പിണറായി സർക്കാരിൻ്റെ ദളിത്-ന്യൂനപക്ഷ പ്രേമം വെറും പൊള്ള!! ആദ്യം പണി ന്യൂനപക്ഷ സ്കോളർഷിപ്പിന്, പിന്നാലെ പട്ടികജാതി പദ്ധതികൾക്ക്…
ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നേർപകുതിയായി വെട്ടിക്കുറച്ച നടപടിക്കെതിരെ വിമർശനം ഉയരുന്നതിനിടയിൽ പട്ടികജാതി വകുപ്പിൻ്റെ പദ്ധതികളും വെട്ടിച്ചുരുക്കി ഇടത് സർക്കാർ. പട്ടികജാതി വിഭാഗക്കാർക്ക് ലൈഫ് മിഷൻ പദ്ധതിക്ക് വീട് നടക്കുന്നത് ഉൾപ്പെടെയുള്ള തുകകളാണ് വ്യാപകമായി വെട്ടിക്കുറച്ചത്. ഈ മാസം 25ന് ഇത് സംബന്ധിച്ച ഉത്തരവ് പട്ടിക ജാതി വകുപ്പ് പുറത്തിറക്കി.
സ്വന്തമായി വീടില്ലാത്ത പട്ടികജാതി വിഭാഗക്കാർക്ക് ലൈഫ് മിഷൻ വഴി നടപ്പാക്കുന്ന ഭവന പദ്ധതിക്ക് 300 കോടിയാണ് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ വകയിരുത്തിയത്. ഇത് 120 കോടിയാക്കി ചുരുക്കി. 60 ശതമാനമാണ് ഒറ്റയടിക്ക് കുറച്ചിരിക്കുന്നത്.
പട്ടികജാതി കുടുംബങ്ങളുടെ ഭാഗികമായി നിർമ്മിച്ച ഭവനങ്ങളുടെ പൂർത്തികരണത്തിനും ജീർണ്ണിച്ച ഭവനങ്ങളുടെ മെച്ചപ്പെടുത്തലിനും പഠനമുറികളുടെ നിർമ്മാണത്തിനും ധനസഹായം നൽകുന്നതിന് ബജറ്റിൽ 222.06 കോടിയാണ് അനുവദിച്ചത്. ഇത് 173.06 കോടിയായി വെട്ടികുറച്ചു. സ്വന്തമായി സ്ഥലമില്ലാത്ത പട്ടികജാതി കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് ഭൂമി വാങ്ങാൻ സഹായം നൽകുന്ന പദ്ധതിക്ക് 170 കോടിയായിരുന്നു ബജറ്റിൽ. ഇത് 70.25 കോടിയായി കുറച്ചു.
ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് / രക്ഷിതാക്കൾക്ക് അവരുടെ പെൺമക്കളുടെ വിവാഹത്തിനായി വിവാഹ ധനസഹായമായി നൽകുന്ന തുകയും സർക്കാർ വെട്ടിച്ചുരുക്കി. 1.25 ലക്ഷം രൂപ പട്ടിക ജാതി യുവതികൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതിക്ക് 86 ലക്ഷം ആയിരുന്നു ബജറ്റ് വിഹിതം. ഇത് 50 ലക്ഷമാക്കിയാണ് കുറച്ചത്
വാൽസല്യ നിധി പദ്ധതിക്ക് 10 കോടി രൂപയായിരുന്നു അനുവദിച്ചത് ഈ പദ്ധതിക്ക് ഒരു രൂപ പോലും കൊടുക്കണ്ട എന്നാണ് ഉത്തരവ്. അതായത് ഈ പദ്ധതി അവസാനിപ്പിച്ചുവെന്നർത്ഥം.പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസം, കഴിവുകൾ, സാമൂഹിക നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഇൻഷുറൻസ് പദ്ധതിയാണിത്.
പിന്നോക്ക വിഭാഗത്തിൽപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസികുന്ന നിരവധി പദ്ധതികളാണ് സർക്കാർ മുന്നറിയിപ്പില്ലാതെ വെട്ടിക്കുറച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷം തീരാൻ 2 മാസം മാത്രം ഉള്ളപ്പോൾ പട്ടിക ജാതി വിഭാഗക്കാരുടെ ലൈഫ് മിഷന് നൽകിയത് വെറും 30 ശതമാനം മാത്രമാണെന്ന് പ്ലാനിംഗ് ബോർഡ് രേഖകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ഓളം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പഠനത്തിന് തുടർപഠനത്തിന് സഹായിക്കുന്ന ഒമ്പത് സ്കോളർഷിപ്പുകൾ സർക്കാർ 50 ശതമാനമായി വെട്ടിക്കുറച്ചിരുന്നു. കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് സ്കോളർഷിപ്പുകൾ വെട്ടിച്ചുരുക്കുന്ന നടപടി സർക്കാർ സ്വീകരിക്കുന്നത്. ഈ മാസം 15നായിരുന്നു ഇത് സംബന്ധിച്ച ഉത്തരവ് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്ന് പുറത്തിറക്കി
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here