‘എൽഡിഎഫ് കരയുന്നു’; ഇടത് പരസ്യം ബിജെപിക്ക് വേണ്ടിയെന്ന് കുഞ്ഞാലിക്കുട്ടി
മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് എന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞത് മുനമ്പത്തെ ഇടപെടൽ ഫലം കാണുന്നതിന് ഇടയിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ സാമുദായിക ചേരിതിരിവ് ഉണ്ടാവാതിരിക്കാൻ വേണ്ടിയുള്ള വലിയ നീക്കമാണ് തങ്ങൾ നടത്തിയത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിയുടെ വിമർശമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
Also Read: പാണക്കാട് തങ്ങളെ വിമർശിച്ച പിണറായിക്ക് സുരേന്ദ്രൻ്റെ പിന്തുണ; കോൺഗ്രസിന് രൂക്ഷ വിമർശനം
സംസ്ഥാന സർക്കാർ പരാജയപ്പെട്ട മുനമ്പം പ്രശ്നം പരിഹരിക്കാൻ വേണ്ടി സാദിഖലി തങ്ങൾ ശ്രമിച്ചു. ഇത്തരമൊരു നീക്കം ചർച്ചയാവാതെ ഇരിക്കാനാണ് അനാവശ്യ വിഷയം ഉയർത്തിയത്. ജമാ അത്തെ ഇസ്ലാമിക്ക് അദ്ദേഹം എന്ത് പിന്തുണയാണ് നൽകിയിട്ടുള്ളത്. പൊന്നാനി തിരഞ്ഞെടുപ്പിൽ ഒരുമിച്ച് വേദി പങ്കിട്ടവരും ഒരുമിച്ച് മത്സരിച്ചവരുമാണ് സിപിഎമ്മും ജമാ അത്തെ ഇസ്ലാമിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പറഞ്ഞ് സമുദായത്തിനകത്ത് വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. സാമുദായിക സ്പർധ ഉണ്ടാകാതിരിക്കാൻ ശക്തമായ നിലപാടാണ് പാണക്കാട് തങ്ങൾമാർ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥി പി സരിന് വേണ്ടി സിറാജ്, സുപ്രഭാതം പത്രങ്ങളിലൽ വന്ന പരസത്തെയും ലീഗ് നേതാവ് കുറ്റപ്പെടുത്തി. എൽഡിഎഫിൻ്റെ പത്രപരസ്യം ബിജെപിയെ ജയിപ്പിക്കാനാണ്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാനാണ് സിപിഎം ശ്രമം. ഇടതു മുന്നണി ജനങ്ങളെ ചേരിതിരിക്കാൻ ശ്രമിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
Also Read: പാലക്കാട് ഇരട്ട വോട്ട് നിലനിർത്തുമെന്ന് കളക്ടർ; ഏറ്റുപിടിച്ച് മുന്നണികൾ; നിയമ നടപടിക്കെന്ന് സിപിഎം
ബിജെപിയിൽ നിന്ന് സന്ദീപ് വാര്യർ പോയതിന് ഇടതുപക്ഷം എന്തിനാണ് ഇത്ര കരയുന്നത്. തൃശൂർപൂരം കലക്കിയ പോലെ പാലക്കാടും കലക്കാൻ നോക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. പത്രപരസ്യവുമായി സമസ്തയ്ക്ക് ബന്ധമില്ലെന്ന് സമസ്ത നേതൃത്വം അറിയിച്ചിട്ടുണ്ട്. പത്രത്തിൽ വന്ന പരസ്യത്തെ സമസ്ത തന്നെ തള്ളിപറഞ്ഞു. പിന്നെ ആ പരസ്യത്തിനെന്ത് വിലയെന്നും പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.
പാണക്കാട് സാദിഖലി തങ്ങളെക്കുറിച്ച് നടത്തിയ വിമർശനത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ പറഞ്ഞത് മുസ്ലിം ലീഗ് പ്രസിഡന്റിനെ കുറിച്ചാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞു.സാദിഖലി ശിഹാബ് തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെയാണ് പെരുമാറുന്നതെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്.
രാഷ്ട്രീയ പാര്‍ട്ടി നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരണത്തിൽ പറഞ്ഞു . സാദിഖലി തങ്ങളെ കുറിച്ച് വിമർശിക്കരുതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞാല്‍ നാട് അംഗീകരിക്കുമോയെന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു. പല കോണ്‍ഗ്രസുകാര്‍ക്കും വര്‍ഗീയ നിലപാടാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയോട് കോണ്‍ഗ്രസിന് മൃദു സമീപനമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here