പെരിയയെ കുറിച്ച് ചോദിച്ചാൽ സംസാരശേഷി നഷ്ടപ്പെടുന്ന മുഖ്യമന്ത്രി; എല്ലാം സിപിഎമ്മിന് വേണ്ടി
മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം സിപിഎമ്മുമായി ബന്ധമുള്ള 14 പേർ പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നിയമസഭക്ക് അകത്തും പുറത്തും ഉത്തരമില്ല. കൊല്ലപ്പെട്ട കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കുടംബത്തിൻ്റെ നിയമപോരാട്ടത്തെ തുടർന്ന് അന്വേഷണ ചുമതല ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. ഇതിനെപ്പറ്റി നിയമസഭയിൽ ഉയർന്ന ചോദ്യങ്ങൾക്കും മുഖ്യമന്ത്രി അഞ്ചു വർഷമായി മൗനം അവംബിക്കുകയാണ്.
2019 ഒക്ടോബർ 19നാണ് വിടി ബൽറാം, തിരുവഞ്ചൂർ രാധാകൃഷണൻ, സണ്ണി ജോസഫ്, പിടി തോമസ് എന്നിവർ മുഖ്യമന്ത്രിയോട് പെരിയ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചത്. അന്ന് മാത്രമല്ല ഇതുവരെ മുഖ്യമന്ത്രി അതിന് മറുപടി പറഞ്ഞിട്ടില്ലെന്നാണ് നിയമസഭാ രേഖകൾ തെളിയിക്കുന്നത്. പെരിയ കൊലക്കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ച ഹൈക്കോടതി പ്രസ്ഥാന പോലീസിനെതിരെ രൂക്ഷ വിമർശനം നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, സംസ്ഥാന പോലീസ് മുൻവിധിയോടെയാണ് അന്വേഷണം നടത്തിയതിരിക്കുന്നതെന്നും പ്രോസിക്യൂഷൻ വസ്തുതകൾ മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നുമുള്ള കോടതിയുടെ നിരീക്ഷണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, പ്രസ്തുത ഇരട്ടക്കൊല കേസിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയ അപൂർവ്വ സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ.
അഞ്ചു വർഷം കഴിഞ്ഞിട്ടും സഭയ്ക്ക് അകത്തോ പുറത്തോ മുഖ്യമന്ത്രി ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. കേസിലെ പ്രതികളെ രക്ഷിക്കാൻ വേണ്ടി സിപിഎം നടത്തിയ നിക്കങ്ങളെപ്പറ്റി വ്യാപക വിമർശനകൾ ഉയർന്നിട്ടും മുഖ്യമന്ത്രി മൗനിബാബയായി തുടരുകയായിരുന്നുവെന്ന് നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. 2019 ഫെബ്രുവരി 17നായിരുന്നു കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. മുൻ എംഎൽഎ കെവി കുഞ്ഞിരാമനും മറ്റ് സിപിഎം നേതാക്കളുമടക്കം 24 പേരായിരുന്നു കേസിൽ പ്രതിപട്ടികയിലുണ്ടായത്.
ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിന് ശേഷം സമീപകാലത്ത് സിപിഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസായിരുന്നു പെരിയ ഇരട്ടക്കൊല കേസ്. ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് നായിരുന്നു കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.
ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, പ്രാദേശിക നേതാവ് കെവി ഭാസ്കരൻ അടക്കം 14 പ്രതികൾ കുറ്റക്കാരെന്നായിരുന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ എട്ടുവരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഇവർക്കുള്ള ശിക്ഷ ജനുവരി മൂന്നിന് വിധിക്കും. 10 പ്രതികളെ കുറ്റവിമുക്തരാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here