ഇന്ത്യയ്ക്ക് പകരം ഭാരതം: ശുപാര്‍ശയ്ക്ക് പിന്നില്‍ സംഘപരിവാര്‍ അജണ്ട, ഉള്‍ച്ചേര്‍ക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാര്‍ ഭയപ്പെടുന്നു; വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് മാത്രം മതിയെന്ന എന്‍സിഇആര്‍ടി സമിതിയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തെ വക്രീകരിക്കുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ക്കനുകൂലമായ നിലപാടുകളാണ് എന്‍സിഇആര്‍ടിയില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടാവുന്നത്. പരിവാര്‍ നിര്‍മ്മിത വ്യാജ ചരിത്രത്തെ വെള്ളപൂശുന്നതില്‍ പാഠപുസ്തക സമിതി വ്യഗ്രത കാട്ടുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ആരോപിച്ചു.

സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരതം’ എന്ന് തിരുത്താനാണ് എന്‍സിഇആര്‍ടി നിയോഗിച്ച സാമൂഹ്യശാസ്ത്ര സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നും ഭാരതം എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇതില്‍ ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണ്. ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉള്‍ച്ചേര്‍ക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാര്‍ ഭയപ്പെടുകയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയെന്ന പദത്തോടുള്ള ഈ വെറുപ്പ്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉള്‍പ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദ്ദേശങ്ങളെ കാണേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബഹുസ്വരതയിലും സഹവര്‍ത്തിത്വത്തിലുമധിഷ്ഠിതമായ ‘ഇന്ത്യ’യെന്ന ആശയത്തിനെതിരാണ് എക്കാലവും സംഘപരിവാര്‍. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്‍സിഇആര്‍ടി സമിതിയുടെ പുതിയ നിര്‍ദ്ദേശം. എന്‍സിഇആര്‍ടി സമിതി സമര്‍പ്പിച്ച പൊസിഷന്‍ പേപ്പറിലെ ഭരണഘടനാവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ജനാധിപത്യ സമൂഹം രംഗത്തുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top