‘വർഗീയ രാഘവൻ’; വടക്കേ ഇന്ത്യയിലെ ബിജെപി രാഷ്ട്രീയമാണ് കേരളത്തിൽ സിപിഎം നടപ്പാക്കുന്നതെന്ന് വിമർശനം
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വയനാട്ടിലെ വിജയം വർഗീയ ശക്തികളുടെ പിന്തുണയോടെ ആണെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രസ്താവനക്കെതിരെ യുഡിഎഫ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ, മുസ്ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടിയും കെഎം ഷാജി എംഎല്‍എയുമടക്കമുള്ള മുന്നണി നേതാക്കള്‍ അതിരൂക്ഷമായ വിമർശനമാണ് പ്രസ്താവനക്കെതിരെ നടത്തിയിരിക്കുന്നത്. വായ തുറന്നാൽ വർഗീയത മാത്രം പറയുന്ന വിജയരാഘവൻ വർഗീയ രാഘവനായി മാറിയെന്നായിരുന്നു കെഎം ഷാജിയുടെ പ്രതികരണം. ആർഎസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂനപക്ഷത്തിന്റെ പേര് പറയുന്ന വര്‍ഗീയവാദികളാണ് ഇരുനേതാക്കളെയും വിജയിപ്പിച്ചതെന്നും അതിനാല്‍ സൂക്ഷിക്കണമെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. എന്ത് തെമ്മാടിത്തരമാണ് ഇത്. സിപിഎമ്മിന് മുസ്ലിം ലീഗാണ് പ്രശ്‌നമെന്നും കെ.എം. ഷാജി പറഞ്ഞു. വിജയരാഘവന്‍ കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും തങ്ങളുടെ കൊക്കിന് ജീവനുണ്ടെങ്കില്‍ അതിന് മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയരാഘവന്‍ വര്‍ഗീയ രാഘവനായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലും ആരോപിച്ചു.
വിഷയത്തില്‍ സി പി എം പോളിറ്റ് ബ്യൂറോ നിലപാട് വ്യക്തമാക്കണം. ബിജെപിയുടെ ക്വട്ടേഷന്‍ സിപിഎം ഏറ്റെടുത്തു. എന്നാല്‍ അണികള്‍ ഏറ്റെടുക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വര്‍ഗീയ സമീപനമാണ് സിപി മ്മിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ആര്‍എസ് എസിന് ഉപയോഗിക്കാനുള്ള ആയുധമാണ് വിജയരാഘവന്റെ പ്രസ്താവനയെന്നും സതീശന്‍ പറഞ്ഞു.
സിപിഎം ഭൂരിപക്ഷ വർഗീയത ഇളക്കിവിടുകയാണ് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ക്രൂരമായ പരാമർശമാണ് വിജയരാഘവൻ നടത്തിയത്. ഉത്തരേന്ത്യയിൽ ബിജെപി കൊണ്ടുനടക്കുന്ന രാഷ്ട്രീയമാണ് കേരളത്തിൽ സിപിഎം പരീക്ഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടു ചോരുമെന്ന ആധിയാണ് സിപിഎം നേതാക്കളെ ഇങ്ങനെ പച്ചക്ക് വർഗീയത പറയാൻ പ്രേരിപ്പിക്കുന്നത്. ഇത് കേരളമാണെന്നും ലീഗ് നേതാവ് ഓർമപ്പെടുത്തി. വർഗീയത പറഞ്ഞാൽ കേരളത്തിൽ വിപരീത ഫലമാണ് ഉണ്ടാവുക. വയനാട്ടിലെ വോട്ടർമാരെ മൊത്തം തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവന്റെതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
പാർലമെൻ്റിൽ എത്തിയത് മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണ് എന്നായിരുന്നു വിജയരാഘവൻ്റെ വിവാദ പരാമർശം. അവരുടെ പിന്തുണ ഇല്ലെങ്കിൽ രാഹുൽ ഗാന്ധി ജയിക്കുമായിരുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ ഓരോ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട വർഗീയ, തീവ്രവാദ ഘടകങ്ങൾ ആയിരുന്നുവെന്നും വിജയരാഘവൻ പറഞ്ഞിരുന്നു. സിപിഎം വയനാട് ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രസ്താവന.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here