പിണറായി സർക്കാരും പറഞ്ഞു ആൻ്റണി രാജു തൊണ്ടി തിരിമറി നടത്തിയ പ്രതിയെന്ന്; ശിക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയിൽ; കുരുക്കിയത് യുഡിഎഫ് എന്ന വാദം പൊളിഞ്ഞു; കേസ് 19ന്
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസ് 2022 ജൂലൈയിൽ വീണ്ടും ചർച്ചയായത് മുതൽ മന്ത്രിയായിരുന്ന ആൻ്റണി രാജു നിരന്തരം പറഞ്ഞത് 2006ലെ യുഡിഎഫ് സർക്കാർ ബോധപൂർവം തന്നെ കേസിൽ കുടുക്കി എന്നായിരുന്നു. തെളിവില്ലെന്ന് കണ്ട് 2002ൽ പോലീസ് അന്വേഷണം അവസാനിപ്പിച്ച കേസ് വീണ്ടും കുത്തിപ്പൊക്കിയത് രാഷ്ട്രിയ ലക്ഷ്യം വച്ചായിരുന്നുവെന്ന് നിയമസഭയിലും പുറത്തും ആൻ്റണി രാജു വാദിച്ചു. ഇതിനെല്ലാം ഉള്ള മറുപടി അദ്ദേഹം കൂടി അംഗമായിരുന്ന ഇടത് സർക്കാർ സുപ്രീം കോടതിയിൽ ഇന്നലെ സമർപ്പിച്ച അഫിഡവിറ്റിലുണ്ട്. ഇന്നലെ പരിഗണിക്കാനായി വച്ചിരുന്നെങ്കിലും ആൻ്റണി രാജുവിന് മറുപടി സമർപ്പിക്കാൻ സമയം അനുവദിച്ച് കേസ് ഈമാസം 19ലേക്ക് മാറ്റി.
കേസ് ഗൗരവസ്വഭാവമുള്ളതാണ്. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തിൽ ആൻ്റണി രാജു അടക്കം പ്രതികൾ നടത്തിയ തിരിമറി കാരണം രക്ഷപെട്ടുപോയത് ലഹരിക്കടത്ത് പോലെ ഗുരുതര സ്വഭാവമുള്ള കേസിൽ പ്രതിയായിരുന്ന വിദേശിയാണ്. 2002ൽ അന്വേഷണം അവസാനിപ്പിച്ചത് അൺഡിറ്റക്ടഡ് (Undetected) എന്ന് റിപ്പോർട്ട് നൽകിയാണ്. തെളിവുകൾ കിട്ടിയപ്പോൾ 2005ൽ വീണ്ടും അന്വേഷണം തുടങ്ങി ആൻ്റണി രാജു അടക്കം രണ്ടുപേരെ പ്രതിയാക്കുകയായിരുന്നു. തൊണ്ടിവസ്തുവായ വിദേശിയുടെ അടിവസ്ത്രം രൂപമാറ്റം വരുത്തിയതിൽ ഇരുവരുടെയും പങ്ക് വ്യക്തമാണ്. പ്രതിയുടെ രാഷ്ട്രീയഭാവി ഇല്ലാതാക്കാനുള്ള കേസാണെന്ന വാദം നിലനിൽക്കുന്നതല്ലെന്ന് കൂടി അഡീഷണൽ സെക്രട്ടറി ഗ്രാൻസി ടി.എസ്. സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു.
