കോടിയേരിയുടെ ഭൗതിക ശരീരം എകെജി സെന്ററിൽ കൊണ്ടുവരാത്തതിന് പിന്നിൽ പിണറായി; വിദേശയാത്ര മുടങ്ങാതിരിക്കാൻ നേതാവിന്റെ അന്ത്യാഭിലാഷം പോലും അട്ടിമറിച്ചു: കെ സുധാകരൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കുടുംബത്തില്‍നിന്നുയര്‍ന്ന പരാതിക്ക് പിണറായി വിജയന്‍ മറുപടി പറഞ്ഞേ തീരുവെന്ന് അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്ത് ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് ഒന്നാം ചരമവാര്‍ഷികവേളില്‍ വെളിപ്പെടുത്തിയത്. ചെന്നൈയിലെ ആശുപത്രിയില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ഇക്കാര്യം പറഞ്ഞിരുന്നു. ‘സത്യം സത്യമായി പറയണമല്ലോ, ഗോവിന്ദന്‍ മാഷിനോട് ഇത് അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണമെന്നു മക്കള്‍ പറഞ്ഞിരുന്നു’ എന്നും വിനോദിനി വെളിപ്പെടുത്തി. ഭൗതികശരീരവുമായി ദീര്‍ഘയാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതുകൊണ്ടാണ് നേരെ കണ്ണൂര്‍ക്കു കൊണ്ടുപോയതെന്ന പാര്‍ട്ടിയുടെ വിശദീകരണമാണ് കുടുംബത്തിന്റെ വെളിപ്പെടുത്തലോടെ അടപടലം പൊളിഞ്ഞത്.
കോടിയേരിയേക്കാള്‍ പിണറായി പ്രാധാന്യം നല്കിയത് വിദേശ പര്യടനത്തിനായിരുന്നു. വന്‍കിട മുതലാളിമാരുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചിരുന്നതിനാല്‍ അതു മാറ്റിവയ്ക്കാന്‍ പിണറായി തയാറായില്ല. 2022 ഒക്ടോബര്‍ മൂന്നിന് കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞ് പിറ്റേന്ന് പുലര്‍ച്ചെ പിണറായി വിദേശത്തേക്കു പറന്നു. തിരുവനന്തപുരത്ത് പൊതുദര്‍ശനവും തുടര്‍ന്ന് വിലാപയാത്രയും നടത്തിയാല്‍ വിദേശപര്യടനം പ്രതിസന്ധിയിലാകുമായിരുന്നു. അതുകൊണ്ടാണ് സിപിഎമ്മിന്റെ എല്ലാ കീഴ്‌വഴക്കങ്ങളും ചീന്തിയെറിഞ്ഞ് കുടുംബത്തെ വേദനിപ്പിക്കുകയും പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കുകയും ചെയ്ത തരത്തിലുള്ള യാത്രയപ്പ് നല്കിയതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
എകെജിയുടെ ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് പയ്യാമ്പലത്തെത്താന്‍ രണ്ടു ദിവസമെടുത്തു. ഇ.കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് പയ്യാമ്പലത്തേക്കു കൊണ്ടുപോയത് പതിനായിരങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയാണ്. കെഎസ്ആര്‍ടിസിയുടെ പ്രത്യേകം തയാറാക്കിയ ബസിലായിരുന്നു ഇവരുടെ അന്ത്യയാത്ര. ഇവരുടെ വിടവാങ്ങലിനോട് അനുബന്ധിച്ച് അനുശോചന യോഗം നടത്തിയെങ്കിലും കോടിയേരിയുടെ കാര്യത്തില്‍ അതും ഉണ്ടായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here