എക്സാലോജിക്കില്‍ കാലിടറി സിപിഎം; കേന്ദ്ര അന്വേഷണത്തെക്കുറിച്ചുള്ള ആശങ്ക പാര്‍ട്ടിയില്‍ ശക്തം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കിലെ കേന്ദ്ര അന്വേഷണം സിപിഎമ്മിന്റെ ഉറക്കംകെടുത്തുന്നു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതോടെ ആദ്യത്തെ ആവേശം സിപിഎം നേതാക്കളില്‍ കാണുന്നില്ല. അന്വേഷണം മുഖ്യമന്ത്രിയെയും കുടുംബത്തെയും തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന എ.കെ.ബാലന്റെ വാക്കുകളിലും പ്രതിഫലിക്കുന്നത് നിരാശ തന്നെയാണ്.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണത്തിന് മുന്നില്‍ രേഖകള്‍ ഹാജരാക്കേണ്ടി വരും. വൻതുകയാണ് കരിമണൽ കമ്പനിയായ കെഎംആർഎല്ലിൽ നിന്ന് വീണ കൈപ്പറ്റിയത്. കരാർ അനുസരിച്ചുള്ള സേവനങ്ങളൊന്നും നൽകാതെയാണ് വൻതുക കരിമണൽ കമ്പനിയായ കെഎംആർഎല്ലിൽ നിന്നു കൈപ്പറ്റിയിരുന്നതെന്ന് ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇടപാടുകൾ സംബന്ധിച്ച് മതിയായ വിശദീകരണവും രേഖകളും വീണ നൽകിയില്ലെന്നും തെറ്റായ രേഖകൾ നൽകിയെന്നുമാണ് ആർഒസി റിപ്പോർട്ടിൽ പറയുന്നത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വീണയുടെ കമ്പനിക്ക് എതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ തന്നെ കാരണം ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതിനാലാണ്. ഇതേ പ്രശ്നം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണത്തിലും നേരിടും.
വീണ എന്തു സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം നല്‍കിയിട്ടുമില്ല. തിരഞ്ഞെടുപ്പു മുന്നില്‍ നില്‍ക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങള്‍ കേന്ദ്ര ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടാകുമോ എന്ന ആശങ്കയും ഇടതുകേന്ദ്രങ്ങളിലുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here