തൊണ്ടിമുതൽ തിരിമറിക്കേസ് റജിസ്റ്റർ ചെയ്തിട്ട് 30 വർഷം, കുറ്റപത്രം സമർപ്പിച്ചിട്ട് 18 വർഷം, വിചാരണക്കായി കോടതി സമൻസ് അയച്ച് പ്രതികളെ വിളിക്കാൻ തുടങ്ങിയിട്ട് 10 വർഷം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ 2006ൽ കുറ്റപത്രം സമർപ്പിച്ച കേസ്, 2014ൽ നെടുമങ്ങാട് കോടതിയിലേക്ക് മാറ്റിയ ശേഷം വിചാരണ തുടങ്ങാനായി ആൻ്റണി രാജുവിൻ്റെ സൌകര്യം കാത്തിരിക്കുകയായിരുന്നു 2022 വരെ. പ്രതി ഹാജരാകാത്തതിനാൽ വിചാരണ തുടങ്ങാനാകുന്നില്ല എന്ന വിവരം 2022 ജൂലൈയിൽ പുറത്തുവന്നതിന് പിന്നാലെ കേസ് റദ്ദാക്കാനായി ആൻ്റണി രാജു ഹൈക്കോടതിയിലെത്തി. ഒരുവർഷത്തോളം നീണ്ട നടപടികൾക്ക് ശേഷം ഹൈക്കോടതി കേസ് റദ്ദാക്കിയെങ്കിലും, കുറ്റപത്രം സമർപ്പിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഉണ്ടായ പിഴവ് തിരുത്തി വീണ്ടും കേസ് വിചാരണ നടത്താൻ ഉത്തരവിട്ടു. ഈ വിധിക്കെതിരെ ആൻ്റണി രാജു സമർപ്പിച്ച ഹർജിയാണ് ഒരുവർഷത്തോളമായി സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞമാസം ചൂണ്ടിക്കാട്ടിയിരുന്നു. അതനുസരിച്ച് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പ്രതികളുടെ പങ്ക് അക്കമിട്ട് നിരത്തിയിരിക്കുന്നത്.
രാഷ്ട്രിയലക്ഷ്യത്തിൽ ഉൾപ്പെടുത്തിയതെന്ന് ആൻ്റണി രാജു ആവർത്തിച്ച, യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകളൊന്നും തള്ളാതെ എല്ലാം ശരിവച്ച് തന്നെയാണ് സർക്കാർ സത്യവാങ്മൂലം. കേസിന് പിന്നിൽ യുഡിഎഫ് ആണെന്ന് മൂന്നു പതിറ്റാണ്ടോളം ആവർത്തിച്ച പ്രതിക്ക്, ഇനി അത്തരം പ്രതിരോധങ്ങൾക്കൊന്നും പഴുത് അവശേഷിക്കുന്നില്ല. പോലീസിന് പറ്റിയ സാങ്കേതിക പിഴവുകളുടെ പേരിൽ കേസിൽ നിന്ന് രക്ഷപെട്ടാലും കുറ്റകൃത്യത്തിലെ പങ്ക് മറച്ചുവയ്ക്കാനാവില്ല എന്ന് കൂടിയാണ് ഇതോടെ വ്യക്തമാകുന്നത്. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ആൻ്റണി രാജു നൽകിയ ഹർജി അനുവദിച്ച് കേസ് റദ്ദാക്കിയ ഹൈക്കോടതിയും പക്ഷെ നീതി നടപ്പാകാൻ വിചാരണ നടത്തി പ്രതികളെ ശിക്ഷിക്കേണ്ടതുണ്ട് എന്ന് തന്നെ വ്യക്തമാക്കിയിരുന്നു. അതിനായി പുതിയ കേസുമായി മുന്നോട്ട് പോകാനും കീഴ്ക്കോടതിയോട് നിർദേശിക്കുകയായിരുന്നു. കേസ് റദ്ദാക്കാൻ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ച പ്രതി ആൻ്റണി രാജുവാകട്ടെ, അപേക്ഷയിൽ ഒരിടത്തും തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തയ്ച്ചു തിരിമറി നടത്തിയ കുറ്റം നിഷേധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. പകരം കുറ്റപത്രം സമർപ്പിച്ചതിലെ സാങ്കേതിക പിഴവ് മാത്രമാണ് ഉന്നയിച്ചിട്ടുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here