പിണറായി അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; ആഭ്യന്തരം ഒഴിയണമെന്ന് പിവി അൻവർ

പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി മാറുമെന്ന് പിവി അൻവർ എംഎൽഎ. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന തരത്തിലുള്ള ഒളിയമ്പും ഇടത് എംഎൽഎ തൊടുത്തു. ശിവശങ്കറും സ്വപ്നയും സെക്രട്ടേറിയറ്റിന് കീഴെ ഇരുന്ന് സ്വർണക്കടത്ത് നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേ. പോലീസ് പിടികൂടുന്ന സ്വർണത്തിൽ പകുതി പോലും പോലീസ് കസ്റ്റംസിന് നൽകുന്നില്ല. ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണ്. പിണറായി ആഭ്യന്തര വകുപ്പ് രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎമ്മിൽ നടക്കുന്നത് അടിമത്തമാണ്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനു പോലും രക്ഷയില്ല. പാർട്ടിയിൽ ഒരു റിയാസ് മാത്രം മതിയോ. ഈ ഒരാൾക്ക് വേണ്ടിയാണ് എല്ലാം അട്ടിമറിക്കപ്പെടുന്നത്. ബാക്കിയുള്ളവർക്കും പാർട്ടിയിൽ നിലനിൽക്കേണ്ടേ.മരുമകന് വേണ്ടിയാവും ആരോപണ വിധേയർക്ക് സംരക്ഷണം ഒരുക്കുന്നതെന്നും അൻവർ ആരോപിച്ചു.

മുഖ്യമന്ത്രിയെ പിതാവിൻ്റെ സ്ഥാനത്താണ് കണ്ടത്. എന്നാൽ അദ്ദേഹം തന്നെ ചതിച്ചു. പിണറായി എന്ന ജ്വലിച്ചു നിന്ന സൂര്യൻ കെട്ടു പോയി. ഇപ്പോൾ വെറും വട്ടപൂജ്യമാണ്.എഡിജിപി മുഖ്യമന്ത്രിയെ അങ്കിൾ എന്നാണ് വിളിക്കുന്നത്
ഉന്നതർക്ക് എന്ത് അഴിമതിയും നടത്താം. എഡിജിപി അജിത് കുമാർ എഴുതി നൽകുന്ന കഥയും തിരക്കഥയും വായിക്കാതെ തൻ്റെ ആരോപണങ്ങൾ സത്യസന്ധമായി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാൻ തയ്യാറാണോ എന്ന് മുഖ്യമന്ത്രിയെ അൻവർ വെല്ലുവിളിച്ചു.

സിപിഎമ്മിനെതിരെയും ഇന്ന് നിലമ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ശക്തമായ കടന്നാക്രമണമാണ് ഇടത് എംഎൽഎ നടത്തിയത്. ശരിയായ ആന്വേഷണം നടത്തുമെന്ന് പറഞ്ഞ പാർട്ടി വാക്കു പാലിച്ചില്ല. താൻ കൊടുത്ത പരാതി പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ വായിച്ചു പോലും നോക്കിയില്ല. ചവറ്റ് കുട്ടയിലെറിഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ച തന്നെ മുഖ്യമന്ത്രി കുറ്റവാളിയാക്കിയത് ക്ഷീണമുണ്ടാക്കി. പാര്‍ട്ടിയും തൻ്റെ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞു. സിപിഎം നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമാണ് സംഭവിച്ചതെന്നും ഇടത് എംഎൽഎ കുറ്റപ്പെടുത്തി.

പോലീസ് സ്വര്‍ണം തട്ടിയെടുക്കുന്നു എന്ന ആരോപണം മുഖ്യമന്ത്രി ചിരിച്ചു തള്ളി. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയാതെ പറഞ്ഞത്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റാണ്. അദ്ദേഹത്തെ പാർട്ടിയും തിരുത്തിയില്ല. തന്നെ കള്ളകടത്തകാരുടെ ആളായി ചിത്രീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന കടന്നുപോയി. തൻ്റെ പ്രതീക്ഷ മുഴുവന്‍ പാര്‍ട്ടിയിലായിരുന്നു. അതും നഷ്ടമായതായും അൻവർ പറഞ്ഞു..

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top