താൻ അത്തരക്കാരനല്ലെന്ന് എല്ലാവർക്കും അറിയാം; ഹിന്ദു പത്രത്തോട് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

ഹിന്ദു പത്രത്തിൽ വന്ന മലപ്പുറം ജില്ലയെപ്പറ്റിയുള്ള വിവാദ പരാമർശങ്ങൾ താൻ പറഞ്ഞതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ അഭിമുഖം നൽകിയതിൽ വീഴ്ച പറ്റിയതായി പത്രം തന്റെ ഓഫീസിനെ അറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി നിർമിച്ച എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏതെങ്കിലുമൊരു മതവിഭാഗത്തെ പ്രത്യേകമായി പഴിചാരുന്ന നിലപാട് തൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രത്യേക പ്രദേശത്തിനോ വിഭാഗത്തിനോ എതിരായി താൻ പ്രസ്താവനകൾ നടത്താറില്ലെന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ എന്നാണ് പിണറായി പറഞ്ഞു.


സ്വർണം കടത്തുന്നതും ഹവാല കൊണ്ടുപോകുന്നതും രാജ്യസ്നേഹപരമായ നടപടിയല്ല. അതിനേ നേരെ കണ്ണടയ്ക്കണമെന്ന് ആർക്കെങ്കിലും പറയാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെയുള്ള നടപടികൾ കൂടുതൽ ശക്തമായി തുടരും. പ്രത്യേകമായ ഉദ്ദേശത്തോടെ നാടിൻ്റെ സംവിധാനങ്ങളെ തകിടം മറിക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശ്രദ്ധിച്ചാൽ ആർക്ക് വേണ്ടിയാണ്, പിന്നിൽ ആരാണ്, എന്തിനാണ് എന്നൊക്കെ മനസിലാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കരിപ്പൂർ വിമാനത്താളം വഴി നടക്കുന്ന സ്വർണക്കടത്തിന് എതിരെ പറയുന്നത് മലപ്പുറത്തിന് എതിരെയല്ല. സ്വർണക്കടത്തും ഹവാല ഇടപാടും ഏറ്റവും കൂടുതൽ നടക്കുന്നത് മലപ്പുറത്താണെന്ന് പറഞ്ഞാൽ അത് ജില്ലക്കെതിരെയുള്ള പരാമർശമാവില്ല. 2020 മുതലുള്ള സ്വർണക്കടത്ത് കണക്ക് പരിശോധിച്ചാൽ ഇതുവരെ ആകെ പിടിക്കപ്പെട്ടത് 147.79 കിലോഗ്രാം സ്വർണമാണ്. ഇതിൽ 124.47 കിലോഗ്രാം കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടാണ്. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ കണക്കിൽ ഉൾപ്പെടും. 122 കോടിയുടെ ഹവാലപ്പണമാണ് കേരളത്തിൽ നിന്നും മൊത്തം പിടികൂടിയത്. ഇതിൽ 87 കോടി രൂപ മലപ്പുറം ജില്ലയിൽ നിന്നാണ് പിടികൂടിയത്. ഇതെല്ലാം കണക്കുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ഡല്‍ഹിയിലെ സംഘപരിവാര്‍ ഏമാൻമാരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് പരാമര്‍ശം പിആര്‍ ഏജന്‍സിയായ കെയ്സന്‍ കത്ത് നല്‍കിയ പ്രകാരം കൂട്ടിച്ചേർത്തതാണ് എന്നാണ് ഹിന്ദു പത്രത്തിൻ്റെ വിശദീകരണം. അത് ഉൾപ്പെടുത്തിയത് മാധ്യമ ധാർമികതയ്ക്ക് നിരക്കുന്നതല്ല. അഭിമുഖത്തിൽ പറയാത്ത കാര്യം ഉൾപ്പെടുത്തിയതിൽ ഖേദിക്കുന്നുവെന്നും പത്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ നിന്ന് നിന്ന് വിവാദ പരാമർശങ്ങൾ പിൻവലിക്കുകയാണെന്നും ഹിന്ദു വ്യക്തമാക്കി.

മുസ്ലിം തീവ്രവാദ സംഘങ്ങൾ‌ക്കെതിരെ നടപടിയെടുക്കുമ്പോഴാണ് സർക്കാരിനെതിരെ മുസ്ലിം വിരുദ്ധ പ്രചരണം വരുന്നതെന്നായിരുന്നു മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞത്.കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 150 കിലോ കോടിയുടെ സ്വർണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറത്ത് നിന്ന് മാത്രം പോലീസ് പിടികൂടി. ഇത്തരത്തിൽ കടത്തുന്ന സ്വർണവും ഹവാലയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നുമാണ് അഭിമുഖത്തിൽ ഉണ്ടായിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top