ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് നടത്താന്‍ പിണറായി സര്‍ക്കാര്‍ ചിലവിട്ടത് കോടികള്‍; എന്നിട്ടും തോറ്റു

സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് നടത്താന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവഴിച്ചത് കോടികള്‍. ഡല്‍ഹിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ എത്തിച്ചത്. വക്കീല്‍ ഫീസും മറ്റ് ചിലവുകളും ഉള്‍പ്പെടെ 1.23 കോടിയോളം രൂപയാണ് ഇതിനായി ചിലവഴിച്ചത്.

പ്രതിയായ സ്ത്രീയുടെ കത്തും അതിലെ പരാമര്‍ശങ്ങളും സോളാര്‍ വിവാദങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. ഈ കേസില്‍ ഹാജരാകാനാണ് ഡല്‍ഹിയില്‍ നിന്നും കോടികള്‍ മുടക്കി അഭിഭാഷകനെ എത്തിച്ചത്. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാറാണ് സര്‍ക്കാരിനായി ഹാജരായത്. നാല് തവണ ഡല്‍ഹിയില്‍ നിന്നും പറന്നെത്തി രഞ്ജിത് കുമാര്‍ സര്‍ക്കാരിനായി ഹാജരായി. ഇതിനുള്ള ഫീസായി 1.20 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഹോട്ടല്‍ താമസത്തിനും വിമാന കൂലിയുമായി 2.13 ലക്ഷം വേറെയും നല്‍കി.

നിയമമന്ത്രി പി രാജീവ് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി കേസ് നടത്തിയെങ്കിലും സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. പരാമര്‍ശങ്ങള്‍ നീക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുക ആയിരുന്നു.

2016ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ സോളാര്‍കേസ് സിബിഐക്ക് വിട്ടിരുന്നു. ഏഴുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ സിബിഐ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top