താരനിരയിൽ കളറായി കേരളീയം; കേരളത്തെ ലോക ബ്രാൻഡാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അറുപത്തിയേഴാം കേരളപ്പിറവി ദിനത്തിൽ കേരളീയം പരിപാടിക്ക് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് കേരളീയം ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ സവിശേഷത സംസ്ഥാനത്തിൻ്റെ നാല് അതിരുകളില്‍ നിന്നാല്‍ പോരെന്നും ഇനി എല്ലാ വര്‍ഷവും കേരളീയം പരിപാടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, ഭാവികേരളത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്നതാണ് കേരളീയം. കേരളത്തെ ലോക ബ്രാന്‍ഡാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കേരളീയം ബ്രോഷര്‍ പ്രകാശനം ചെയ്തു. കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മുട്ടി, ശോഭന, എം.എ. യുസഫലി, രവി പിള്ള തുടങ്ങിയവര്‍ അതിഥികളായി. സിനിമാ താരമെന്ന നിലയിലും അഭിനേതാവെന്ന നിലയിലും കേരളത്തില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ടിട്ടുണ്ടെന്ന് കമൽഹാസൻ പറഞ്ഞു. കേരള മോഡല്‍ വികസനം രാഷ്ട്രീയത്തില്‍ തനിക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളി ആയതില്‍ അഭിമാനിക്കുന്നെന്ന് മോഹന്‍ലാലും കേരളീയം മഹത്തായ ആശയമെന്ന് മമ്മൂട്ടിയും ചടങ്ങിൽ പറഞ്ഞു. വേദിയില്‍ വെച്ച് മോഹന്‍ലാല്‍ എടുത്ത സെല്‍ഫി വൈറലാണ്.

സംസ്ഥാന മന്ത്രിമാരോടൊപ്പം സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യ-വ്യാവസായിക ലോകത്തെ പ്രമുഖർ പങ്കെടുത്തു. സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളീയം പരിപാടി ധൂര്‍ത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

ഇന്ന് ആരംഭിക്കുന കേരളീയം നവംബർ ഏഴിന് അവസാനിക്കും. കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍, സിനിമാ പ്രദര്‍ശനം തുടങ്ങി എല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും.

പരിപാടിയോട് അനുബന്ധിച്ച് ഇന്ന് മുതല്‍ ഏഴാം തീയതി വരെ തലസ്ഥാനത്ത് കര്‍ശന ഗതാഗത നിയന്ത്രണം ഉണ്ടാകും. വെള്ളയമ്പലം മുതല്‍ ജി.പി.ഒ വരെ വൈകുന്നേരം ആറുമണി മുതല്‍ 10 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top