കര്‍ഷകരോട് സര്‍ക്കാര്‍ കാട്ടുന്നത് ക്രൂരമായ അവഗണന; സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് വി.ഡി.സതീശന്‍
തിരുവനന്തപുരം: കര്‍ഷകരോട് സര്‍ക്കാര്‍ കാട്ടുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് ആത്മഹത്യ ചെയ്ത പ്രസാദെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ നിയമസഭയ്ക്കുള്ളില്‍ പുറത്തും പ്രതിപക്ഷം ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയതാണ്-സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കിയില്ല. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ബാങ്കുകള്‍ മുന്‍കൂറായി കര്‍ഷകര്‍ക്ക് നല്‍കുന്ന പണം വായ്പയായാണ് രേഖപ്പെടുത്തുന്നത്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം നല്‍കാത്തതിനാല്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതായി രേഖപ്പെടുത്തുകയും കര്‍ഷകനെ സിബില്‍ റേറ്റിങില്‍ ഉള്‍പ്പെടുകയും ചെയ്യും. സിബില്‍ സ്‌കോര്‍ കുറയുന്നതിനാല്‍ ഒരു ബാങ്കില്‍ നിന്നും വായ്പ കിട്ടാത്ത ഗുരുതരമായ അവസ്ഥയിലേക്കാണ് സര്‍ക്കാര്‍ കര്‍ഷകരെ എത്തിച്ചിരിക്കുകയാണ്. ആത്മഹത്യാ കുറിപ്പിലും പ്രസാദ് സര്‍ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സമീപനം ഇതാണെങ്കില്‍ ഇനിയും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നത്-സതീശന്‍ പറയുന്നു.
അതിരൂക്ഷമായാണ് സതീശന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. കേരളീയം പോലെ നവകേരള സദസുമായി സര്‍ക്കാര്‍ വരികയാണ്. നവകേരള സദസ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചരണ പരിപാടിയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക് പോകുമെന്നാണ് പറയുന്നത്. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. പക്ഷെ അത് സര്‍ക്കാര്‍ ചെലവില്‍ വേണ്ട. തെരഞ്ഞെടുപ്പ് പ്രചരണം സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും ചെലവിലാണ് നടത്തേണ്ടത്. എല്ലാ തദ്ദേശസ്ഥാപനങ്ങളോടും സഹകരണബാങ്കുകളോടും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നൂറു കണക്കിന് കോടി രൂപയാണ് സര്‍ക്കാര്‍ നവകേരള സദസിന്റെ പേരില്‍ സാധാരണക്കാരുടെ നികുതിയില്‍ നിന്നും തട്ടിയെടുക്കുന്നത്.
സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഹൈക്കോടതിയില്‍ സമ്മതിച്ചെങ്കിലും അത് അംഗീകരിക്കാന്‍ മുഖ്യമന്ത്രിക്ക് മടിയാണ്. കേരളം ഇതുവരെ കാണാത്ത ഭയാനകമായ ധനപ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കടത്തിലേക്കാണ് കേരളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ആറ് മാസമായി കൊടുക്കാത്തത് കൊണ്ടാണ് 80 വയസുള്ള വയോധികമാര്‍ക്ക് അടിമാലിയില്‍ പിച്ചയെടുക്കേണ്ടി വന്നത്. ഇപ്പോള്‍ സി.പി.എം സൈബര്‍ സെല്ലുകള്‍ ആക്രമിക്കുന്നത് 80 വയസു കഴിഞ്ഞ ഈ പാവം സ്ത്രീകളെയാണ്. ആ അമ്മമാരുടെ വീട് ആക്രമിച്ചെന്ന പരാതി അന്വേഷിക്കണം.
ഒരു ലക്ഷം പേരാണ് പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിക കിട്ടാതെ മരിച്ചു പോയത്. കേന്ദ്രത്തില്‍ നിന്ന് പണം കിട്ടാത്തത് കൊണ്ടാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേന്ദ്രത്തില്‍ നിന്നും പണം കിട്ടാത്തത് കൊണ്ട് മാത്രമല്ല സംസ്ഥാനത്ത് ധനപ്രതിസന്ധിയുണ്ടായത്. അഞ്ച് വര്‍ഷമായി ജി.എസ്.ടി കോമ്പന്‍സേഷന്‍ കിട്ടുന്നില്ലെന്ന് പറയുന്ന സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. വാറ്റും ജി.എസ്.ടിയും വന്നപ്പോള്‍ അഞ്ച് വര്‍ഷത്തേക്ക് മാത്രമെ കോമ്പന്‍സേഷന്‍ ഉണ്ടായിരുന്നുള്ളൂ. 2022 ജൂണില്‍ ജി.എസ്.ടി കോമ്പന്‍സേഷന്‍ കാലാവധി അവസാനിച്ചു. കേരളമായിരുന്നു ജി.എസ്.ടിയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കേണ്ട സംസ്ഥാനം. എന്നാല്‍ ജി.എസി.ടിക്ക് അനുരോധമായി നികുതി ഭരണസംവിധാനം പുനസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ജി.എസ്.ടി വകുപ്പില്‍ നൂറു കണക്കിന് ജീവനക്കാര്‍ ഇപ്പോഴും വെറുതെയിരിക്കുകയാണ്. നികുതി പിരിക്കേണ്ട ഇന്റലിജന്‍സ് അഡീ. കമ്മിഷണറെക്കൊണ്ട് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും കേരളീയത്തിന് പണം പിരിപ്പിച്ചു. നികുതി വെട്ടിപ്പുകാരെ പിടിക്കേണ്ട ഇന്റലിജന്‍സ് അഡീ. കമ്മിഷണര്‍ അവരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേരളീയത്തിന് പണം ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. നിയമവിരുദ്ധമായ പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
ധനപ്രതിസന്ധിക്ക് കാരണം നികുതി പിരിക്കാത്തതാണ്. രാജ്ഭവനില്‍ പോലും ഭക്ഷണം വാങ്ങാന്‍ പണമില്ല. ഓഫീസുകളില്‍ സ്റ്റാമ്പ് വാങ്ങാന്‍ പണമില്ല. പഞ്ചായത്തുകള്‍ക്കുള്ള മെയിന്റനന്‍സ് ഗ്രാന്റ് നല്‍കാതെയാണ് അവരില്‍ നിന്നും പണം വാങ്ങുന്നത്. ഒരു മര്യാദയും ഇല്ലാതെയാണ് ഉദ്യോഗസ്ഥരെക്കൊണ്ട് പണപ്പിരിവ് നടത്തിക്കുകയാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണപ്പിരിവ് നടത്തി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന കേരളത്തിലെ ആദ്യ സര്‍ക്കാര്‍ എന്ന ഖ്യാതി പിണറായി സര്‍ക്കാരിനാണ്-സതീശന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here