പിണറായി ഡോക്യുമെന്ററി പിന്‍വലിച്ച സംവിധായകനെ വിടാതെ സിഐടിയു; വിശ്വസ്തനാകാൻ ഒരു നേതാവിന്റെ നീക്കമെന്ന് കെ.ആർ.സുഭാഷ്
പിണറായി വിജയനെക്കുറിച്ച് താൻ തന്നെയെടുത്ത ഡോക്യുമെൻ്ററി പിന്‍വലിച്ച സംവിധായകന്‍ കെ.ആര്‍.സുസുഭാഷിനെ സിഐടിയു ബന്ധമുള്ള സംഘടനയിൽ നിന്നൊഴിവാക്കി പ്രതികാരം. സിഐടിയു അനുകൂല ഡോക്യുമെന്ററി സംവിധായകരുടെ സംഘടനയായ ‘ഡോക്യുഷോട്ടി’ൽ നിന്നാണ് സുഭാഷിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഡോക്യുമെന്ററി പിന്‍വലിച്ചതിന് പിന്നാലെ, തന്നെ സംഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന് വൈസ് പ്രസിഡന്റ് കൂടിയായ സുഭാഷ് സ്വയം ആവശ്യപ്പെട്ടിരുന്നു. അന്ന് നടപടിയെടുക്കാതെയാണ് ഇപ്പോൾ യോഗം ചേര്‍ന്ന് പുറത്താക്കിയത്. സുഭാഷിനെ അറിയിക്കാതെയാണ് യോഗം ചേർന്നത്. വൈരാഗ്യബുദ്ധിയോടെ തന്നെ അപമാനിക്കാനുള്ള ശ്രമമാണിതെന്ന് സുഭാഷ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
ഡോക്യുമെന്ററി പിന്‍വലിച്ചതിന് പിന്നാലെ തന്നെ സുഭാഷിനെതിരെ ഇത്തരം ആക്രമണങ്ങള്‍ക്ക് സിപിഎമ്മും അണികളും ശ്രമം തുടങ്ങിയിരുന്നു. ഡോക്യുഷോട്ട് എന്ന സംഘടനയെ സിഐടിയുവുമായി സഹകരിപ്പിക്കാൻ മുന്‍കൈയെടുത്തത് സുഭാഷാണ്. അതേ സുഭാഷിനെയാണ് സിഐടിയു ഇടപെട്ട് പുറത്താക്കിയത്. തൃശൂരിൽ നിന്നുള്ള സിഐടിയു സംസ്ഥാന ഭാരവാഹിയായ നേതാവാണ് ഈ നീക്കത്തിന് പിന്നിലെന്ന് സുഭാഷ് ആരോപിച്ചു. കലാകാരനെതിരെ ഇത്തരം നടപടികള്‍ ശരിയല്ലെന്ന് അഭിപ്രായം പറഞ്ഞ പ്രധാന നേതാക്കളെയെല്ലാം തള്ളിയാണ് ഈ നീക്കം നടത്തിയത്. പിണറായി വിജയന്റെ ഗുഡ്ബുക്കില്‍ ഇടംപിടിക്കാനാണ് ശ്രമമെന്നും വിനീത വിധേയരുടെ ഇത്തരം നടപടികളെ തമാശയായി മാത്രമേ കാണുന്നുള്ളൂ എന്നും സുഭാഷ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പുതുതലമുറയിലെ കുട്ടി സഖാക്കളുടെ ഭീഷണികളും നിരന്തരം ഉണ്ടാകുന്നുണ്ട്. അതൊന്നും കണക്കാക്കുന്നില്ലെന്നും സുഭാഷ് പറയുന്നു.
സിപിഎം അംഗത്വം പുതുക്കാതെ സ്വയം പുറത്തായ ശേഷമാണ് താൻ ഡോക്യുമെന്ററി പിന്‍വലിച്ചത്. ആ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. പിണറായി വിജയന് കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ നഷ്ടമായിട്ടുണ്ട്. അതിലാണ് തിരുത്തല്‍ വേണ്ടത്. ഒപ്പം ഇങ്ങനെ വിനീത വിധേയരാകാന്‍ നടക്കുന്ന നേതാക്കളെയും തിരുത്തണം. ട്രേഡ് യൂണിയന്‍ സംഘടന ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത സമീപനമാണ് ഇപ്പോള്‍ ചിലര്‍ തലപ്പത്ത് ഇരുന്ന് സ്വീകരിക്കുന്നത്. അത് മനസിലാക്കിയാല്‍ മാത്രമേ തിരുത്തല്‍ സാധ്യമാകുകയുള്ളൂ എന്നും സുഭാഷ് പ്രതികരിച്ചു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പിണറായി വിജയനെ ജനമനസില്‍ പ്രതിഷ്ഠിക്കാന്‍ വേണ്ടിയെടുത്ത 35 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയാണ് ഇക്കഴിഞ്ഞ ജൂണിൽ സംവിധായകന്‍ പിന്‍വലിച്ചത്. യൂട്യൂബിൽ 75 ലക്ഷത്തിലേറെ പേർ ഇത് കണ്ടിരുന്നുവെന്ന് സംവിധായകൻ പറയുന്നു. 2016ൽ പിണറായി വിജയൻ്റെ സജീവ ഇടപെടലിലാണ്, ‘യുവതയോട് അറിയണം പിണറായിയെ’ എന്ന ഡോക്യുമെൻ്ററി പൂർത്തിയാക്കിയത്. ഡോക്യുമെൻ്ററിയിൽ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാനും മറ്റുമുള്ള ആളുകളെയെല്ലാം പിണറായിയുടെ തന്നെ നിർദേശപ്രകാരമാണ് തിരഞ്ഞെടുത്തത്. പിണറായി എന്ന ബ്രാന്‍ഡ് നിര്‍മിച്ചെടുക്കാൻ അദ്ദേഹത്തിന്റെ തന്നെ താത്പര്യപ്രകാരമാണ് ഡോക്യുമെന്റി നിര്‍മ്മിച്ചതെന്ന് പിൻവലിക്കുമ്പോൾ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here