‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ’; കേരള സര്‍ക്കാരിന്റെ നേട്ടങ്ങളുമായി അങ്ങ് ബംഗാളില്‍ പത്രപരസ്യം

‘ഉണ്ടില്ലെങ്കിലും കോണകം പുരപ്പുറത്ത് വിരിക്കണം’ എന്ന ചിന്താഗതിക്കാരാണ് കേരളം ഭരിക്കുന്നവര്‍. ക്ഷേമപെന്‍ഷന്‍ കൊടുക്കാനും, അംഗന്‍വാടി – ആശാ വര്‍ക്കര്‍മാര്‍ക്ക് വേതനം കൂട്ടികൊടുക്കാനും ഖജനാവില്‍ കാശില്ലെന്ന് പറയുന്ന ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് ബംഗാളിലെ സിപിഎം മുഖപത്രമായ ഗണശക്തിയില്‍ (Ganashakti) ഫുള്‍ പേജ് പരസ്യം. പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പരസ്യം നല്‍കിയിരിക്കുന്നത്. ദോഷം പറയരുതല്ലോ പരസ്യത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ മുഴുനീള ചിത്രവുമായാണ് വെള്ളിയാഴ്ച ഗണശക്തി പത്രം പുറത്തിറങ്ങിയത്.

മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിന്റെ ഭാഗമായാണ് ബംഗാളിലെ പാര്‍ട്ടി പത്രത്തില്‍ പരസ്യം കൊടുത്തിരിക്കുന്നത്. മൂന്ന് ദശകത്തിലധികം ബംഗാളില്‍ ഭരണത്തിലിരുന്ന സിപിഎം കഴിഞ്ഞ 14 വര്‍ഷമായി അധികാരത്തിന് പുറത്താണ്. അതുകൊണ്ട് തന്നെ പാര്‍ട്ടി പത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ആകെപ്പാടെ സിപിഎമ്മിന് അധികാരമുള്ള ഏക സംസ്ഥാനം കേരളമാണ്.സംസ്ഥാനത്തെ നികുതിദായകരുടെ പണമുപയോഗിച്ചാണ് ബംഗാളിലെ പാര്‍ട്ടി പത്രത്തെ സഹായിക്കുന്നത്. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ച് ബംഗാളില്‍ പരസ്യം കൊടുത്താല്‍ എന്തു നേട്ടമെന്നാരും മിണ്ടുന്നില്ല. ധൂര്‍ത്തിന്റെ ഓരോരോ പുതു മാതൃകള്‍ എന്ന് വിമര്‍ശനമാണ് ഉയരുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നു എന്ന് മന്ത്രിമാര്‍ നിയമസഭയിലടക്കം നിരന്തരം വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇത്തരം ദുരിതകാലത്ത് ഇങ്ങനെ പണം ചിലവഴിച്ച് ബംഗാളില്‍ കേരള സര്‍ക്കാരിന്റെ പ്രചാരണം നടത്തേണ്ടതുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെയടക്കം ഫണ്ട് വിഹിതം പോലും സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ആശാവര്‍ക്കറുമാരുടെ സമരം അമ്പത്തിയേഴ് ദിവസം പിന്നിട്ടിട്ടും ഓണറേറിയം കൂട്ടിക്കൊടുക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരാണ് കോടികള്‍ ചിലവഴിച്ച് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തിന്റെ ചാര്‍ട്ട് ബംഗാളില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്.
സാമ്പത്തിക ഞെരുക്കത്തിനിടയിലും കോടികള്‍ പൊടിച്ച് സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് പതിവാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ പരസ്യ ഹോര്‍ഡിങുകള്‍ക്ക് മാത്രം ചെലവഴിച്ചത് കോടികളാണ്. കെറെയില്‍ മുതല്‍ ക്ഷേമപദ്ധതികള്‍ വരെയുള്ളവയുടെ പരസ്യം ഇക്കൂട്ടത്തിലുണ്ട്. ആറരക്കോടി രൂപയ്ക്കടുത്ത തുകയാണ് ഫ്‌ളക്‌സ് വെക്കാന്‍ വിവിധ എജന്‍സികള്‍ക്കായി നല്‍കിയത്. പരസ്യങ്ങള്‍ക്കായി 2021-22 സാമ്പത്തിക വര്‍ഷം ചെലവഴിച്ചത് 1,16,47,570 രൂപയാണ്. 14 ഓളം സ്വകാര്യ കമ്പനികള്‍ക്കാണ് കരാര്‍ ലഭിച്ചത്. 2022-23 ല്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം പതിപ്പിച്ച ഹോര്‍ഡിങുകള്‍ക്കായി ചെലവഴിച്ചത് 1,16,98,385 രൂപയാണ്. സ്വകാര്യ എജന്‍സികളുടെ എണ്ണം 22 ആയി ഉയര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷം പരസ്യ ചെലവ് 2,56,16,598 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ ഏഴ് മാസങ്ങള്‍ക്കിടെ മാത്രം പരസ്യത്തിനും പ്രചരണ പരിപാടികള്‍ക്കുമായി ചെലവഴിച്ച തുക 1,52,31,670 രൂപയാണെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here