പ്രധാനമന്ത്രി മുസ്ലിംങ്ങളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുന്നു; ജനങ്ങളില്‍ മുസ്ലിം വിരോധം വളര്‍ത്താന്‍ ശ്രമിക്കുന്നു; ഇത് തികച്ചും രാജ്യവിരുദ്ധം; വിമര്‍ശനവുമായി മുഖ്യമന്ത്രി

കണ്ണൂര്‍ : അപകടം മണക്കുമ്പോള്‍ കൂടുതലായി വര്‍ഗീയത പടര്‍ത്താനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണ് പ്രധാനമന്ത്രിയുടെ മുസ്ലിം വിരുദ്ധ പ്രസംഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ജനങ്ങളെ ഒന്നിച്ച് നയിക്കാന്‍ ബാധ്യതപ്പെട്ട പ്രധാനമന്ത്രി ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുകയാണ് ചെയ്തത്. മുസ്ലിംമിനെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയും സങ്കല്പ കഥകള്‍ കെട്ടിച്ചമച്ച് ജനങ്ങളില്‍ മുസ്ലിം വിരോധം വളര്‍ത്തുന്നതിനുള്ള വര്‍ഗീയ പ്രചാരണമാണ് മോദി നടത്തിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മുസ്ലിം വിഭാഗത്തെ നുഴഞ്ഞുകയറ്റക്കാര്‍ ആയിട്ടാണ് വിശേഷിപ്പിച്ചത്. നമ്മുടെ രാജ്യത്തിന്റെ സന്തതികളെ എങ്ങനെയാണ് നുഴഞ്ഞുകയറ്റക്കാരായി വിശേഷിപ്പിക്കാന്‍ സാധിക്കുന്നതെന്ന് മനസിലാകുന്നില്ല. അത് തീര്‍ത്തും രാജ്യവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇന്നലെ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്തിന്റെ സ്വത്തുക്കള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മസ്ലീംങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. നുഴഞ്ഞു കയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കും എല്ലാം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമം. രാജസ്ഥാനില്‍ നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് ആദ്യം മുസ്ലിംകള്‍ക്ക് എന്ന നിലപാടാണ് സ്വീകരിച്ചത്. അതിനര്‍ത്ഥം അവര്‍ക്ക് അധികാരം ലഭിച്ചാല്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് രാജ്യത്തിന്റെ സമ്പത്തെല്ലാം വിതരണം ചെയ്യുക എന്നാണ്. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തെല്ലാം അങ്ങനെ നല്‍കണോയെന്ന് ചിന്തിക്കണം. അമ്മമാരുടേയും പെണ്‍മക്കളുടേയും പക്കലുള്ള സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കുമെന്നും ആ പണം വിതരണം ചെയ്യുമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പറയുന്നത്. ഇത് നടപ്പായാല്‍ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടേയും താലിമാല പോലും ബാക്കിയുണ്ടാകില്ലെന്നും മോദി പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top