ഭ്രമയുഗവും വ്യാജന്മാർ കൊണ്ടുപോയി; റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തമിഴ് ബ്ലാസ്റ്റേഴ്സിലും എംവിയിലും സിനിമയിറങ്ങി

തിരുവനന്തപുരം: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗം തീയറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം വ്യാജനും പുറത്ത്. തമിഴ് ബ്ലാസ്റ്റേഴ്‌സ്, തമിഴ് എംവി എന്നീ പൈറസി സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് എത്തിയത്. തികച്ചും വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. അതുകൊണ്ട് തന്നെ പോസ്റ്റർ റിലീസായത് മുതൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. റിലീസിനൊപ്പം വ്യാജനും എത്തിയത് സിനിമക്ക് തിരിച്ചടിയാണ്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈനോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തുമാണ് ചിത്രം നിർമിച്ചത്. ഇന്ത്യൻ സിനിമാ വ്യവസായത്തെയാകെ മുൾമുനയിൽ നിർത്തിയ പൈറസി സൈറ്റ് തമിഴ് റോക്കേഴ്സ് ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പല ചിത്രങ്ങളുടെ വ്യാജനും ഇറങ്ങുന്നത്. ഭ്രമയുഗത്തിന്റെ വ്യാജൻ പുറത്തുവിട്ട ബ്ലാസ്റ്റേഴ്‌സ്, എംവി എന്ന സൈറ്റുകൾക്ക് പിന്നിൽ റോക്കേഴ്സിന്റെ സൂത്രധാരന്മാരാണോ എന്ന സംശയവുമുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവയുടെയും റിലീസ് ദിവസം വ്യാജൻ ഇറങ്ങിയിരുന്നു.

റോക്കേഴ്സ് സംഘത്തിലെ ഏതാനും പേരെ 2018ൽ പോലീസ് പിടികൂടിയതോടെ താൽക്കാലികമായി എല്ലാം പൂട്ടിക്കെട്ടിയ അവസ്ഥയിലായിരുന്നെങ്കിലും കോവിഡിന് ശേഷം വീണ്ടും ചെറിയതോതിൽ പൈറസി സൈറ്റുകൾ തലപൊക്കി തുടങ്ങിയിരുന്നു. എന്നാല്‍ ഇത്തരക്കാർ സജീവമാകുന്നതാണ് ഇപ്പോൾ കാണുന്നത്. ഇത് സിനിമാമേഖലക്ക് മുഴുവൻ വെല്ലുവിളിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top