മട്ടന്നൂരിലേത് ചെറിയ പരിപാടിയെന്ന് പറഞ്ഞിട്ടില്ല; ശൈലജ വിമര്‍ശനം വിവാദമായപ്പോള്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി

കല്‍പ്പറ്റ: നവകേരള സദസ്സിന്റെ മട്ടന്നൂര്‍ പ്രസംഗം വിവാദമായപ്പോള്‍ മലക്കംമറിഞ്ഞ് മുഖ്യമന്ത്രി. മട്ടന്നൂരിലെ പരിപാടി ചെറിയ പരിപാടിയാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വയനാട് കല്‍പ്പറ്റയിലെ നവകേരള സദസ്സിലാണ് മുഖ്യമന്ത്രിയുടെ തിരുത്തല്‍. കേരളത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന സ്ഥലമാണ് മട്ടന്നൂരെന്നും ആ നിലയ്ക്കുള്ള ആള്‍ക്കൂട്ടം അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ വൈറലായിരിക്കെയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ പഴി ചാരി രക്ഷപ്പെടുന്നത്.

മട്ടന്നൂര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസംഗം

”പഴയ സ്വഭാവം മാധ്യമങ്ങള്‍ പുറത്തെടുക്കുകയാണ്. ചില ആലോചനകളുടെ ഭാഗമായി നിന്നുകൊണ്ട് വാര്‍ത്തകള്‍ കൊടുക്കുന്ന ഒരു സ്വഭാവം. അതിന് ഞാന്‍ പണ്ട് നല്‍കിയ ഒരു പേരുണ്ട്, അത് ഇപ്പോള്‍ വിളിക്കുന്നില്ല. മട്ടന്നൂരിലെ സംഭവങ്ങളെ കുറിച്ച് വാര്‍ത്ത വന്നതുകൊണ്ട് ഞാന്‍ ഒരു കാര്യം ആവര്‍ത്തിച്ച് പറയുകയാണ്, വലിയ പരിപാടി ആയിരുന്നു മട്ടന്നൂരിലേത്”- മുഖ്യമന്ത്രി പറഞ്ഞു.

മട്ടന്നൂരില്‍ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം

‘‘മൂന്നു മന്ത്രിമാർ ഒരിടത്ത് സംസാരിക്കുകയെന്ന ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇവിടെ ഈ ക്രമീകരണത്തിന് ചെറിയ കുറവുണ്ടായി. നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷയ്ക്ക് നിങ്ങളെ കണ്ടപ്പോൾ കുറെ കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നി. സമയം കൂടുതലായി. ഇനിയുള്ള സംസാരത്തിന്റെ സമയം ചുരുക്കുകയാണ്.

ഞാനിവിടെ വന്നപ്പോൾ പരിപാടിയെങ്ങനെയുണ്ടെന്ന് ഭാസ്കരൻ മാഷ് ചോദിച്ചു. വലിയ പരിപാടിയാണെന്ന് ഞാൻ മറുപടി പറയണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാൽ, എല്ലായിടത്തും സദസ്സുകളിൽ വൻതോതിൽ ജനങ്ങളെ കണ്ടതിനാൽ മട്ടന്നൂരിൽ നടന്നത് വലിയ പരിപാടിയാണെന്നു തോന്നുന്നില്ല.”-മുഖ്യമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top