ഏത് എസ്പിക്കും ഫോൺ ചോർത്താം; ‘ഇൻ്റർസെപ്ഷൻ’ കേന്ദ്രം പോലീസ് ആസ്ഥാനത്ത്, 20 ജില്ലകൾക്കും ആക്സസ്; പി.വി.അൻവറിൻ്റെ പരാതിയിൽ പതിരെത്ര?

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ ലക്ഷ്യമിട്ട് അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനം പോലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ തന്നെ ചിലരുടെ ഫോൺ ചോർത്തി എന്നതാണ്. പോലീസ് ഉന്നതരുടെ മാത്രമല്ല, അവരുടെ വീട്ടിലുള്ളവരുടെയും ഫോൺ ചോർത്തിയത് തൻ്റെ പക്കലുണ്ടെന്നും അൻവർ വിളിച്ചുപറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഇതിൽ ഏതെല്ലാം കാര്യത്തിൽ അന്വേഷണം ഉണ്ടാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സത്യത്തിൽ ഇത്ര എളുപ്പവും നിസാരവുമാണോ ഫോൺ ചോർത്തൽ, അഥവാ ഫോൺ ഇൻ്റർസെപ്ഷൻ (INTERCEPTION)? മാധ്യമ സിൻഡിക്കറ്റ് പരിശോധിക്കുന്നു.

1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് സെക്ഷന്‍ 5(2), ഒപ്പം റൂള്‍ 419A എന്നിവയാണ് പൗരന്മാരുടെ ഫോണ്‍ ചോര്‍ത്താന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നത്. എന്നാൽ അന്യായമായി ചോർത്തുന്നത് ഗുരുതര ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ക്രിമിനൽ കേസുകളിൽ പ്രതിയായവരുടെ ഫോണുകൾ മാത്രമേ ചോർത്താൻ പാടുള്ളൂ, അല്ലെങ്കിൽ അത്തരക്കാരുടെ മാത്രമേ ചോർത്തൂ എന്നാണ് ഇത്തരം ആരോപണങ്ങൾ ഉയരുമ്പോഴെല്ലാം ഔദ്യോഗികമായി ഉണ്ടാകുന്ന വിശദീകരണം. കേസുകളുടെ വിവരങ്ങളും പ്രതികളുടെ ഫോൺ നമ്പറുകളും ചേർത്ത് മൊബൈൽ സർവീസ് പ്രൊവൈഡർക്ക് നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സംഭാഷണം റെക്കോർഡ് ചെയ്തെടുക്കാൻ തുടങ്ങുന്നത്. എന്നാൽ പ്രതിയല്ലാത്തവരുടെ ഫോൺ നമ്പർ അനധികൃതമായി ഈ പട്ടികിൽ ചേർത്ത് നൽകിയാലും പുറത്താരും അറിയില്ല എന്നതാണ് സത്യം. അനധികൃത ഫോൺ ചോർത്തലുകളെല്ലാം നടക്കുന്നത് ഇങ്ങനെയാണ്.

തൻ്റെ ഫോൺ ചോർത്തുന്നുവെന്ന് ആരെങ്കിലും പരാതിപ്പെട്ടാൽ അല്ലാതെ ഇക്കാര്യത്തിൽ ഒരു പരിശോധനയും നടക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ എത്ര ചോർത്തിയാലും അങ്ങനെയൊരു വിവരം പുറത്താർക്കും അറിയാൻ ഒരു വഴിയുമുണ്ടാകില്ല. അതിനാൽ തന്നെ അത്തരമൊരു പരാതിക്കും സാധ്യതയില്ല. ചോർത്താൻ നൽകിയ ഫോൺ നമ്പറുകളുടെ പട്ടിക മൂന്ന് മാസത്തിലൊരിക്കൽ ഡിജിപിതല സമിതി റിവ്യൂ ചെയ്യും എന്നതാണ് ഇക്കാര്യത്തിൽ ആകെയുള്ള ന്യായീകരണം. അതെല്ലാം വഴിപാട് നടപടിക്രമങ്ങൾ എന്നല്ലാതെ നിയമപരമായി ചോർത്താൻ കഴിയുന്നവരുടെ ഫോണുകൾ തന്നെയാണോ അതിന് വിധേയമാക്കിയത് എന്നൊന്നും ഫൂൾപ്രൂഫായി പരിശോധിക്കാൻ നടപടി ഉണ്ടാകാറില്ല.

