‘മുത്തുക്കോയ തങ്ങളെ പിണറായിയാക്കി സലാം’; അനുഗ്രഹത്തെച്ചൊല്ലി മുസ്ലിം ലീഗിൽ ഭിന്നത
സമസ്‌ത അധ്യക്ഷൻ ജിഫ്രി തങ്ങൾക്കെതിരെയുള്ള പിഎംഎ സലാമിൻ്റെ പ്രസ്താവനയിൽ മുസ്ലിം ലീഗിൽ ഭിന്നത. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെ തള്ളി ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. സലാമിൻ്റെ പരാമർശം ലീഗിൻ്റെ നിലപാടല്ല കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇപ്പോൾ വിഷയം ചർച്ച ചെയ്യാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. നേരത്തെ ഉമർ മുഖം ഫൈസി ഇത്തരം പരാമശം നടത്തിയപ്പോഴും ലീഗ് എതിർത്തു. പ്രസ്താവന സലാം തന്നെ നിഷേധിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Also Read: സന്ദീപുമായി ചർച്ച നടത്തിയെന്ന് സിപിഐ വെളിപ്പെടുത്തൽ; സരിനെ സ്ഥാനാർത്ഥിയാക്കിയതിലും വിമർശനം
അതേസമയം താൻ ജിഫ്രി തങ്ങളെ അപമാനിച്ചുവെന്നത് വ്യാജ പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിജയത്തിന് പിന്നാലെ കുവൈറ്റില്‍ പിഎംഎ സലാം നടത്തിയ പരാമർശമായിരുന്നു വിവാദമായത്. പാണക്കാട് സാദിഖ് അലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്നും ജയിച്ചപ്പോള്‍ മറ്റൊരു നേതാവ് അനുഗ്രഹിച്ച സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി. മുസ്ലിം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നുമായിരുന്നു പിഎംഎ സലാമിന്‍റെ പരാമര്‍ശം.
“ജിഫ്രി മുത്തുക്കോയ തങ്ങളെ ഉദ്ധേശിച്ചല്ല താൻ അത്തരത്തില്‍ ഒരു പ്രസ്‌താവന നടത്തിയത്. പി സരിനെ അനുഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചായിരുന്നു തന്‍റെ പരാമർശം. മറിച്ചുള്ള വാദങ്ങള്‍ എല്ലാം മുത്തുക്കോയ തങ്ങളെ അപമാനിക്കാനാണ്” – പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു. വിമർശനത്തിന് പിന്നാലെ സലാമിനെതിരെ സംയുക്ത പ്രസ്‌താവനയുമായി സമസ്‌ത നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ സലാം വിശദീകരണവുമായെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here