എഡിജിപിയുടെ ആർഎസ്എസ് കൂടിക്കാഴ്ചയിൽ നിലപാട് മാറ്റി പിണറായി; അജിത് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് ഉന്നത നേതാക്കള കണ്ടതിൽ അന്വേഷണത്തിന് ഉത്തരവ്. ആരോപണം ഉന്നയിച്ച് 21 ദിവസങ്ങൾക്ക് ശേഷമാണ് ഡിജിപിക്ക് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. എഡിജിപിക്കൊപ്പം ആർഎസ്എസ് ഉന്നതരെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. അജിത് കുമാറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജയകുമാറിന് ഇതിനായി നോട്ടീസ് നൽകി.

അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണം പൂർത്തിയായ ശേഷം കാര്യങ്ങൾ തീരുമാനിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതിനാണ് മാറ്റം വന്നിരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി അദ്ദേഹത്തിൻ്റെ നിർദേശപ്രകാരമാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിനൊപ്പം ഘടകകക്ഷികളും അതിശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ആര്‍എസ്എസ് എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് സിപിഐ, എന്‍സിപി, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച രാഷ്ട്രീയ വിഷയമാണെന്നും എഡിജിപിയെ ഉടൻ തന്നെ ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റി നിർത്തണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു . എന്നാൽ അന്വേഷണം കഴിയുന്നതുവരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചു നിൽക്കുകയായിരുന്നു.

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബെലെയും മറ്റൊരു ദേശിയ നേതാവായ റാം മാധവിനെയും എഡിജിപി കണ്ടത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 2023 മെയ് രണ്ടിന് തൃശൂരിലാണ് ഹൊസബലെയുമായി കൂടിക്കാഴ്ച നടത്തിയത്. പാറമേക്കാവ് വിദ്യാമന്ദിരത്തിൽ നടന്ന ആർഎസ്എസ് ക്യാമ്പിനിടയിൽ ഹയാത്ത് ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ അജിത് കുമാർ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു. സ്വകാര്യ സന്ദർശനം എന്നായിരുന്നു അവകാശവാദം. ഇതിനു പിന്നാലെ. ആര്‍എസ്എസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയ ആർഎസ്എസ് നേതാവ് റാം മാധവുമായി കോവളത്തെ ഹോട്ടലിൽവച്ച് കൂടിക്കാഴ്‌ച നടത്തിയ വിവരവും പുറത്തുവന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top