ഗോൾവാൾക്കറെ കുമ്പിട്ട് വണങ്ങിയതാരാ സതീശന് മുഖ്യമന്ത്രിയുടെ മറുപടി; ആർഎസ്എസ് ശാഖക്ക് കാവൽ നിന്നതും ചൂണ്ടിക്കാട്ടി തിരിച്ചടി
ആർഎസ്എസ് ഉന്നത നേതാക്കളുമായി എഡിജിപി എംആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയിൽ വിവാദം പുകയുമ്പോൾ കോൺഗ്രസ്- സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്‌എസുമായി എല്ലാ കാലത്തും ബന്ധം പുലർത്തിയത് കോൺഗ്രസുകാരാണ് എന്നാണ് പിണറായിയുടെ പ്രതികരണം. എഡിജിപി വിഷയത്തിൽ രൂക്ഷ വിമർശനം നടത്തിയ പ്രതിപക്ഷ നേതാവിനെ അടക്കം ഉന്നം വച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആർഎസ്എസ് ആചാര്യന്‍ ഗുരുജി ഗോൾവാൾക്കറിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചടി. സിപിഎം കോവളം ഏരിയ കമ്മറ്റി ഓഫീസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസ് പരിപാടിയിൽ ഗോൾവാൾക്കറിന്റെ ചിത്രത്തിന് മുന്നിൽ വിളക്കു കൊളുത്തി വണങ്ങി കുമ്പിട്ട ചിത്രം ആരുടേതായിരുന്നു എന്ന ഒളിയമ്പാണ് വിഡി സതീശനെതിരെ മുഖ്യമന്ത്രി ഇന്ന് തൊടുത്തത്. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ്. ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ല. സുധാകരന്‍ കാവല്‍ നിന്നത് മറന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കോൺഗ്രസ് ആർഎസ്എസുമായി എല്ലാക്കാലത്തും സൗഹൃദം പുലർത്തിയപ്പോൾ സിപിഎം അതിനെ പ്രതിരോധിക്കുക ആയിരുന്നു. കോൺഗ്രസിന് കട്ടപിടിച്ച സംഘപരിവാർ മനസണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തലശേരി കലാപകാലത്ത് കമ്മ്യൂണിസ്റ്റുകാർ ന്യൂനപക്ഷ ആരാധനാലയങ്ങൾ തകർക്കാൻ വരുന്ന സംഘപരിവാരുകാരെ നേരിടുന്നതിന് വേണ്ടി കാവൽ നിന്നിട്ടുണ്ട്. അവരിൽ നിന്ന് ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
തലശേരി കലാപത്തിൽ പലർക്കും വീടുകള്‍ നഷ്ടമായി. ആഭരണങ്ങള്‍, പണം എന്നിവ നഷ്ടപ്പെട്ടവരുമുണ്ട്. എന്നാല്‍ ജീവൻ നഷ്ടപ്പെട്ടത് സിപിഎമ്മിന് മാത്രമായിരുന്നു. യുകെ കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് ആർഎസ്എസുകാരെ തടയാൻ നിന്നതിന്റെ ഭാഗമായിട്ടാണ്. അന്ന് കോൺഗ്രസ് ചെയ്തത് ആർഎസ്എസ് ശാഖകള്‍ക്ക് സംരക്ഷണം ഒരുക്കലായിരുന്നു. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിൽക്കുന്ന ആർഎസ്എസുകാരനെ മനസിലാക്കാം. എന്നാൽ അത് ചെയ്തത് കോൺഗ്രസ് നേതാവാണല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here