ബിസിനസിലെ അനാസ്ഥ മതവികാരം വ്രണപ്പെടുത്തി; കോയമ്പത്തൂർ സ്ഥാപനത്തിന് 78,000 പിഴയടിച്ച് ഉപഭോക്തൃ കോടതി
പള്ളിപ്പെരുന്നാൾ പ്രമാണിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്ത വിശുദ്ധന്മാരുടെ ചിത്രങ്ങളുടെയെല്ലാം മറുപുറത്ത് ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങൾ. വിവരം അറിയിച്ചിട്ടും മാറ്റിനൽകാൻ കരാറെടുത്ത സ്ഥാപനം തയ്യാറാകാത്ത സാഹചര്യത്തിലാണ് പരാതി എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയിൽ എത്തിയത്. പാലാരിവട്ടം സ്വദേശികളായ ആൻറണി ഫിൻറ്റോൾ ഉൾപ്പെടെ നാലുപേർ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഇടപെടലുണ്ടായത്.
2022 ഡിസംബറിൽ പാലാരിവട്ടത്തെ സെൻറ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിക്ക് വേണ്ടിയാണ് പരാതിക്കാർ കോയമ്പത്തൂരിലെ കെ.ജി.ഇമേജിക എന്ന സ്ഥാപനത്തെ സമീപിച്ചത്. ക്രിസ്ത്യൻ വിശുദ്ധന്മാരുടെ 2150 ഫോട്ടോകൾ ഫ്രെയിം ചെയ്തുനൽകാനാണ് കരാർ. ഇതിനായി 53,750 രൂപ പറഞ്ഞുറപ്പിച്ചു. ചെയ്തുകിട്ടിയ ഉടൻ ഇവ വിശ്വാസികളുടെ വീടുകളിലേക്ക് വിതരണം ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീടാണ് പരാതികൾ ഉണ്ടായത്.
വീടുകളിലേക്ക് കൊടുത്തയച്ച ഫോട്ടോ ഫ്രെയിമുകളുടെയെല്ലാം ഉള്ളിൽ മറുപുറത്ത് ഹിന്ദു ദൈവങ്ങളുടെ ചിത്രമാണ് ഉള്ളതെന്ന് പലരും കണ്ടെത്തി. ഇതിൻ്റെ പേരിൽ വ്യാപക പരാതി ഉയർന്നതോടെ കോയമ്പത്തൂർ സ്ഥാപനത്തെ ബന്ധപ്പെട്ടെങ്കിലും ഉചിതമായ പ്രതികരണം ഉണ്ടായില്ല. ഇതോടെയാണ് പരാതിക്കാർ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാർക്ക് വേണ്ടി അഡ്വ. ടോം ജോസഫ് ആണ് ഹാജരായത്.
എതിർകക്ഷികളുടേത് അധാർമിക വ്യാപാരരീതിയാണെന്നും ഇതുമൂലം പരാതിക്കാർക്ക് അപരിഹാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടായതായും ഡിബി ബിനു പ്രസിഡണ്ടും വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരവും കോടതി ചിലവും ഉൾപ്പെടെ പരാതിക്കാർക്ക് നൽകാനുള്ള ഉത്തരവ്. ഫോട്ടോക്കായി ചിലവഴിച്ച 53,750 രൂപയും ചേർത്ത് ആകെ 78,000 രൂപ നൽകാനാണ് നിർദേശം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here