വനംവകുപ്പ് ഓഫീസിലെ കഞ്ചാവ് കേസില്‍ ദുരൂഹത; റേഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ട് വനംവകുപ്പ് പരിശോധിക്കുന്നു; വനിതാ ജീവനക്കാര്‍ക്ക് എതിരെയുള്ള പ്രതികാരമോ!

കോട്ടയം: എരുമേലി റേഞ്ചിന് കീഴിലുള്ള പ്ലാച്ചേരി വനംവകുപ്പ് ഓഫീസില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതായി കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇതുമായി ബന്ധപ്പെട്ട് റേഞ്ച് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വാസ്തവം തേടിയുള്ള അന്വേഷണമാണ് വനംവകുപ്പും പോലീസും നടത്തുന്നത്. വനിതാ ജീവനക്കാര്‍ റേഞ്ച് ഓഫീസര്‍ക്ക് എതിരായി നല്‍കിയ പരാതിക്ക് പ്രതികാരമാണോ കഞ്ചാവ് കേസ് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

“കഞ്ചാവ് വളര്‍ത്തി എന്ന് ആരോപിച്ച് ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ സമരം നടക്കുന്നതായി അറിഞ്ഞാണ് പോലീസ് എത്തിയത്. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്. എന്താണ് കഞ്ചാവ് കേസിന് പിന്നിലെന്ന് വിശദമായി അന്വേഷിക്കും”-മണിമല സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.ജയപ്രസാദ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

വനംവകുപ്പ് ഓഫീസില്‍ ചില ജീവനക്കാര്‍ കഞ്ചാവ് വളര്‍ത്തി എന്ന റേഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ വനംവകുപ്പ് സംശയിക്കുന്നതിന് കാരണങ്ങളുണ്ട്‌. വനിതാ ജീവനക്കാര്‍ പരാതി നല്‍കിയതോടെയാണ് റേഞ്ച് ഓഫീസര്‍ ബി.ആര്‍.ജയനെ എരുമേലിയില്‍ നിന്നും മലപ്പുറത്തേക്ക് സ്ഥലംമാറ്റുന്നത്. ഈ മാസം 19ന് ആണ് സ്ഥലംമാറ്റ ഉത്തരവ് നല്‍കുന്നത്. എന്നാല്‍ 21ന് ആണ് റേഞ്ച് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. 16-ാം തീയതി വെച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്.

ജയനെതിരെ പരാതി നല്‍കിയ വനിതാ ജീവനക്കാരുടെ പേര് മുഴുവന്‍ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് നല്കിയ ശേഷം വനംവകുപ്പും പോലീസും എക്സൈസും ഇവിടെ പരിശോധന നടത്തി. പക്ഷെ കഞ്ചാവ് ചെടി കണ്ടെത്താന്‍ കഴിഞ്ഞില്ല. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയപ്പോള്‍ ഒരു കഞ്ചാവ് ചെടി കണ്ടെത്തുകയും ചെയ്തു. പരിശോധനയില്‍ കണ്ടെത്താത്ത കഞ്ചാവ് ചെടി എങ്ങനെ അവിടെ വീണ്ടും വന്നു എന്ന ചോദ്യമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലുള്ളത്.

ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ റേഞ്ച് ഓഫീസര്‍ പറയുന്നുണ്ട്. എന്നാല്‍ റേഞ്ച് ഓഫീസര്‍ നിര്‍ബന്ധിച്ചതിനാല്‍ മൊഴി നല്‍കിയെന്ന വിവരമാണ് ഈ ഉദ്യോഗസ്ഥന്‍ നല്‍കിയത്. മൂന്ന് വെള്ളക്കടലാസുകളില്‍ തന്നെക്കൊണ്ട് ഒപ്പിടുവിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. റേഞ്ച് ഓഫീസര്‍ക്ക് നടപടി എടുക്കാന്‍ കഴിയുന്ന കേസാണിത്. എന്നാല്‍ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യവും ഇവര്‍ക്ക് മുന്നിലുണ്ട്.

കഞ്ചാവ് ചെടിയുടെ ദൃശ്യങ്ങള്‍ തനിക്ക് ഒരു സോഴ്സില്‍ നിന്നും ലഭിച്ചുവെന്നാണ് റേഞ്ച് ഓഫീസര്‍ അറിയിച്ചത്. സോഴ്സ് ആരെന്നു വെളിപ്പെടുത്തിയിട്ടുമില്ല. അതുകൊണ്ടാണ് റിപ്പോര്‍ട്ടിനെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നത്. എന്നാല്‍ തന്റെ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് റേഞ്ച് ഓഫീസറുടെ ആരോപണം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top