മുഖ്യമന്ത്രി ക്രിമിനല്‍; നികൃഷ്ട മനസുള്ള പിണറായി രാജിവയ്ക്കണം, വി.ഡി.സതീശന്‍

ആലുവ : കരിങ്കൊടി കാട്ടിയതിന് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം-ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിമിനലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നികൃഷ്ട മനസുള്ളവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിയുകയുള്ളൂ. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് പോലീസ് എ.എഫ്.ഐ.ആറില്‍ പറയുന്നത്. ഇതിനെയാണ് ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇത്തരം അക്രമങ്ങള്‍ തുടരണമെന്ന ആഹ്വാനവും മുഖ്യമന്ത്രി തുടര്‍ച്ചയായി നടത്തുകയാണ്. ക്രിമിനലുകളെ തോല്‍പ്പിക്കുന്ന ക്രൂരമനസാണ് മുഖ്യമന്ത്രിക്ക്. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയുടെ തലയ്ക്ക് പിടിച്ചിരിക്കുകയാണ്. ആയിരം പൊലീസുകാരുടെ നടുവില്‍ 42 വാഹനങ്ങളുടെ അകമ്പടിയില്‍ എന്നും നടക്കാമെന്നാണ് പിണറായി കരുതുന്നത്. കേരളത്തില്‍ രാജഭരണമല്ല നടക്കുന്നത്. പിണറായി വിജയന് ഒരു നിമിഷം പോലും മുഖ്യമന്ത്രി പദത്തില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്നും സതീശന്‍ പറഞ്ഞു.

നവകേരള സദസ് എന്ന അശ്ലീല നാടകം കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ബസില്‍ മുഖ്യമന്ത്രിയുടെ ഒപ്പം ഇരിക്കാം എന്നല്ലാതെ മന്ത്രിമാര്‍ക്ക് ഒരു പണിയും ഇല്ല. ബ്രേക്ക് ഫാസ്റ്റിന് പോലും പല മന്ത്രിമാരെയും വിളിക്കുന്നില്ലെന്നും സതീശന്‍ ആരോപിച്ചു.

Logo
X
Top