ആർക്കെല്ലാം ചോർത്താം

തിരുവനന്തപുരത്തെ കേരള പോലീസിൻ്റെ ആസ്ഥാനത്താണ് കേന്ദ്രീകൃത ‘ഇൻ്റർസെപ്ഷൻ’ സംവിധാനമുള്ളത്. ഇവിടെ ചോർത്തുന്ന ശബ്ദരേഖകൾ കേരളത്തിൽ 20 പോലീസ് ജില്ലകളിലെ പോലീസ് മേധാവിമാർക്കും ആക്സസ് ചെയ്യാം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ റവന്യൂ ജില്ലകളെ ഓരോന്നിനെയും സിറ്റി, റൂറൽ എന്നിങ്ങനെ രണ്ട് പോലീസ് ജില്ലകളായാണ് പരിഗണിക്കുന്നത്. ഇവിടെയെല്ലാമുള്ള എസ്പി/കമ്മിഷണർ ഓഫീസുകളോട് ചേർന്നുള്ള സൈബർ സെല്ലുകൾ മുഖേന ഇൻ്റർസെപ്റ്റ് ചെയ്ത റെക്കോർഡുകൾ എസ്പിമാർക്ക് എത്തും. കൂടാതെ തലസ്ഥാനത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലും ഈ സംവിധാനമുണ്ട്. ഇൻ്റലിജൻസ് ആസ്ഥാനത്ത് ആദ്യകാലം മുതലേയുണ്ട്.

നടപടിക്രമങ്ങൾ എന്തെല്ലാം

ഒരു കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഫോൺ ചോർത്തുന്ന കാര്യത്തിൽ ആദ്യ തീരുമാനം എടുക്കുക. നേരിട്ട് ചോദിച്ചാൽ ഒരു പ്രതിയിൽ നിന്ന് കിട്ടാൻ സാധ്യതയില്ലാത്ത വിവരം രഹസ്യമായി ശേഖരിക്കാനാണ് ഫോൺ ചോർത്തുക. ഈ അത്യാവശ്യ സാഹചര്യം കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ജില്ലാ പൊലീസ് മേധാവിയായ എസ്പിക്ക് അപേക്ഷ കൊടുക്കുന്നു, അവിടെ നിന്ന് ആഭ്യന്തര വകുപ്പിലേക്ക്. വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി അത് അനുവദിച്ച് മൊബൈൽ സർവീസ് പ്രൊവൈഡർക്ക് അയക്കുമ്പോഴാണ് ആ കമ്പനി ചോർത്തൽ തുടങ്ങുന്നത്. അത് പോലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗത്തിൽ റെക്കോർഡ് ചെയ്താണ് ജില്ലകളിലേക്ക് നൽകുക.

