പിണറായിയുടെ ഗൺമാന് തുണ കോൺഗ്രസ് ആഭ്യന്തരമന്ത്രി; പ്രകടനം നടത്തേണ്ടത് ചെന്നിത്തലയുടെ വീട്ടിലേക്ക്; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ വീട്ടിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കലാപം. ആലപ്പുഴയില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ടീമംഗമായ സന്ദീപിന്റെ വീട്ടിലേക്ക് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാനായ അനില്‍കുമാറിനെ മുന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ശിക്ഷാ നടപടിയില്‍ നിന്ന് രക്ഷിച്ചെടുത്ത സംഭവമാണ് കോണ്‍ഗ്രസില്‍ വിവാദമായത്.

ഇക്കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ്‌ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംഗ്രഹിച്ച് കൊണ്ട് അവതാരകന്‍ വിനു.വി.ജോണ്‍ ഇങ്ങനെ പറഞ്ഞു. “പ്രതിപക്ഷം ഇതര്‍ഹിക്കുന്നതാണ്. ഗണ്‍മാന്‍ അനില്‍കുമാറുണ്ടല്ലോ പിണറായി വിജയന്റെ കൂടെ കൂടിയിട്ട് ഒരുപാട് കാലമായി. അങ്ങനെയുള്ള ഒരു കാലത്ത് ഇയാള്‍ ഒരു മുതിര്‍ന്ന വനിതാ മാധ്യമ പ്രവര്‍ത്തകക്ക് എതിരെ ഫെയ്സ് ബുക്കില്‍ വളരെ മോശമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ആ മാധ്യമ പ്രവര്‍ത്തക പരാതി കൊടുത്തു. പോലീസ് കേസെടുത്തു. അന്ന് ഇന്റലിജന്‍സിന്റെ ചുമതലയുണ്ടായിരുന്ന ടി.പി.സെന്‍കുമാര്‍ ഇയാളെ പിണറായിയുടെ ഗണ്‍മാന്‍ പദവിയില്‍ നിന്നും മാറ്റി. ആലപ്പുഴക്ക് വിട്ടു. ഇയാള്‍ വലിയ സ്വാധീനമുള്ളയാളാണ്. കേസ് പിന്‍വലിക്കാനുള്ള ശ്രമം നടത്തി. അതങ്ങനെ തുടര്‍ന്നു.”

“മാധ്യമ പ്രവര്‍ത്തക വഴങ്ങുന്നില്ല.ഏറ്റവുമൊടുവില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ ഒരാഭ്യന്തര മന്ത്രി ഇവരോട് തന്നെ നേരിട്ട് സംസാരിക്കുന്നു. പരാതി കൊടുത്താല്‍ പരാതി അന്വേഷിച്ച് നടപടി എടുക്കേണ്ട ചുമതലയുള്ള മേധാവിയാണ്. അപ്പോള്‍ അവര്‍ക്ക് ഇതിന്റെ പൊള്ളത്തരം മനസിലാകുന്നു. ഇനി ഇതുകൊണ്ട് നടന്നിട്ട് ഒരു കാര്യവുമില്ലെന്ന് മനസിലാകുന്നു. അങ്ങനെ ആ ആഭ്യന്തരമന്ത്രിയുടെ സ്വാധീനത്തില്‍ അവര്‍ ആ പരാതി പിന്‍വലിക്കുന്നു. ആ ആളിന്റെ വീട്ടിലേക്കാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ മാര്‍ച്ച് നടത്തിയത്.”

“അതായത് ആ പരാതി കിട്ടിയിട്ട് ആ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച ഉന്നതനായ ഒരു കോണ്‍ഗ്രസ് നേതാവ് ഇരിക്കുമ്പോഴാണ് അയാള്‍ വീണ്ടും പിണറായിയുടെ ഗണ്‍മാനായി തിരിച്ചു വരുന്നത്. അതുകൊണ്ട് അവര്‍ സമരം നടത്തേണ്ടത് ഗണ്‍മാന്റെ വീട്ടിലേക്കാണോ അതോ സ്വന്തം നേതാവിന്റെ വീട്ടിലേക്കാണോ എന്ന് അവര്‍ സ്വയം ആലോചിക്കേണ്ടത്.” വിനു.വി.ജോണിന്റെ ഈ പ്രസ്താവനയാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം ഇരട്ടത്താപ്പുകളാണ് സംഘടനയെ ദുര്‍ബലപ്പെടുത്തുന്നതെന്നാണ് പ്രവര്‍ത്തകരുടെ പരാതി.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ്‌ ചെന്നിത്തലയും ആഭ്യന്തരമന്ത്രിമാരായിരുന്നു. ചെന്നിത്തലയാണ് പിണറായിയുടെ ഗണ്‍മാനെ രക്ഷിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പരാതി ഉയര്‍ന്ന അന്ന് നടപടിയെടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ സര്‍വീസില്‍ പോലും ഇയാള്‍ ഉണ്ടാകുമായിരുന്നില്ല. അനില്‍കുമാറിന്റെ നേമം കല്ലിയൂരിലുള്ള വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കുടുംബം അവിടെ താമസിക്കുന്നില്ലെന്നു മനസിലായതോടെയാണ് സമരം മാറ്റിയത്. പേരൂര്‍ക്കടയിലുള്ള ഇയാളുടെ വീട്ടിലേക്ക് സമരം നടത്തുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

എന്നാല്‍ ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ടീമില്‍ അംഗമായിരുന്ന സന്ദീപിന്റെ പട്ടത്തുള്ള വീട്ടിലേക്കാണ് മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനെ പോലീസ് നേരിട്ടതും ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തിയാണ്. മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ക്ക് നേരെ വധശ്രമത്തിന് കേസെടുക്കണമെന്നാണ് കോണ്‍ഗ്രസില്‍ നിന്നും ഇപ്പോള്‍ ഉയരുന്ന ആവശ്യം.

ആലപ്പുഴയിലെ നവകേരള സദസ്സിനിടെയാണ് വിവാദ സംഭവങ്ങള്‍ നടന്നത്. നവകേരള ബസിനു നേരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽനിന്ന് ചാടിയിറങ്ങിയ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും മർദ്ദിച്ചു. ഗൺമാന്റെ അടിയേറ്റ് തലപൊട്ടിയ കെഎസ്‍യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസും സംസ്ഥാന സെക്രട്ടറി അജയ് ജുവലും ചികിത്സയില്‍ തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top