പിണറായിയെയും വധിക്കാൻ പദ്ധതിയിട്ടു; ഇപിയെ വെടിവച്ചിടാൻ സുധാകരൻ നിയോഗിച്ച കില്ലർ സ്ക്വാഡിൻ്റെ ഹിറ്റ്ലിസ്റ്റിൽ മൂന്നുപേർ

“ഞങ്ങൾ ഒന്നുരണ്ട് ദിവസം ഡൽഹി റെയിൽവേ സ്റ്റേഷനിൽ ചെന്ന് റിസർവേഷൻ ചാർട്ട് പ്രകാരം സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങുന്ന സിപിഎം നേതാക്കളുടെ പേര് പരിശോധിച്ചു. അങ്ങനെ പാർട്ടി കോൺഗ്രസ് കഴിഞ്ഞതിന് ശേഷമുള്ള ഒരു ദിവസം റിസർവേഷൻ ചാർട്ടിൽ ഇപി ജയരാജൻ എന്നും വിജയൻ എന്നും മറ്റുമുള്ള പേര് കണ്ടു. ആ ട്രെയിനിൽ വച്ച് വിജയനെയോ ജയരാജനെയോ കൊലപ്പെടുത്താൻ തീരുമാനിച്ചു.”

ഇപി ജയരാജൻ വധശ്രമക്കേസിലെ ഗൂഡാലോചനയുടെ പേരിൽ തിരുവനന്തപുരത്ത് എടുത്ത കേസിലെ മൂന്നാം പ്രതിയായി ചേർക്കപ്പെട്ടിരുന്ന തലശേരിക്കാരൻ ടി.പി.രാജീവൻ്റെ മൊഴിയിലൊരു ഭാഗമാണിത്. 1995 ഏപ്രിൽ 12ന് ആന്ധ്ര പ്രദേശിൽ വച്ച് ട്രെയിനിലുണ്ടായ വെടിവയ്പിൻ്റെ ഗൂഡാലോചന നടന്നത് തിരുവനന്തപുരത്ത് ആണെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ 1997ൽ റജിസ്റ്റർ ചെയ്ത ഈ കേസ് കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ഒരേ സംഭവത്തിൽ രണ്ട് കേസ് നിലനിൽക്കില്ല എന്നായിരുന്നു ഹൈക്കോടതി സ്വീകരിച്ച നിലപാട്. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് സുപ്രധാന മൊഴികൾ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നത്.

ബ്രണ്ണൻ കോളജ് കാലം മുതൽ കെ.സുധാകരനൊപ്പം ഉണ്ടായിരുന്നയാളാണ് ഈ മൊഴി നൽകിയിട്ടുള്ള ടി.പി.രാജീവൻ. സുധാകരനൊപ്പം യാത്ര ചെയ്യുമ്പോൾ ഉണ്ടായ സിപിഎം ആക്രമണത്തിൽ കണ്ണിന് ഗുരുതര പരുക്കേറ്റിരുന്നു. ഇതിന് ശേഷം കടുത്ത ഇടത് വിരോധിയായി മാറിയ രാജീവനാണ് ഈ കേസിലെ പ്രധാന പ്രതികളെ സുധാകരൻ്റെ മുന്നിലെത്തിച്ചത്. സിപിഎം ആക്രമണത്തിൽ അടുപ്പക്കാർ പലരും മരിച്ചുപോയ വിക്രംചാലിൽ ശശിയും പേട്ട ദിനേശനും ഈ ക്വട്ടേഷൻ ഏറ്റെടുക്കുന്നത് അങ്ങനെയാണ്.

സിപിഎമ്മിൻ്റെ പ്രധാനപ്പെട്ട ഏതെങ്കിലും നേതാക്കളെ കൊലപ്പെടുത്തി കണ്ണൂരിലെ അക്രമരാഷ്ട്രിയത്തിന് അറുതി വരുത്തുകയായിരുന്നു ഉദ്ദേശ്യമെന്നാണ് മൊഴിയിൽ പറയുന്നത്. അത് കേരളത്തിന് പുറത്തുവച്ചാകണമെന്ന് ധാരണയായത് കെ.സുധാകരനെ കണ്ടശേഷമാണ്. ചണ്ഡീഗഢിൽ പാർട്ടി കോൺഗ്രസ് കഴിഞ്ഞു വരുമ്പോൾ ട്രെയിനിൽ വച്ചാകാമെന്നും പിന്നീട് തീരുമാനിച്ചു. അതനുസരിച്ച് നേതാക്കൾ യാത്ര ചെയ്യുന്ന ട്രെയിൻ കണ്ടുപിടിച്ച് അതിൽ പിന്തുടരാൻ ഒരുങ്ങുന്നതാണ് തുടക്കത്തിൽ പരാമർശിച്ച മൊഴിയിൽ രാജീവൻ വിശദീകരിച്ചിരിക്കുന്നത്.