അപേക്ഷയില്ലാതെ ചോർത്താമോ

എഴുത്തുകുത്തുകൾക്കുള്ള സാവകാശമില്ല, ഉടനടി ഇൻ്റർസെപ്ഷൻ തുടങ്ങിയില്ലെങ്കിൽ വിലപ്പെട്ട വിവരങ്ങൾ നഷ്ടമാകും, എന്നൊരു അന്വേഷണ ഉദ്യോഗസ്ഥന് തോന്നുന്ന പക്ഷം കുറുക്കുവഴിയുണ്ട്. പോലീസിന് നേരിട്ട് മൊബൈൽ കമ്പനിയെ സമീപിക്കാം, അടിയന്തര സാഹചര്യം അറിയിച്ചാൽ കമ്പനി ചോര്‍ത്താന്‍ തുടങ്ങും. പക്ഷെ അപ്പോഴും അന്വേഷണ ഉദ്യോഗസ്ഥൻ മേൽപറഞ്ഞ നടപടിക്രമങ്ങളിലൂടെ അനുമതിക്ക് അപേക്ഷിക്കണം. അഞ്ചു ദിവസത്തിനുള്ളിൽ ഈ അനുമതി എത്തിയില്ലെങ്കിൽ ചോർത്തൽ നിർത്തി വിവരം കമ്പനി ആഭ്യന്തര വകുപ്പിനെ അറിയിക്കും. ഇതോടെ ഉദ്യോഗസ്ഥൻ വിശദീകരിക്കേണ്ടി വരും, വഴിവിട്ടു ചോർത്തലിന് ശ്രമിച്ചത് ആണെങ്കിൽ അവിടെ പെടും.

ചോർത്തിയ രേഖ എവിടെ സൂക്ഷിക്കുന്നു

ചോർത്തുന്ന കോൾ മുൻപെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണിലേക്ക്, അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥന്റെ നമ്പറിലേക്ക് റൂട്ടുചെയ്ത് കൊടുക്കുകയാണ് ചെയ്തിരുന്നത്. അതായത് ചോർത്താൻ ആവശ്യപ്പെടുന്ന നമ്പറിൽ നിന്നുള്ള സംഭാഷണങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണിലേക്കും കിട്ടും, പ്രതി തൻ്റെ ഫോണിൽ സംസാരിക്കുന്നതെല്ലാം മറ്റേ ഫോണിലും അതേപടി കിട്ടും. അന്നിതിൽ പക്ഷെ ഒരൊറ്റ ഉദ്യോഗസ്ഥന് മാത്രമാണ് കേൾക്കാൻ കഴിഞ്ഞിരുന്നതെങ്കിൽ ഇന്നിപ്പോൾ സംവിധാനങ്ങള്‍ പുരോഗമിച്ചു. ചോർത്തപ്പെടുന്ന സംഭാഷണങ്ങൾ കേന്ദ്രീകൃതമായി റെക്കോർഡ് ചെയ്യാനും അത് രേഖയായി സൂക്ഷിക്കാനുമുള്ള സംവിധാനം കേരള പൊലീസ് ആസ്ഥാനത്തും ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും ഉണ്ട്.

2010 മുതൽ വിപുലമായ സംവിധാനം

അടുത്തകാലം വരെ അതീവ രഹസ്യമായിരുന്നു ഈ സംവിധാനങ്ങളെല്ലാം. അതുകൊണ്ട് തന്നെ പൊലീസിന്റെ ഏതെങ്കിലും ഓഫീസില്‍ പോലും വയ്ക്കാതെ തിരുവനന്തപുരം പേരൂര്‍ക്കടക്ക് അടുത്ത് മണ്ണാമൂലയില്‍ വീട് വാടകക്ക് എടുത്താണ് ഏറെക്കാലം ചോർത്തൽ റെക്കോർഡ് ചെയ്തെടുക്കാൻ സംവിധാനം ഒരുക്കിയിരുന്നത്. 2010 ഫെബ്രുവരി മൂന്നിനാണ് ആ കെട്ടിടത്തിൻ്റെ വാടകക്കരാര്‍ ഒപ്പിട്ടത്. ഒരുവിധത്തിലും ഔദ്യോഗിക സ്വഭാവം വരാതിരിക്കാന്‍ അന്നത്തെ ഒരു എസ്പിയുടെ വ്യക്തിപരമായ പേരിലായിരുന്നു ആ വീട് എടുത്തിരുന്നത്. ഏതായാലും ഈ വാടകവീട്ടിലെ ഇന്റര്‍സെപ്ഷന്‍ കേന്ദ്രം നിലവില്‍വന്ന ശേഷം 2011ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറി, യുഡിഎഫ് അധികാരത്തിലെത്തി.

