സംഗീതപഠനത്തിൻ്റെ മറവിൽ പീഡനങ്ങൾ; 63കാരൻ അറസ്റ്റിലായ കേസിൽ കൂടുതൽ പരിശോധനക്ക് പോലീസ്
തലസ്ഥാനത്തെ പ്രമുഖ സംഗീത പഠനകേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയിൽ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിലായത് ഇന്നലെയാണ്. ഇയാൾക്ക് കീഴിൽ പഠിക്കാൻ എത്തിയ കുട്ടികളെ കഴിഞ്ഞ 25 വർഷത്തോളമായി പീഡിപ്പിച്ചിരുന്നു എന്ന പരാതി ഉണ്ടായിട്ടുണ്ട്. 2011-13 കാലഘട്ടത്തിൽ പീഡനമേറ്റു എന്ന പരാതിയിലാണ് തോമസ് വർഗീസ് ഇന്നലെ അറസ്റ്റിലായത്. ഈ പരാതിക്കാരിയുടെ സഹോദരിയെ 2003-04 കാലത്ത് പീഡിപ്പിച്ചു എന്ന പരാതിയും ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് വ്യാപക പരിശോധനക്ക് പോലീസ് തീരുമാനിച്ചത്.
തിരുവനന്തപുരം ചാരാചിറയിലെ സിഡിഎംഎസ് (Centre for Development of Music Studies) എന്ന സ്ഥാപനം വര്ഷങ്ങളായി പ്രവർത്തിക്കുന്നതാണ്. യുകെയിലടക്കം വിദേശത്തും ബ്രാഞ്ചുകൾ ഉണ്ട്. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ചില ഗ്രേഡ് പരീക്ഷകളും ഇവിടെ നടത്തുന്നുണ്ട്. ഇതിൻ്റെ പ്രധാന നടത്തിപ്പുകാരനും ഡയറക്ടറും ആണ് തോമസ് വർഗീസ്.
ഇവിടെ പഠിച്ച ഒരു പെൺകുട്ടി തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് ഈയടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ എഴുതിയിരുന്നു. അതിന് പിന്നാലെ ഇയാളിൽ നിന്ന് ഉപദ്രവം നേരിട്ട സഹോദരിയും പ്രതികരിച്ചതോടെയാണ് സംഭവം പുറത്തായത്. ഇതിന് ശേഷമാണ് പോലീസിൽ പരാതി നൽകിയത്.
മ്യൂസിയം പോലീസിന് ലഭിച്ച ഒരു പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കൂടുതൽ കുട്ടികൾക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ട് എന്ന സൂചനകളെ തുടർന്ന് കുട്ടികളെ കൗൺസലിംഗ് നടത്താൻ ചൈൽഡ് ലൈനിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണ ചുമതലയുള്ള അസിസ്റ്റൻ്റ് കമ്മിഷണർ സ്റ്റുവർട്ട് കീലർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
പല ക്രൈസ്തവ ദേവാലയങ്ങളിലെ ക്വയർ സംഘങ്ങളുമായി ചേർന്ന് തോമസ് വർഗീസ് പ്രവർത്തിച്ചിരുന്നു. ഇയാളുടെ പെരുമാറ്റ വൈകൃതങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് സൂചനകൾ നേരത്തെ ലഭിച്ചിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എന്നാൽ ആരും പരാതി പറയാൻ മുന്നോട്ട് വന്നിരുന്നില്ല. ഇതാണ് പ്രതിക്ക് രക്ഷയായതും ഇത്രകാലം കുറ്റകൃത്യം തുടരാൻ വഴിയൊരുക്കിയതും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here