സർക്കാർ പ്രചാരണ പരിപാടി ‘നവകേരള സദസ് ‘ നാട്ടുകാരുടെ ചിലവിൽ; സ്പോൺസർമാരെ ഉദ്യോഗസ്ഥർ കണ്ടെത്തണം; സമാന പ്രചാരണ പരിപാടിയുമായി കേന്ദ്രവും
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർക്കാരിൻ്റെ പ്രചാരണ പരിപാടിയായി ഒരുങ്ങുന്ന, നവകേരള സദസിന് പണം കണ്ടെത്താനുള്ള ചുമതല ഉദ്യോഗസ്ഥർക്ക്. സ്പോൺസർമാരെ കണ്ടെത്താൻ നിർദേശിച്ച് പൊതുഭരണ വകുപ്പിൻ്റെ ഉത്തരവ് ഇറങ്ങി. പകർപ്പ് മാധ്യമ സിൻഡിക്കറ്റിന് ലഭിച്ചു. ഏത് തരം സ്പോൺസർഷിപ്പ്, എത്ര തുക കണ്ടെത്തണം, ഏതെല്ലാം ചിലവിലേക്കായി പിരിക്കണം തുടങ്ങി യാതൊരു മാനദണ്ഡങ്ങളും ഉത്തരവിൽ പറയുന്നില്ല. സ്പോൺസർ എന്ന പേരിൽ കാശ് നൽകാൻ തയാറായി വരുന്ന ആരുടെയും മുഖം നോക്കാതെ, പരിധികളില്ലാതെ പിരിക്കുകയാണ് വേണ്ടതെന്ന് ചുരുക്കം.
പരിധിയൊന്നും പറയാത്ത സ്ഥിതിക്ക് സർക്കാരിൻ്റെ പ്രസ്റ്റീജ് പരിപാടിയെന്നത് കണക്കിലെടുത്ത് ആർഭാടം ഒട്ടും കുറയ്ക്കാതെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യും. അബ്കാരി, ക്വാറി മുതലാളിമാർ വൻതുക കണ്ണടച്ച് നൽകേണ്ടി വരും. സബ് കളക്ടർമാർക്കാണ് പണം പിരിക്കാനുള്ള ചുമതല അനൗപചാരികമായി നൽകിയിട്ടുളളത്. ഇവർ പിരിച്ചെടുക്കുന്ന പണം സ്ഥലം എം.എൽ.എ, അല്ലെങ്കിൽ അതാത് ഇടങ്ങളിൽ സംഘാടക സമിതി നിശ്ചയിക്കുന്ന പൗരപ്രമുഖന് കൈമാറണം.
അതേസമയം കേന്ദ്രസർക്കാരിൻ്റെ വിക്സിത് ഭാരത് സങ്കല്പയാത്രയും ഇതേ ദിവസങ്ങളിൽ തന്നെയാണ്. ഇതിൻ്റെ പേരിൽ ഉറക്കം പോകുന്നത് ഉദ്യോഗസ്ഥർക്ക് ആകും. ആദായനികുതി, കസ്റ്റംസ്, സെൻട്രൽ എക്സൈസ് തുടങ്ങി പത്തിലേറെ വകുപ്പുകളിലെ ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ‘ജില്ലാ രഥ് പ്രഭാരികൾ’ എന്ന് നാമകരണം ചെയ്താണ് കേന്ദ്രം രംഗത്തിറക്കുന്നത്. ഇവർക്ക് പിരിവിൻ്റെ ചുമതല ഇല്ല എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ പരിപാടിയുമായുള്ള ആകെ വ്യത്യാസം. യാത്രയുടെ തയാറെടുപ്പ്, ആസൂത്രണം, നടത്തിപ്പ്, അവലോകനം എന്നീ ചുമതലകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇരു പരിപാടികളും. കേന്ദ്ര സര്‍ക്കാരിന്റെ ഒൻപത് വർഷത്തെ നേട്ടങ്ങള്‍ പഞ്ചായത്ത് തലം വരെ പ്രചരിപ്പിക്കാനാണ് നവംബര്‍ 20 മുതല്‍ അടുത്ത വർഷം ജനുവരി 25 വരെയുള്ള വിക്‌സിത് ഭാരത് സങ്കല്പ് യാത്ര. സമാന പരിപാടിയാണ് കേരളവും നടത്തുന്നത്. നവകേരള സദസിലൂടെ ഇടത് സര്‍ക്കാരിന്റെ നേട്ടങ്ങൾ ഉയർത്തി കാണിക്കുന്ന പ്രചാരണമാണ് ലക്ഷ്യമിടുന്നത്. അടുത്തടുത്ത ദിവസങ്ങളില്‍ ഇറങ്ങിയ ഈ രണ്ടു പരിപാടികളുടെയും ഉത്തരവുകള്‍ തമ്മിൽ അസാമാന്യമായ സാമ്യമുണ്ട്.
കേരളത്തിൻ്റെ പരിപാടിയിൽ വേദി, സദസ്, കസേര, വെളിച്ച, ശബ്ദ സംവിധാനങ്ങൾ, അനുബന്ധ പരിപാടികൾ എന്നിങ്ങനെയുള്ള ചിലവുകൾക്കാണ് സ്പോൺസർമാരെ കണ്ടെത്തണമെന്ന് പറയുന്നത്.
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളും സംഘാടക സമിതിയുമായി ആലോചിച്ച് ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. അതിനും പ്രത്യേക തുക അനുവദിക്കുന്ന കാര്യം പറയുന്നില്ല. സർക്കാർ അതിഥി മന്ദിരങ്ങളിൽ ക്രമീകരണം ഏർപ്പെടുത്താൻ ആണെങ്കിൽ അതും പറയുന്നില്ല. ചുരുക്കത്തിൽ സർവ്വ ചിലവും അതാത് ഇടങ്ങളിൽ നിന്ന് തന്നെ പിരിച്ച് എത്തിക്കാനുള്ള ചുമതലയാണ് കളക്ടർ അടക്കം ഉദ്യോഗസ്ഥരും പൗരപ്രമുഖരും ചേർന്ന് രൂപീകരിക്കുന്ന സംഘാടക സമിതികൾക്ക് ഉള്ളത്. സർക്കാരിന് ഒരു പൈസയുടെയും ചിലവ് ഉണ്ടാകുന്നില്ല. ഇങ്ങനെയൊരു സർക്കാർ പരിപാടിയുടെ സംഘാടനം ഇതാദ്യമാകും എന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here