ചോർത്തലിനെച്ചൊല്ലി വിവാദങ്ങൾ

2012ൽ സിപിഎമ്മിലെ പ്രമുഖനായ എളമരം കരീം ഫോണ്‍ ചോര്‍ത്തല്‍ കേന്ദ്രത്തെക്കുറിച്ച് നിയമസഭയിൽ ആരോപണം ഉന്നയിച്ചു. ഇപ്പോഴത്തെ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇടത് സംഘടനകൾ മണ്ണാമൂലയിലെ ആ കെട്ടിടത്തിലേക്ക് പ്രകടനമൊക്കെ നടത്തി. എന്നാല്‍ അതൊന്നും അധികം നീണ്ടില്ല, കോടിയേരി ബാലകൃഷ്ണന്റെ പൊലീസ് ഭരണത്തിലാണ് ഈ സംവിധാനം ഉണ്ടായതെന്ന് വേണ്ടപ്പെട്ടവരെല്ലാം മനസിലാക്കി. അതോടെ പ്രതിഷേധം അടങ്ങി, പിന്നെ അധികം വൈകാതെ വാടകക്കെട്ടിടം ഒഴിവാക്കി. തിരുവനന്തപുരത്ത് പൊലീസ് ഇന്റലിജന്‍സിന്റെ ആസ്ഥാനത്താണ് പിന്നീടീ സംവിധാനം വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചത്.

ടിപി കേസിൽ ചോർത്തി

പോലീസിന്റെ ഫോണ്‍ ഇന്റര്‍സെപ്ഷന്‍ സിപിഎമ്മിന് തലവേദനയുണ്ടാക്കിയ പ്രധാനകേസ് 2012ലെ ടിപി ചന്ദ്രശേഖരന്‍ വധക്കേസാണ്. അതിൽ ഒളിവില്‍ കഴിഞ്ഞ പ്രതികളെക്കുറിച്ച് വിവരം ശേഖരിക്കാനും ഗൂഡാലോചന തെളിയിക്കാനുമെല്ലാം സിപിഎമ്മിന്റെ ജില്ലാതല നേതാക്കളുടെ വരെയെങ്കിലും സംഭാഷണം അന്വേഷണസംഘം ഫോണ്‍ ചോര്‍ത്തി. അക്കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃ‍ഷ്ണൻ ഇതിൽ മറുപടി പറയേണ്ടി വന്നിട്ടുണ്ട്. ചോർത്തൽ നിഷേധിക്കാതെ അന്നദ്ദേഹം പറഞ്ഞത്, നിയമപരമായി മാത്രമേ എന്തും പോലീസ് ചെയ്യൂവെന്നാണ്. എന്നാലൊരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു, തിരുവനന്തപുരത്ത് വീട് വാടകയ്ക്കെടുത്ത് ഫോണ്‍ ചോര്‍ത്തിയെന്ന് പറഞ്ഞ് യുഡ‍ിഎഫിനെ പഴിക്കേണ്ട, അത് എല്‍‌ഡിഎഫ് കാലത്താണ്, അതുകൊണ്ട് അവിടെ നടന്നതിൻ്റെയെല്ലാം ഉത്തരവാദിത്തം എല്‍ഡിഎഫിനാണെന്ന്.

‘എംഎൽഎയുടെ ഫോൺ ചോർത്തിയിട്ടില്ല’

