‘ഇപി പിണറായിയുടെ ഉപകരണം; രാജീവ്‌ ചന്ദ്രശേഖര്‍ വഴി ബിജെപിയുമായി ബന്ധം’; കേസ് കൊടുക്കുകയാണെങ്കില്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് വിഡി സതീശന്‍

പത്തനംതിട്ട: ഇപി ജയരാജനും രാജീവ്‌ ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചന്ദ്രശേഖറിന്റെ കമ്പനിയായ നിരാമയ റിട്രീറ്റ്സും ഇപിയുടെ കുടുംബാംഗങ്ങള്‍ക്ക് ബന്ധമുള്ള വൈദേകം റിസോര്‍ട്ടും തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ട്. ഇരുവരും നേരില്‍ കണ്ടിട്ടില്ല എന്നത് അപ്രസക്തമാണ്. ഇപിയുടെ കുടുംബാംഗങ്ങള്‍ നിരാമയ ഉടമകളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ അടക്കമുണ്ട്. ഇപി തനിക്കെതിരെ കേസ് കൊടുക്കുകയാണെങ്കില്‍ തെളിവുകള്‍ പുറത്തുവിടാമെന്നും വിഡി സതീശന്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയെ ഭയമാണ്. അതുകൊണ്ടുതന്നെയാണ് എല്‍ഡിഎഫ് കണ്‍വീനറെ ഉപയോഗിച്ച് ബിജെപി അനുകൂല പ്രസ്താവനകള്‍ നടത്തുന്നത്. ഇപി പിണറായിയുടെ ഉപകരണമാണ്. തിരുവനന്തപുരത്തെ ബിജെപി നേതാക്കള്‍ നല്ലവരാണെന്ന ഇപിയുടെ പ്രസ്താവന കെ.സുരേന്ദ്രന്‍ വരെ അഭിനന്ദിച്ചിരുന്നു. സിപിഎമ്മും ബിജെപിയും തമ്മില്‍ പണ്ട് അന്തര്‍ധാര മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരുമിച്ച് ബിസിനസ് നടത്തുന്ന രീതിയിലേക്ക് ബന്ധങ്ങള്‍ വളര്‍ന്നു. മാസപ്പടി വിഷയത്തില്‍ അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതില്‍ ഒന്നിലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് വിഡി സതീശന്‍ ആരോപിച്ചത്. രാജീവ്‌ ചന്ദ്രശേഖറിനെ ഫോണില്‍ പോലും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല എന്നായിരുന്നു ഇപിയുടെ വാദം. ഇപി ജയരാജനെ കണ്ടിട്ടില്ലെന്നും ബന്ധം ഉണ്ടെന്ന് പറഞ്ഞത് ഭാവന മാത്രമെന്നും രാജീവ്‌ ചന്ദ്രശേഖറും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഡി സതീശന്റെ മറുപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top