‘പാപിയുടെ കൂടെ ശിവന്‍കൂടിയാല്‍ ശിവനും പാപിയായിടും’; ഇപി ജാഗ്രത കാട്ടിയില്ല; വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; വിമര്‍ശിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍ : ദല്ലാള്‍ നന്ദകുമാറുമായുളള ഇപി ജയരാജന്റെ ബന്ധത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലരുമായി കൂട്ടുകൂടുന്ന കാര്യങ്ങളില്‍ ജയരാജന്‍ ജാഗ്രത കാണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉറക്കപ്പായയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഇന്ന് ആരെയാണ് വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്ന ആളുകളുണ്ട്. ഇവരുമായി സൗഹൃദം അപകടമാണെന്ന് ജയരാജന്‍ മനസിലാക്കണമായിരുന്നു. ‘ പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും’ എന്നത് എപ്പോഴും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

എന്നാല്‍ ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്ന് വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായേ ഇതിനെ കാണുകയുള്ളൂ. പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ജയരാജന്റെ രാഷ്ട്രീയ ജീവിതം വലിയ പരീക്ഷണങ്ങളിലൂടെ കടന്നുവന്നതാണ്. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ സിപിഎമ്മിനെയും എല്‍ഡിഎഫിനെയും ഉന്നയിച്ചുള്ളതാണ്. അത്തരം ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് ജനങ്ങള്‍ മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകാശ് ജാവദേക്കറെ കാണുന്നതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു. താന്‍ പല തവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അത്തരത്തില്‍ ആളുകളെ കാണുന്നത് തെറ്റാണെന്ന് തോന്നുന്നില്ല. തനിക്കെതിരെ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു വൃത്തം ചുറ്റുമുണ്ട്. അവര്‍ക്ക് ഫണ്ടിങ്ങുണ്ട്. ഒരു കൂട്ടം മാധ്യമ പിന്തുണയുണ്ട്. അവരൊക്കെ ശ്രമിച്ചിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇടത് മുന്നണി ചരിത്ര വിജയം നേടും. എല്ലായിടത്തും വലിയ സ്വീകാര്യതയാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ബിജെപി ഇവിടെ അക്കൗണ്ട് തുറക്കില്ല. കേരള വിരുദ്ധ സമീപനം സ്വീകരിച്ച് ബിജെപിയേയും യുഡിഎഫിനേയും ജനം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top