2012 ഫെബ്രുവരിയിലുണ്ടായ കണ്ണൂരിലെ അരിയില്‍ ഷുക്കൂർ കൊലക്കേസിൽ ടി.വി.രാജേഷ് എംഎല്‍എയുടെ ഫോണ്‍ പൊലീസ് ചോര്‍ത്തിയെന്ന് സിപിഎം ആരോപിച്ചു. അതിന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയത്, എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ല എന്നുറപ്പിച്ച് പറഞ്ഞാണ്. എന്നാൽ മുഖ്യമന്ത്രി ഒന്നു പറഞ്ഞു. എംഎല്‍എ ബന്ധപ്പെട്ട, അല്ലെങ്കില്‍ എംഎല്‍എയെ ബന്ധപ്പെട്ട ആരുടെയും ഫോണ്‍ ചോര്‍ത്തരുത് എന്ന് പറയാൻ പാടില്ലെന്ന്. ഷൂക്കര്‍ വധത്തിൽ ഒളിവില്‍പോയ പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയത് ടി.വി.രാജേഷ് എംഎൽഎയെ നിരന്തരം ബന്ധപ്പെട്ട ഒരു പ്രാദേശിക നേതാവിന്റെ ഫോണ്‍ ചോർത്തി വിവരം എടുത്തായിരുന്നു. അന്ന് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന പി.ജയരാജന്റെ ഇടപെടലുകൾ സംബന്ധിച്ചും ചില വിവരങ്ങള്‍ ഇങ്ങനെ കിട്ടിയതോടെയാണ് ജയരാജനെയും രാജേഷിനെയും ഷുക്കൂര്‍ വധത്തില്‍ പ്രതിയാക്കിയതെന്നും സൂചനകള്‍ ഉണ്ടായിരുന്നു.

എംഎൽഎയെ ചോർത്തിയാലെന്ത്

ചോർത്തപ്പെടുന്നയാൾ ഏതെങ്കിലും കേസിൽ പ്രതിയായിരിക്കണം എന്നതുപോലെ, ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന മറ്റൊരു മാനദണ്ഡം, ഈ ചോർത്തുന്ന നമ്പറുകളിലൊന്നും നിലവിലെ ഒരു എംഎല്‍എയുടെയോ എംപിയുടെയോ ഫോണ്‍ ഉണ്ടാകരുത് എന്നതാണ്. ഇക്കാര്യത്തിൽ സത്യവാങ്മൂലം കൊടുക്കണം. അതീ ചോര്‍ത്തലിനുള്ള അപേക്ഷയുടെ ഭാഗമാണ്. ഈ ജനപ്രതിനിധികൾക്ക് മാത്രമാണ് പരിരക്ഷ. എന്നാല്‍ ഇവരുടെ കുടുംബാംഗങ്ങളുടെയോ, അല്ലെങ്കില്‍ ഒപ്പമുള്ള സ്റ്റാഫിന്റെയോ നമ്പറുകള്‍ ചോര്‍ത്താന്‍ ശ്രമിച്ചാലും നിയമപരമായി തെറ്റില്ല, അല്ലെങ്കില്‍ ആരോടും വിശദീകരിക്കേണ്ടി വരില്ല എന്നര്‍ത്ഥം. ചോര്‍ത്തുമെന്ന ഭീതി കാരണം മറ്റാരുടെയെങ്കിലും ഫോണ്‍ ഉപയോഗിക്കുന്ന ജനപ്രതിനിധികള്‍ മനസിലാക്കണം, നിങ്ങളുടെ പേരിലെടുത്ത സ്വന്തം ഫോണ്‍ നമ്പറിന് ഉളളത് പോലെ സുരക്ഷ മറ്റൊരു ഫോണിനും ഉണ്ടാകില്ല നിലവിലെ നിയമപ്രകാരം.

