ജനവിധി സര്‍ക്കാരിന് എതിരല്ലെന്ന് മുഖ്യമന്ത്രി; ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത് മോദിയെ മാറ്റി നിര്‍ത്താന്‍; തോല്‍വിയുടെ പേരില്‍ രാജിയില്ല
ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഉപദേശിക്കുന്ന കോൺഗ്രസ്, അവർ ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാജിവച്ചുവെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
“മോദിയെ മാറ്റി നിര്‍ത്തണം എന്നാണ് ജനം തീരുമാനിച്ചത്. അതിനാണ് ജനം കോണ്‍ഗ്രസിന് ചെയ്തത്. കേരളത്തിൽ സിപിഎമ്മിനെതിരായ ജനവിധി ഉണ്ടായിരിക്കുന്നു. എന്നാൽ അത് സംസ്ഥാന സർക്കാരിനെതിരായ വിധിയല്ല. ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോട് ഒരു വിരോധവുമില്ല. കേരളത്തില്‍ കണ്ടത് ഭരണവിരുദ്ധവികാരമല്ല. ജനങ്ങള്‍ വോട്ട് ചെയ്തത് കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ വേണ്ടിയാണ്. തോല്‍വിയുടെ പേരില്‍ രാജി ചോദിച്ച് വരേണ്ടതില്ല. തോല്‍വി ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ല.” – മുഖ്യമന്ത്രി പറഞ്ഞു.
“ലോക്സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമാണ്. എന്തുകൊണ്ട് ഹിമാചലിലും കർണാടകയിലും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർ രാജിവെക്കുന്നില്ല. മുഖ്യമന്ത്രി രാജിവെക്കണം എന്ന കോൺഗ്രസ് ഉപദേശം ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കൊടുക്കാമായിരുന്നില്ലേ? ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ കുറഞ്ഞുപോയതിനാൽ സംസ്ഥാന സർക്കാർ രാജിവെക്കണം എന്ന് പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്. 2004-ൽ എ.കെ.ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചത് സീറ്റ് കുറഞ്ഞത് കൊണ്ടല്ല, കോൺഗ്രസിനകത്തുള്ള സംഘടനാ പ്രശ്നം കൊണ്ടായിരുന്നു. അതിനെ ഉദാഹരണമാക്കി സംസ്ഥാന സർക്കാരിന്റെ രാജി ആവശ്യപ്പെടാൻ പുറപ്പെടേണ്ടതില്ല. തൃശ്ശൂർ മണ്ഡലത്തില്‍ ബിജെപിയുടെ ജയം പരിശോധിക്കുക തന്നെ വേണം.” – പിണറായി വിജയൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here