞ്ഞ ഘട്ടങ്ങളേക്കാള്‍ പോളിങ് കുറഞ്ഞു. ഇന്ത്യ സഖ്യം പ്രതീക്ഷ വയ്ക്കുന്ന ഡല്‍ഹിയിലും ഹരിയാനയിലും പോളിങ് ഇടിഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, സീതാറാം യെച്ചൂരി തുടങ്ങിയ പ്രമുഖര്‍ ഡല്‍ഹിയില്‍ വോട്ട് ചെയ്തു.
പോളിങ് വൈകിയതില്‍ വോട്ടിംഗ് മെഷിനിനെതിരെ ഒഡിഷയിലും ബംഗാളിലും പരാതിയുയര്‍ന്നു. മെഷീനില്‍ ബാറ്ററി കുറവാണെന്ന് പറഞ്ഞ് തിരിച്ചയച്ചതില്‍ ബൃന്ദ കാരാട്ട്തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജാര്‍ഗ്രാമില്‍ ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി സ്ഥാനാർത്ഥിക്ക് നേരെ കല്ലേറുണ്ടായി. പോളിങ് ഏജന്‍റുമാരെയും പ്രവർത്തകരെയും അകാരണമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് അനന്ത് നാഗ് രജൗരി മണ്ഡലത്തിലെ സ്ഥാനാർത്ഥി മെഹബൂബ മുഫ്തി റോഡിലിരുന്ന് പ്രതിഷേധിച്ചു. അവേശഷിക്കുന്ന 57 മണ്ഡലങ്ങളില്‍ ജൂണ്‍ ഒന്നിന് തെരഞ്ഞെടുപ്പ് നടക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here