കോള്‍ ‍ഡേറ്റ റെക്കോര്‍‍ഡ്

കോള്‍ ലിസ്റ്റ് അഥവാ കോള്‍ ‍ഡേറ്റ റെക്കോര്‍‍ഡ് (CDR) ചോര്‍ത്തി ഒരു നമ്പറില്‍ നിന്നുള്ള ഫോണ്‍വിളികളുടെ മുഴുവന്‍ ലിസ്റ്റെടുക്കുന്നത് മറ്റൊരുതരം അന്വേഷണ രീതിയാണ്. ഇവിടെ സംഭാഷണം ചോരുന്നില്ല, പകരം ഒരു ഫോണിൽ നിന്ന് ആരെ, എപ്പോൾ, ഏത് സ്ഥലത്ത് വച്ച്, എത്ര സമയം വിളിച്ചു എന്നെല്ലാമുള്ള വിശദാംശങ്ങളാണ് കിട്ടുക. ഇക്കാലത്ത് ഏതാണ്ട് എല്ലാ കേസിലും പ്രതികളുടെ കോൾലിസ്റ്റ് പോലീസ് ശേഖരിക്കാറുണ്ട്. അതുകൊണ്ട് തന്നെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. ഇതിനും സാധാരണ ഗതിയില്‍ നമ്പറിന്റെ ഉടമ ഏതെങ്കിലും ക്രിമിനല്‍ കേസില്‍ പ്രതിയായിരിക്കണം എന്നാണ് വ്യവസ്ഥയെങ്കിലും പ്രതിയല്ലാത്ത ഒരാളുടെ നമ്പർ ഒപ്പം ചേർത്താലും പുറത്തറിയാൻ വഴിയില്ല. ഇൻ്റർസെപ്ഷൻ ദുരുപയോഗം പോലെ ഇതിലും സ്പെസിഫിക്കായി പരാതി ഉണ്ടായലല്ലാതെ ഒരു അന്വേഷണവും ഉണ്ടാകാറില്ല.

സിഡിആർ എങ്ങനെ കിട്ടും

ഇതിൽ താരതമ്യേന നടപടിക്രമങ്ങള്‍ കുറവാണ്, നേരത്തെ പറഞ്ഞ ഇന്‍റര്‍സെപ്ഷന്‍ പോലെ അനുമതിക്കായി അപേക്ഷ ആഭ്യന്തരവകുപ്പിൽ പോകേണ്ടതില്ല. നേരിട്ട് മൊബൈല്‍ സര്‍വീസ് പ്രൊവൈഡറെ സമീപിക്കാം, അന്വേഷണ ഉദ്യോഗസ്ഥന്‍‌ അപേക്ഷ ഇ-മെയിലായി അയക്കണം. ജില്ലാ തലത്തില്‍ എസ്പി മുഖേനയോ ജില്ലാ സൈബര്‍ സെല്ലുകള്‍ മുഖേനയോ ഇതുചെയ്യാം. മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍ക്ക് അപേക്ഷ കിട്ടിയാൽ പരമാവധി ഒരു മണിക്കൂര്‍ കൊണ്ട് തന്നെ കോള്‍ ലിസ്റ്റ് പൊലീസിന് കിട്ടും. അപേക്ഷിക്കുന്ന തീയതി മുതൽ കൃത്യം ഒരുവര്‍ഷം പിന്നിലേക്കുള്ള കോള്‍ പട്ടിക കിട്ടും.

സിഡിആർ ‘പ്രതിയായ’ കേസുകൾ

കഴിഞ്ഞ 15 വർഷത്തിനിടെ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞ രണ്ടു കേസുകളില്‍ സിഡിആര്‍ അഥവാ കോള്‍ ലിസ്റ്റിനുണ്ടായ പ്രാധാന്യമൊന്ന് ഓര്‍ത്തെടുത്താല്‍ കൂടുതല്‍ വ്യക്തമാകും. ഒന്ന്, സോളര്‍ കേസ് പ്രതി സരിത എസ് നായരുടെയും രണ്ട്, സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെയും. രണ്ടിലും ഭരണപക്ഷം കടുത്ത പ്രതിരോധത്തിലായി. അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച ഇരുവരുടെയും ഫോണ്‍ വിവരങ്ങള്‍ പുറത്തുവന്നതിലൂടെയാണ് അവരുടെ ബന്ധങ്ങളെക്കുറിച്ചെല്ലാം പുറംലോകം അറിയുന്നത്. മുഖ്യമന്ത്രിയും മറ്റ് ഉന്നതരും അടക്കം പ്രമുഖർ പലരും വിശദീകരിക്കാൻ പാടുപെട്ടു. ഒടുക്കം സിഡിആറുകൾ ചോർന്ന വഴി കണ്ടെത്താനും അന്വേഷണം നടന്നു.