പലവട്ടം നടന്ന ഗൂഡാലോചനകളിലെല്ലാം പിണറായി വിജയൻ്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു. ലക്ഷ്യമിടേണ്ടത് പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇപി ജയരാജൻ എന്നിവരിൽ ഒരാളെ ആകണമെന്നും ഇതിൽ പിണറായിക്കാകണം മുൻതൂക്കമെന്നും പറഞ്ഞിരുന്നതായി ആണ് രാജീവൻ പറയുന്നത്. ഇവർ മൂവരും ട്രെയിനിൽ ഉണ്ടായിരുന്നു താനും. എന്നാൽ പ്രതികൾ കാത്തുനിൽക്കുമ്പോൾ സീറ്റിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നത് ഇപി ആയിരുന്നു. പിന്നെ ഊഴം കാക്കേണ്ടെന്ന് തീരുമാനിച്ച് വെടിയുതിർക്കുകയായിരുന്നു.

ശേഷം ട്രെയിനിൽ നിന്ന് ചാടി, പിന്നീട് മറ്റൊരു ട്രെയിനിൽ കയറി നാട്ടിലേക്ക് പുറപ്പെട്ട വിക്രംചാലിൽ ശശിയെ മദ്രാസ് സെൻട്രൽ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. ഉടനടി സാക്ഷികളുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തിയ മൊഴിയിൽ കെ.സുധാകരൻ്റെയും എം.വി.രാഘവൻ്റെയും പങ്ക് കൃത്യമായി പറഞ്ഞിട്ടുള്ളത് മാധ്യമ സിൻഡിക്കറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പലപ്പോഴായി നാലു തോക്കുകളും സംഘടിപ്പിച്ചു നൽകിയ കെ.സുധാകരൻ, ഇരുവർക്കും 10,000 രൂപ വീതം നൽകുകയും ചെയ്തു. പാർട്ടി കോൺഗ്രസ് തീരുന്നതിന് കൃത്യം ഒരാഴ്ച മുൻപ് തലശേരിയിൽ നിന്ന് ട്രെയിനിൽ ഇരുവരെയും ഡൽഹിക്ക് അയച്ച് അവിടെ താമസസൌകര്യവും ഒരുക്കിനൽകി.

Also Read: ‘ഇപിയെ വെടിവയ്ക്കാൻ തോക്ക് നൽകിയത് സുധാകരൻ’; കേസ് സുപ്രീം കോടതിയിലേക്ക് എത്തുമ്പോൾ നിർണായക മൊഴികൾ പുറത്ത്

പ്രതികളിൽ നിന്ന് നാലുതോക്കുകൾ ആന്ധ്ര പോലീസ് പിടികൂടിയിരുന്നു. ഇവയെല്ലാം കെ.സുധാകരൻ നൽകിയതാണെന്ന് ഇരുവരും മൊഴി നൽകിയിരുന്നു. തിരുവനന്തപുരത്ത് ഇവർ താമസിച്ച ശ്രീദേവി ടൂറിസ്റ്റ് ഹോമിൽ നിന്നും കെ.സുധാകരൻ താമസിച്ചിരുന്ന തൈക്കാട് സർക്കാർ ഗസ്റ്റ് ഹൌസിൽ നിന്നുമുള്ള റജിസ്റ്ററുകൾ കേസിൽ തെളിവായി പോലീസ് ശേഖരിച്ചിരുന്നു. കൂടാതെ ശ്രീദേവി ടൂറിസ്റ്റ് ഹോമിൽ താമസിച്ചുകൊണ്ട് തൈക്കാട് ഗസ്റ്റ് ഹൌസിലേക്ക് ഇവർ വിളിച്ചതും തിരിച്ച് വിളിച്ചതുമായുള്ള ഫോൺകോളുകളുടെ പട്ടികയും കുറ്റപത്രത്തിനൊപ്പം ഉണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top