നികൃഷ്ടജീവിക്ക് ശേഷം വിവരദോഷി; ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പുരോഹിതര്‍ക്കിടയിലെ വിവരദോഷിയെന്ന് മുഖ്യമന്ത്രി; വിമര്‍ശനത്തിന് പിണറായിയുടെ കടുത്ത മറുപടി

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ച യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടെന്നായിരുന്നു കൂറിലോസിന്റെ പേര് പറയാതെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം. പ്രളയമാണ് ഇടത് സര്‍ക്കാരിന് ഭരണ തുടര്‍ച്ച നല്‍കിയതെന്നാണ് ഒരു പുരോഹിതന്‍ പറയുന്നത്. ഇനിയൊരു പ്രളയമുണ്ടാകും എന്ന് ധരിക്കേണ്ടെന്നും പുരോഹിതന്‍ പറഞ്ഞു. ആരും ഒരു പ്രളയം ആഗ്രഹിക്കുന്നില്ല. ഉണ്ടായതിനെ അതിജീവിക്കാന്‍ ഒറ്റക്കെട്ടായി നിന്ന നാടാണ്. എന്നിട്ടാണ് പുരോഹിതന്‍ ഇങ്ങനെ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്ന് ഇനിയും പാഠം പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയാകുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചത്. ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. സിപിഎം എത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും അത് ഒരു യാഥാര്‍ത്ഥ്യമാണ്. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂര്‍ത്ത്, വളരെ മോശമായ പൊലിസ് നയങ്ങള്‍, മാധ്യമ വേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, വലതു വല്‍ക്കരണ നയങ്ങള്‍, തുടങ്ങിയ നിരവധി കാരണങ്ങള്‍ ഈ തോല്‍വിക്ക് പിന്നിലുണ്ട്. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല. ‘കിറ്റ് രാഷ്ട്രീയത്തില്‍’ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്‌റഅരില്‍ പരിഹസിച്ചിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

ഇത് ആദ്യമായല്ല ഒരു ക്രൈസ്തവ പുരോഹിതനെതിരെ രൂക്ഷമായ പരാമര്‍ശം പിണറായിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. താമരശേരി രൂപതാ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിക്കെതിരായ നികൃഷ്ട ജീവി പരാമര്‍ശം വലിയ വിവാദമായിരുന്നു. സിപിഎം എംഎല്‍എ ആയിരുന്ന മത്തായി ചാക്കോ സ്വബോധത്തോടെ അന്ത്യ കൂദാശ സ്വീകരിച്ചുവെന്ന പോള്‍ ചിറ്റിലപ്പിള്ളിയുടെ പ്രസ്താവനയാണ് 2013ല്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ പ്രകോപിപ്പിച്ചത്. കള്ളം പറയില്ല എന്ന് നമ്മള്‍ വിശ്വസിക്കുന്ന ഒരു മഹാന്‍ യുഡിഎഫിന് വേണ്ടി പ്രചാരവേല നടത്തുകയാണ് ഇങ്ങനെയുള്ളവരെ നികൃഷ്ടജീവി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് എന്നാണ് ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെ ഉദ്ദേശിച്ചുകൊണ്ട് പിണറായി വിജയന്‍ മത്തായി ചാക്കോ അനുസ്മരണ പരിപാടിയില്‍ തിരുവമ്പാടിയില്‍ പ്രസംഗിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top