അനിൽ ആൻ്റണി കോഴ വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിൻ്റെ ആരോപണം സ്ഥിരീകരിച്ച് പി.ജെ.കുര്യന്‍; ‘ഇടപാട് അറിയില്ല; പണം തിരികെ നല്‍കാൻ ആന്റണിയോടോ മകനോടോ പറഞ്ഞിരുന്നു’
പത്തനംതിട്ട : ദല്ലാള്‍ നന്ദകുമാറില്‍ നിന്നും അനില്‍ ആന്റണി പണം വാങ്ങിയതായി സ്ഥിരീകരിച്ച് കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. എത്ര പണം വാങ്ങിയെന്നോ എന്തിനാണ് പണം വാങ്ങിയതെന്നോ അറിയില്ല. പണം തിരികെ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദല്ലാള്‍ നന്ദകുമാര്‍ കണ്ടിരുന്നു. അതുകൊണ്ടാണ് വിഷയത്തില്‍ ഇടപെട്ടത്. എ.കെ.ആന്റണിയോടാണോ അനില്‍ ആന്റണിയോടാണോ പണം തിരികെ നല്‍കാന്‍ പറഞ്ഞതെന്ന് ഓര്‍മ്മയില്ലെന്നും കുര്യന്‍ പറഞ്ഞു.
എ.കെ.ആന്റണിയോട് ഏറ്റവും അടുപ്പം സൂക്ഷിക്കുകയും യുപിഎ കാലത്ത് നിര്‍ണ്ണായക സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത മുതിര്‍ന്ന നേതാവ് നന്ദകുമാറിന്റെ ആരോപണങ്ങളില്‍ സ്ഥിരീകരണം നല്‍കുമ്പോള്‍ കൃത്യമായ മറുപടി പറയാന്‍ അനിലും ആൻ്റണിയും നിര്‍ബന്ധിതരാകും. സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ അനില്‍ വാങ്ങിയെന്നായിരുന്നു നന്ദകുമാര്‍ ആരോപിച്ചത്. എന്നാല്‍ നിയമനം ലഭിച്ചില്ല. പണം തിരികെ നല്‍കാന്‍ അനില്‍ തയ്യാറായതുമില്ല. തുടര്‍ന്ന് പി.ജെ.കുര്യന്‍, പി.ടി.തോമസ് എന്നിവര്‍ ഇടപെട്ടതോടെ അഞ്ച് തവണകളായി പണം തിരികെ നല്‍കിയെന്നായിരുന്നു നന്ദകുമാര്‍ ആരോപിച്ചത്. ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം പരാതി നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ തടഞ്ഞത് പി.ജെ.കുര്യനാണെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു.
2013 ഏപ്രിലില്‍ ഡല്‍ഹി അശോക ഹോട്ടലില്‍വെച്ചാണ് പണം കൈമാറിയത്. അന്നത്തെ സിബിഐ ഡയറക്ടറായിരുന്ന രഞ്ജിത്ത് സിന്‍ഹയ്ക്ക് നല്‍കാനാണ് പണം എന്ന് പറഞ്ഞാണ് അനില്‍ വാങ്ങിയത്. DL-02-CBB-4262 എന്ന ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള അനിലിന്റെ ഹോണ്ട സിറ്റി കാറിലെത്തിയാണ് പണം കൈപ്പറ്റിയതെന്നും നന്ദകുമാര്‍ ആരോപിച്ചിരുന്നു. നന്ദകുമാര്‍ പറഞ്ഞ നമ്പറിലെ കാര്‍ സ്വന്തമായുണ്ടെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച ഈ ആരോപണം പുറത്തുവന്നപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണം എന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. നന്ദകുമാറിന്റെ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. നന്ദകുമാര്‍ സാമൂഹ്യവിരുദ്ധനാണ്. പല ആവശ്യവുമായി സമീപിച്ചിട്ടുണ്ട്. നടക്കില്ലെന്ന് പറഞ്ഞാണ് മടക്കിയത്. നിരന്തരം വിളിച്ചപ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്‌തെന്നും അനില്‍ പ്രതികരിച്ചിരുന്നു.
ഇപ്പോള്‍ നന്ദകുമാറിന്റെ ആരോപണത്തിന് പി.ജെ കുര്യന്റെ സാക്ഷ്യപ്പെടുത്തല്‍ കൂടി വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാവുകയാണ്. എ.കെ.ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ ആയുധ ഇടപാട് സംബന്ധിച്ച രേഖകള്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് അനില്‍ വിറ്റിരുന്നുവെന്ന അതീവ ഗുരുതര ആരോപണം കൂടി നന്ദകുമാര്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിന് ആന്റണിയും മറുപടി പറയേണ്ടി വരും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here