പാണക്കാട് തങ്ങളെ വിമർശിച്ച പിണറായിക്ക് സുരേന്ദ്രൻ്റെ പിന്തുണ; കോൺഗ്രസിന് രൂക്ഷ വിമർശനം

മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്കാണ് ബിജെപി നേതാവിൻ്റെ പിന്തുണ. പാണക്കാട് തങ്ങളെ ആരും വിമർശിക്കാൻ പാടില്ല എന്ന് എഴുതി വച്ചിട്ടുണ്ടോ എന്നായിരുന്നു സുരേന്ദ്രൻ ഇന്ന് മാധ്യമ പ്രവർത്തകരോട് ചോദിച്ചത്. ഇവിടെ മഹാത്മ ഗാന്ധിയെ വിമർശിക്കുന്നു. യേശു ക്രിസ്തുവിനെയും ശ്രീരാമനെയും വിമർശിക്കുന്നു. നരേന്ദ്ര മോദിയെ വിമർശിക്കുന്നു. ശ്രീനാരായണ ഗുരുവിനെയും ശങ്കരാചാര്യരേയും വിമർശിക്കുന്നു. ആരും വിമർശനങ്ങൾക്ക് അതീതരല്ല. ജനാധിപത്യത്തിൽ വിമർശിക്കാനുളള അവകാശമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെയാണ് പെരുമാറുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പണ്ട് ബാബറി മസ്ജിദ് തകർത്തശേഷമുള്ള ഒറ്റപ്പാലം തിരഞ്ഞെടുപ്പാണ് ഓർമവന്നത്. പള്ളി തകർക്കാൻ ഒത്താശചെയ്തത് കോൺഗ്രസ് പ്രധാനമന്ത്രിയും കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കരുമായിരുന്നു. അന്ന് കേരളത്തിൽ കോൺഗ്രസിനൊപ്പം ഭരണത്തിലുള്ള ലീഗ് മന്ത്രിസ്ഥാനം രാജിവയ്ക്കാൻ തയ്യാറായില്ല.
Also Read: ‘പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട’; മുഖ്യമന്ത്രിയുടെ ജമാഅത്തെ ഇസ്ലാമി പരാമര്‍ശത്തിന് മറുപടിയുമായി ചന്ദ്രിക
അതിൽ ലീഗ് അണികൾക്ക് പ്രതിഷേധമുണ്ടായിരുന്നു. അതില്ലാതാക്കാൻ പാണക്കാട് തങ്ങൾ എത്തിയെങ്കിലും ലീഗുകാർ വരാത്തതിനാൽ യോഗം നടത്താനായില്ലെന്നായിരുന്നു കണ്ണാടിയിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ ഇന്നലെവരെയുള്ള കാര്യങ്ങൾ ലീഗുകാർക്ക് അറിയാം. പാണക്കാട്ടുപോയി രണ്ടുവർത്തമാനം പറഞ്ഞാൽ ലീഗിന്റെ പ്രതിഷേധം ശമിപ്പിക്കാൻ കഴിയുമോയെന്നു നോക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.
Also Read: പാലക്കാട് ഇരട്ട വോട്ട് നിലനിർത്തുമെന്ന് കളക്ടർ; ഏറ്റുപിടിച്ച് മുന്നണികൾ; നിയമ നടപടിക്കെന്ന് സിപിഎം
മുഖ്യമന്ത്രിയുടെ വിമർശനത്തെ പിന്തുണച്ച സുരേന്ദ്രൻ സന്ദീപ് വാര്യരുടെ സന്ദർശനത്തിന് എതിരെ ഇന്ന് ആഞ്ഞടിച്ചു. എന്തുകൊണ്ടാണ് ഈ നേതാക്കളൊന്നും മറ്റു മതസാമുദായിക നേതാക്കളെ പോയി കണ്ട് അനുഗ്രഹം തേടാത്തത് എന്ന ചോദ്യമാണ് വാർത്താ സമ്മേളനത്തിൽ അദ്ദേഹം ഉയർത്തിയത്. അവരെല്ലാം അനുഗ്രഹം തേടാൻ കൊള്ളാത്തവരാണോ. കേരളത്തിൽ പാണക്കാട് തങ്ങൾ മാത്രമാണോ ആധ്യാത്മിക ആചാര്യനായിട്ടുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.
ക്രൈസ്തവസഭ മേലധ്യക്ഷന്മാരെയോ സുകുമാരൻ നായരെയോ വെള്ളാപ്പള്ളി നടേശനെയോ പുന്നല ശ്രീകുമാറിനെയോ പോയിക്കണ്ട് അനുഗ്രഹം തേടാത്തത് എന്തുകൊണ്ടാണ്. മതഭീകരവാദ ശക്തികൾക്കും ലീഗിനും കോൺഗ്രസ് അടിമപ്പെട്ടു എന്നതിന്റെ തെളിവാണിത്. പോപ്പുലർ ഫ്രണ്ടും പാണക്കാട് തങ്ങളും മാത്രംമതി തിരഞ്ഞെടുപ്പ് ജയിക്കാൻ എന്നാണോ കോൺഗ്രസ് വിചാരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here