ടിപി കേസ് പ്രതികള്‍ക്ക് പണം നല്‍കുന്നത് സിപിഎം; പുറത്തിറക്കുക സര്‍ക്കാര്‍ അജണ്ട; സഭയില്‍ ആഞ്ഞടിച്ച് കെകെ രമ
കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകമായ ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ ക്രമിനലുകളെ പുറത്തിറക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖ്യ അജണ്ടയെന്ന് കെകെ രമ എംഎല്‍എ. ഈ സര്‍ക്കാര്‍ മാറുന്നതിന് മുമ്പ് പ്രതികളെ പുറത്തിറക്കാനാണ് ശ്രമം. കേസില്‍ പ്രതികള്‍ക്കെതിരെ അപ്പീല്‍ പോകാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. അപ്പീല്‍ പോകണമെന്ന അപേക്ഷയില്‍ മുഖ്യമന്ത്രി അടയിരിക്കുകയാണെന്നും രമ വിമര്‍ശിച്ചു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതികള്‍ക്കായി ഹാജരാകുന്നത് രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ അഭിഭാഷകരാണ്. 12 കൊല്ലമായി ജയിലിലായ ഈ പ്രതികള്‍ക്ക് ഇതിനുളള പണം സിപിഎമ്മാണ് നല്‍കുന്നതെന്നും രമ ആരോപിച്ചു.
പാര്‍ട്ടിയുടെ സംരക്ഷണത്തിലാണ് പ്രതികള്‍ വളരുന്നത്. ഇവരാണ് വടക്കന്‍ കേരളത്തിലെ ജയിലുകള്‍ ഭരിക്കുന്നത്. സര്‍ക്കാരിനെ പോലും മുള്‍മുനിയില്‍ നിര്‍ത്താന്‍ ഇവര്‍ക്ക് കഴിയുന്നു. അതുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് മറികടന്ന് ശിക്ഷായിളവ് നല്‍കുന്നവരുടെ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയത്. സര്‍ക്കാര്‍ അറിയാതെ ഇത് നടക്കില്ല. എന്നിട്ടും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി മുഖം രക്ഷിക്കാനുളള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും രമ വിമര്‍ശിച്ചു.
പി.എസ്.എസി വഴി ഒരു നിയമനവും നടക്കുന്നില്ല. ആകെ നടക്കുന്നത് കോഴ വാങ്ങി പി.എസ്.സി അംഗങ്ങളുടെ നിയമനങ്ങള്‍ മാത്രമാണെന്നും രമ പരിഹസിച്ചു. ചെറിയ മീനൊന്നുമല്ല ഇതിനു പിന്നിലെന്നും രമ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here