എസ്പിയെ പെടുത്തിയ സിഡിആർ

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകളിലും കോള്‍ലിസ്റ്റ് പ്രധാന ഉപാധിയായിട്ടുണ്ട്. കരിങ്കല്‍ ക്വാറിക്കാരില്‍ നിന്ന് എസ്പി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന പരാതി 2014ൽ ഉണ്ടായപ്പോള്‍ ആരോപണവിധേയനായ എസ്പിയും ഇടനിലക്കാരനും തമ്മിലുള്ള ബന്ധം പൊലീസ് ഇന്റലിജന്‍സ് ഉറപ്പിച്ചത് ഇരുവരുടെയും ഫോണ്‍വിളിപ്പട്ടിക പരിശോധിച്ചാണ്; കേസ് പിന്നീട് തെളിവില്ലെന്ന് കാണിച്ച് എഴുതിത്തള്ളിയെങ്കിലും. അതിൻ്റെ പേരിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സസ്പെൻഷനിലായതും ചരിത്രം. വിവാദമായ കൊടകര കുഴല്‍പ്പണ കേസിൽ കൊള്ളയടിക്കപ്പെട്ട പണത്തിന് ബിജെപി ‍ബന്ധമുണ്ടെന്ന് പോലീസ് ആദ്യം നിഗമനത്തില്‍ എത്തിയത് പരാതിക്കാരനായ ധര്‍മരാജന്റെ ഫോണ്‍വിളിപ്പട്ടിക പരിശോധിച്ചാണ്.

തെലങ്കാനയിലെ ‘ഔദ്യോഗിക ചാരൻ’

2023 വരെ അധികാരത്തിലിരുന്ന ബിആർഎസ് സർക്കാരിന് വേണ്ടി ഫോണുകൾ ചോർത്തി ചാരപ്പണിയെടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ വിദേശത്താണ്. രേവന്ത് റെഡ്ഡി സർക്കാർ അധികാരത്തിൽ എത്തിയതോടെ രാജ്യംവിട്ട പ്രഭാകർ റാവുവിൻ്റെ പേരിൽ അറസ്റ്റ് വാറണ്ട് ഉണ്ടായതോടെയാണ് തിരിച്ചെത്താനാകാതെ കുടുങ്ങിയത്. രാഷ്ട്രീയത്തിലെ എതിരാളികളുടെ മാത്രമല്ല, വ്യവസായികൾ, സിനിമാക്കാർ തുടങ്ങി സ്വാധീനവും സമ്പത്തും ഉണ്ടായിരുന്ന പലരുടെയും പട്ടിക തയ്യാറാക്കി ഫോൺ ചോർത്തി. 2020ൽ വിരമിച്ച റാവുവിനെ, ‘ചീഫ് ഓഫ് ഓപ്പറേഷൻസ്, സ്പെഷ്യൽ ഇൻ്റലിജൻസ് ബ്രാഞ്ച്’ എന്ന തസ്തികയുണ്ടാക്കി ചന്ദ്രശേഖര റാവു സർക്കാർ തിരിച്ചെത്തിച്ചു. ചോർത്തലിന് ഓരോ തവണയും നിയമപ്രകാരമുള്ള അനുമതി നേടണമെന്ന വ്യവസ്ഥ തന്നെ പ്രഭാകർ റാവുവിനും സംഘത്തിനും വേണ്ടി എടുത്തുകളഞ്ഞു എന്നതടക്കം അമ്പരപ്പിക്കുന്ന വിവരങ്ങളാണ് തെലങ്കാന സ്പെഷ്യൽ ചീഫ് സെക്രട്ടറി രവി ഗുപ്ത കഴിഞ്ഞ വർഷം ഹൈക്കോടതിയെ അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top