ജയരാജന്റെ ആത്മകഥാ വിവാദം മാധ്യമ സൃഷ്ടിയെന്ന് മുഖ്യമന്ത്രി; യുഡിഎഫിനെ സഹായിക്കുക വിവാദത്തിന്റെ ഉന്നം

ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മകഥാ വിവാദം മാധ്യമങ്ങളുടെ സൃഷ്ടിയാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉപതിരഞ്ഞെടുപ്പ് ദിവസം വന്ന വിവാദത്തിന്റെ ലക്ഷ്യം യുഡിഎഫിനെ സഹായിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
“പുറത്തുവന്ന കാര്യങ്ങളൊന്നും പുസ്തകത്തില്‍ താന്‍ എഴുതിയിട്ടില്ലെന്നാണ് ജയരാജന്‍ പറഞ്ഞത്. എഴുതാന്‍ ഉദ്ദേശിച്ചിട്ടില്ല. എഴുതിയ ഭാഗങ്ങളില്‍ അത് വന്നിട്ടുമില്ല. ഇപ്പോഴാണ് സരിന്‍ ഞങ്ങള്‍ക്ക് ഒപ്പം വന്നത്. അതുകൊണ്ട് തന്നെ സരിന്‍ എന്ന് പറയുന്ന ആളെ താങ്കള്‍ക്ക് അറിയുമോ എന്നാണ് ഞാന്‍ ജയരാജനോട് ചോദിച്ചത്. സരിന്‍ മിടുക്കനായ ആളാണ്. അതില്‍ പാര്‍ട്ടിക്ക് സംശയമില്ല. സരിനെ തനിക്ക് അറിയില്ല എന്നും സരിനെക്കുറിച്ച് പുസ്തകത്തില്‍ ഒന്നും എഴുതിയിട്ടില്ലെന്നുമാണ് ജയരാജന്‍ പറഞ്ഞത്.”
“ഏതെല്ലാം തരത്തിലാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. ജാവഡേക്കറെ ജയരാജന്‍ കണ്ടത് ഒന്നരവര്‍ഷം മുന്‍പാണ്. ലോക്സഭാ തിരഞ്ഞടുപ്പ് നടക്കുന്ന ദിവസം ജാവഡേക്കറെ കണ്ടു എന്ന രീതിയിലാണ് വിവാദം വന്നത്. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ജയരാജനെ കേന്ദ്രമാക്കി വാര്‍ത്ത മെനഞ്ഞെടുക്കുന്നു. എല്ലാത്തിനും വ്യക്തമായ ഉന്നങ്ങളുണ്ട്. അത് യുഡിഎഫിനെ സഹായിക്കാനാണ്.” – മുഖ്യമന്ത്രി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here