പാര്‍ട്ടിക്ക് ശശി ‘പണി’ കൊടുക്കുന്നോ; പാലക്കാട് പ്രചാരണത്തിന് ഇല്ലാതെ മുങ്ങല്‍; യാത്ര വിദേശത്തേക്ക്
പാലക്കാട്ടെ സിപിഎമ്മിന്റെ ഏറ്റവും ശക്തനും സ്വാധീനശക്തിയുള്ള നേതാവുമാണ് കെടിഡിസി ചെയർമാന്‍ പി.കെ.ശശി. പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനായ ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കണമെന്നു പാലക്കാട് ഘടകം ആവശ്യപ്പെട്ടെങ്കിലും അതിന് സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല.
പാര്‍ട്ടിയില്‍ ശശി അതൃപ്തനായി തുടരുന്ന വേളയിലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് എത്തിയിരിക്കുന്നത്. പാലക്കാട് നിയമസഭാ സീറ്റ് യുഡിഎഫില്‍ നിന്നും തിരികെ നേടണമെങ്കില്‍ ശശിയെപ്പോലുള്ള ഒരു നേതാവ് സിപിഎമ്മിന് അത്യാവശ്യമാണ്. പക്ഷെ ശശി ‘മുങ്ങുക’യാണ്. ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ആണ് പോകുന്നത്.
കെടിഡിസി ചെയര്‍മാന്‍ എന്ന നിലയില്‍ അന്താരാഷ്ട്രവാണിജ്യമേളയിൽ പങ്കെടുക്കാനാണ് യാത്ര. നവംബർ മൂന്ന് മുതൽ 16 വരെയാണ് സന്ദര്‍ശനം. അതായത് പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊള്ളുമ്പോള്‍ ശശി ഉണ്ടാകില്ല. തിരഞ്ഞെടുപ്പിന് ശേഷം മാത്രമെ തിരിച്ചെത്തുകയുള്ളൂ. ശശി മുങ്ങുകയാണ് എന്നാണ് ആരോപണം വന്നിരിക്കുന്നത്.
ശശിയെ പാലക്കാട് സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കാന്‍ ജില്ലാ ഘടകം തീരുമാനിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടില്‍ നിന്നും ശശി ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ കണ്ടെത്തല്‍. ശശി അധ്യക്ഷനായ യൂണിവേഴ്സല്‍ കോളേജ് നിയമനത്തിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി വന്നത്.
ശശിക്ക് എതിരെ 2018ൽ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണം വ്യാപക ചർച്ചയായതാണ്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതിയാണ് അന്ന് പാർട്ടിക്ക് പരാതി നല്‍കിയത്. പാർട്ടി നിയോഗിച്ച കമ്മിഷൻ്റെ കണ്ടെത്തൽ അതിലേറെ ചർച്ചയായതാണ്. തീവ്രത കുറഞ്ഞ പീഡനമാണ് ശശി നടത്തിയത് എന്നായിരുന്നു എ.കെ.ബാലൻ, പി.കെ.ശ്രീമതി എന്നിവരടങ്ങിയ പാർട്ടി കമ്മിഷൻ കണ്ടെത്തിയത്. അതിൽ ആറു മാസത്തെ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെടുത്ത ശേഷമാണ് വീണ്ടും നടപടി വന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here