10 വയസുകാരിയെ വീട്ടുജോലിക്ക് നിർത്തി ഉപദ്രവിച്ചു; പെെലറ്റിനെ പുറത്താക്കി ഇന്‍ഡിഗോ, ദമ്പതികള്‍ക്ക് പരസ്യമർദനം

ന്യൂഡൽഹി: പത്തു വയസ്സുകാരിയെ വീട്ടുജോലിക്ക് നിർത്തി ഉപദ്രവിച്ച സംഭവത്തില്‍ വനിതാ പൈലറ്റിനും എയർലൈൻ ജീവനക്കാരനായ ഭർത്താവിനും ആള്‍ക്കൂട്ട മർദ്ദനം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ പൈലറ്റിനെ പുറത്താക്കിയതായി ഇന്‍ഡിഗോ എയർലെെന്‍സ് അറിയിച്ചു. അന്വേഷണ വിധേയമായാണ് പുറത്താക്കല്‍.
രണ്ട് മാസം മുമ്പാണ് ദമ്പതികൾ വീട്ടുജോലികൾക്കായി പത്ത് വയസ്സുള്ള പെൺകുട്ടിയെ എത്തിച്ചതെന്നാണ് റിപ്പോർട്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവരുടെ ബന്ധുവായ ഒരാള്‍ പെൺകുട്ടിയുടെ കൈകളിൽ മുറിവുകൾ കാണുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. മോഷണക്കുറ്റം ആരോപിച്ച് പെണ്‍കുട്ടിയെ മർദ്ദിക്കുകയും, പൊള്ളലേല്‍പ്പിക്കുകയും ചെയ്തതായാണ് വിവരം. കുട്ടിയുടെ കൈകളിലും കണ്ണിനു താഴെയും മുറിവേറ്റ പാടുകളുണ്ട്.
വിവരമറിഞ്ഞ ജനക്കൂട്ടം കുട്ടിയുടെ മുറിവുകള്‍ കണ്ട് പ്രകോപിതരായി യൂണിഫോമിലായിരുന്ന പെെലറ്റിനെയും ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി കൗൺസിലിംഗും നല്‍കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കുട്ടിയുടെ മൊഴി പ്രകാരം, ബാലവേല നിരോധന നിയമം, ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് റെഗുലേഷൻ) തുടങ്ങിയ കർശനമായ വകുപ്പുകൾ ചുമത്തി ദമ്പതികള്‍ക്കെതിരെ കേസെടുത്തതായി ദ്വാരകയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എം ഹർഷ വർദ്ധന്‍ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here