‘മുനമ്പത്ത് വഖഫ്, പാലക്കാട് പെട്ടി, തൃശൂരിൽ പൂരം, വയനാട്ടിൽ…? സുരേഷ് ഗോപിയുടേത് കലക്കലെന്ന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി


വഖഫ് ബോർഡിനെ കിരാതമെന്ന് പരാമർശിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മുനമ്പത്തും തൃശൂർ പൂരം കലക്കിയത് പോലെ ഒരു കലക്കിനാണ് സുരേഷ് ഗോപി ശ്രമിക്കുന്നത്. അത് സാമുദായിക വേർതിരിവിന് വേണ്ടിയുള്ള കലക്കാണ്. അതിന് വേണ്ടിയാണ് ബിജെപി ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
“എവിടെ ചെന്നാലും കലക്കാണ്. പാലക്കാട് പെട്ടി വച്ച് കലക്ക്, മുനമ്പത്ത് വഖഫ് വച്ച് കലക്കുക, വടകരയിൽ കാഫിർ വച്ച് കലക്കുക, പൂരം കലക്കി. ഇനി വയനാട്ടിൽ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കുകയാണ്” -കുഞ്ഞാലിക്കുട്ടി പറഞ്ഞു

ALSO READ: ലീഗ് മുനമ്പത്തെ താമസക്കാർക്കൊപ്പം; അവരുടെ അവകാശം സംരക്ഷിക്കുമെന്ന് കുഞ്ഞാലിക്കുട്ടി


മുനമ്പത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുക എന്നത് ഭരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. വഖഫ് പറഞ്ഞ് അവിടെയും കലക്കാൻ നടക്കുകയാണ്. എന്നാൽ രക്ഷപ്പെടുത്താൻ നോക്കുന്നത് ഞങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. വിഭജിച്ച് ഭരിക്കുക എന്ന നയമാണ് കേന്ദ്ര, കേരള സർക്കാരുകൾ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ലീഗ് നേതാവ് വിമർശിച്ചു.

ALSO READ: ‘മുനമ്പത്ത് പ്രശ്നം സർക്കാർ മൗനം’; പ്രദേശവാസികൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതിന് മുസ്ലിം സംഘടനകളുടെ പൂർണ പിന്തുണയെന്ന് കുഞ്ഞാലിക്കുട്ടി


വയനാട് കമ്പളക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് വഖഫിനെതിരെ സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ആ ബോർഡിൻ്റെ പേര് താൻ പറയില്ല. നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമാണ് വഖഫ് എന്നാണ് പേര് പറയാതെയുള്ള സുരേഷ് ഗോപിയുടെ വിമർശനം. ഭാരതത്തിൽ ആ കിരാതത്തെ ഒതുക്കിയിരിക്കും. മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂർ പൊക്കിനടന്നവരെ ഇപ്പോൾ കാണാനില്ല. മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതമാണ്. വഖഫ് ഭേദഗതി ബില്‍ നടപ്പാക്കിയിരിക്കുമെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു.

ALSO READ: യൂത്ത് ലീഗിൻ്റെ ഊട്ടുപുര പൂട്ടിച്ചിട്ടെന്ത് നേടി സർക്കാരേ? ഒന്നിച്ചുനിൽക്കേണ്ട നേരത്ത് കുത്തിതിരുപ്പ് പാടില്ലെന്ന് കുഞ്ഞാലിക്കുട്ടി


സുരേഷ് ഗോപി വയനാട്ടിൽവച്ച് നടത്തിയ വിമർശനത്തിനെതിരെ മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികളും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. “ഇരു സർക്കാരുകളും ഉരുൾപൊട്ടൽ ബാധിച്ചവർക്ക് എന്താണ് കൊടുത്തത്? പുഴുത്ത അരിയോ. എന്നിട്ട് കലക്ക് വർത്തമാനം പറഞ്ഞു നടക്കുന്നതിൽ എന്താണ് കാര്യമുള്ളത്. ദുരന്തത്തിൽപ്പെട്ടവർക്ക് എന്തെങ്കിലും കൊടുക്കാൻ കേന്ദ്രമന്ത്രി മുൻകൈ എടുത്തൂടേ. കേന്ദ്രമന്ത്രി വയനാട്ടിൽ വരുമ്പോൾ ആ വർത്തമാനമല്ലേ പറയേണ്ടത്” – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ALSO READ: മുനമ്പം വര്‍ഗീയ ശക്തികള്‍ മുതലെടുപ്പിനുള്ള അവസരമാക്കുന്നു; സര്‍വ്വകക്ഷി യോഗം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

വിശ്വാസം ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുക എന്നത് ബിജെപിയുടെ നയമാണ്. കേന്ദ്ര സർക്കാറിന് മുമ്പുള്ള ഭൂരിപക്ഷമില്ല. പല പാർട്ടികളുണ്ടെന്നും വരുന്നിടത്ത് വച്ച് കാണാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top