ഹണി റോസിനോട് അനുകമ്പ; മഞ്ജുഷയോട് ക്രൂരമായ അവഗണനയും; ചര്‍ച്ചയായി പിണറായിയുടെ ഇരട്ട നീതി
ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ നടിയെ നേരിട്ട് വിളിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടി ചര്‍ച്ചയാകുന്നു. വെറും ലൈംഗിക അധിക്ഷേപ പരാതിയില്‍ നേരിട്ടിടപെട്ട മുഖ്യമന്ത്രി ഇതേ നീതി എന്തുകൊണ്ട് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് നിഷേധിക്കുന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. രണ്ട് സ്ത്രീകള്‍ക്ക് രണ്ട് നീതിയെന്ന ആക്ഷേപം ശക്തമാവുകയും ചെയ്യുന്നു.
ഹണി റോസ് പ്രശ്നത്തിലുള്ള മുഖ്യമന്ത്രിയുടെ ഇടപെടല്‍ പൊതുജനശ്രദ്ധ പിടിച്ചുപറ്റുകയും വാര്‍ത്തയില്‍ ഇടം നേടുകയും ചെയ്തു. ഭര്‍ത്താവിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതിയില്‍ സിബിഐ അന്വേഷണത്തിന് ഹര്‍ജി നല്‍കിയ മഞ്ജുഷയോട് ക്രൂരമായാണ് സര്‍ക്കാര്‍ പെരുമാറിയത്. ഇരയ്ക്ക് ഒപ്പം എന്ന നിലപാട് പ്രഖ്യാപിക്കുകയും പ്രതിക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന രീതിയാണ് ഈ കേസില്‍ സര്‍ക്കാര്‍ ചെയ്തത്. മഞ്ജുഷയുടെ സിബിഐ അന്വേഷണ നീക്കം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പരാജയപ്പെടുത്തുകയും ചെയ്തു.
ഹണി റോസ് കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ ഉടന്‍ തന്നെ മുഖ്യമന്ത്രി വിളിക്കുകയും നിയമനടപടി ഉറപ്പ് നല്‍കുകയും ചെയ്തു. ബോബി ചെമ്മണ്ണൂരിനെ നാടകീയമായി വയനാട് വരെ പോയി കൊച്ചി പോലീസ് പൊക്കുകയും ചെയ്തു.
എഡിഎമ്മിന്റെ മരണം വിവാദമായി തുടരവേ ഇതുവരെ നവീന്‍ ബാബുവിന്റെ ഭാര്യയെ നേരിട്ട് കാണാനോ ഫോണില്‍ വിവരങ്ങള്‍ തിരക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മഞ്ജുഷയോടും കുടുംബത്തോടും പുറംതിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയില്‍ നിന്നും പരസ്യമായി അധിക്ഷേപം കേള്‍ക്കേണ്ടി വന്ന അന്ന് രാത്രിയിലാണ് എഡിഎമ്മിനെ ആത്മഹത്യ ചെയ്ത നിലയില്‍ ക്വാര്‍ട്ടേഴ്സില്‍ കണ്ടത്.
ആത്മഹത്യാ പ്രേരണക്കുറ്റത്തില്‍ ദിവ്യ പ്രതിയായപ്പോള്‍ കോടതി മുന്‍കൂര്‍ ജാമ്യം തള്ളുന്നത് വരെ ദിവ്യയെ അറസ്റ്റ് ചെയ്തില്ല. 12 ദിവസമാണ് ഒളിവില്‍ കഴിയാന്‍ ദിവ്യക്ക് സമയം നല്‍കിയത്. ഇതേ പോലീസാണ് ലൈംഗിക അധിക്ഷേപ പരാതി പരാതി ലഭിച്ചയുടന്‍ ഒരു വ്യവസായിയെ വയനാട് പോയി അറസ്റ്റ് ചെയ്തത്. ദിവ്യയുടെ കേസ് പരിഗണിക്കുകയാണെങ്കില്‍ ബോബി ചെമ്മണ്ണൂരിനും മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷിക്കാനുള്ള സമയം നല്‍കേണ്ടതായിരുന്നു. എഡിഎമ്മിന് ഒരു ലക്ഷം കൈക്കൂലി നല്‍കി എന്നാരോപിച്ച പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്‍ ഇപ്പോഴും കേസില്‍ പ്രതിയല്ല. പ്രശാന്തനെ വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴി എടുത്തു എന്ന് മാത്രം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here