‘തമിഴ് റോക്കേഴ്സ്’ വീണ്ടും; ഉടൻ സജീവമാകുമെന്ന് ഓൺലൈനിൽ പ്രഖ്യാപനം; വ്യാജ പ്രിൻ്റുകൾക്കെതിരെ ജാഗ്രത പാലിക്കാൻ സിനിമാലോകം

തിരുവനന്തപുരം: എല്ലാ ഭാഷയിലുമുള് സിനിമക്കാരുടെ പേടിസ്വപ്നമായ പൈറസി വീരന്മാർ ‘തമിഴ് റോക്കേഴ്സ്’ വീണ്ടും സജീവമാകുന്നു. ഈ പേരിലുള്ള വെബ്സൈറ്റ് ഇന്നലെ മുതല്‍ ആക്ടീവായി. 2018ൽ സംഘത്തിലെ പ്രധാനികൾ അറസ്റ്റിലാകുകയും കോവിഡിൽ ബിസിനസിന് തിരിച്ചടിയാകുകയും ചെയ്തതോടെ രണ്ട് വർഷത്തോളമായി പ്രവർത്തനം നിലച്ച അവസ്ഥയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജവാന്റെയും ജയിലറിന്റെയും വ്യാജ പതിപ്പുകൾ റിലീസ് ദിവസം തന്നെ പുറത്തുവന്നതിന് പിന്നിലും ഇവരാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

2011 മുതൽ 2018 വരെയുള്ള കാലഘട്ടത്തിലാണ് തമിഴ് റോക്കേഴ്സ് സജീവമായിരുന്നത്. ആദ്യകാലങ്ങളിൽ തമിഴ് സിനിമകളുടെ വ്യാജ പതിപ്പുകളാണ് ഇവർ പുറത്തിറക്കിയിരുന്നത്. പിന്നീട് മറ്റ് ഭാഷാ ചിത്രങ്ങളുടെ വ്യാജപതിപ്പുകളുമായി എല്ലാ നാട്ടിലെയും സിനിമാ ആരാധകർക്കിടയിലേക്ക് കടന്നുകയറി. പുതിയ സിനിമ തിയേറ്ററിൽ എത്തി മണിക്കൂറുകൾക്കകം ഇൻറർനെറ്റിൽ വ്യാജൻ എത്തും. ടെലിഗ്രാം ആപ്പ് വന്നതിന് ശേഷം അതിലൂടെ വ്യാപക പ്രചാരം ലഭിച്ചു. കോടികളുടെ നഷ്ടമാണ് നിർമാതാക്കൾക്ക് ഉണ്ടായിരുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് സൈബര്‍ സംഘങ്ങൾക്ക് തമിഴ് റോക്കേഴ്സ് വൻ തലവേദനയായത് ഇങ്ങനെയാണ്.

2018ൽ വ്യാജസിനിമാ കേസിൽ തമിഴ്നാട്ടിലെ വില്ലുപുരത്ത് നിന്ന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് താൽക്കാലികമായെങ്കിലും എല്ലാം പൂട്ടിക്കെട്ടിയ അവസ്ഥയിലായി. സംഘത്തിലെ പ്രധാനികളായിരുന്നു പിടിയിലായവർ. എന്നാൽ കോവിഡിന് ശേഷം വീണ്ടും ചെറിയതോതില്‍ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയവരോ സംഘത്തിലെ മറ്റുള്ളവരോ ആകാം ഇതിന് പിന്നിലെന്നാണ് സൂചന. പേര് മാറ്റി തമിഴ് ബ്ലാസ്റ്റേഴ്‌സ്, തമിഴ് എംവി എന്നിങ്ങനെ പല പേരുകളിൽ വെബ്സൈറ്റുകൾ ഇപ്പോൾ തന്നെ പ്രചാരത്തിലുണ്ട്. ഇവയിലാണ് ജയിലർ, ജവാൻ എന്നീ സിനികളുടെ വ്യാജൻ പ്രത്യക്ഷപ്പെട്ടത്. ഇവക്ക് പിന്നിൽ തമിഴ് റോക്കേഴ്സ് തന്നെയായിരുന്നു എന്നാണ് നിഗമനം.

ഏതായാലും പഴയ പേരിൽ തന്നെ വ്യാജന്മാർ തിരിച്ചുവരുമ്പോൾ പ്രേക്ഷകപ്രതികരണം ഞെട്ടിക്കുന്നതാണ്. തമിഴ് റോക്കേഴ്സ് തിരിച്ചുവരുന്നുവെന്ന വിവരം പങ്കുവച്ച സോഷ്യൽ മീഡിയ പേജുകളിലെല്ലാം സിനിമാപ്രേമികളുടെ വൻ പ്രതികരണമാണ്. പേജ് ലിങ്ക് ആവശ്യപ്പെട്ടും മറ്റും ഒട്ടേറപ്പേരാണ് കമൻ്റുകളിടുന്നത്. ‘തമിഴ് റോക്കേഴ്സ്’ എന്ന പേരില്‍ 2022ല്‍ തമിഴില്‍ ഒരു വെബ്‌ സീരീസ് പോലും ഇവരുടെ പേരിൽ പുറത്തുവന്നിരുന്നു.

Logo
X
Top