‘കർത്താവിനെ സ്തുതിച്ചു കൊണ്ടുള്ള പാട്ടിലും മോഷണം’; സിതാര കൃഷ്ണകുമാറിൻ്റെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം
പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാർ പാടിയ ക്രിസ്തീയ ഭക്തിഗാനത്തിന് എതിരെ മോഷണ ആരോപണം. പത്തനംതിട്ട നിരണം സ്വദേശിയായ ജാക്ക് ഈപ്പൻ എന്നയാളാണ് സോഷ്യൽ മീഡിയയിലൂടെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. അമേരിക്കൻ മലയാളിയായ റജി ജേക്കബ് എഴുതി സംഗീതം നിർവഹിച്ച ‘സ്നേഹത്തിലെന്നെ നിറയ്ക്കണമേ’’ എന്ന് തുടങ്ങുന്ന ക്രിസ്മസ് ഗാനത്തിനെതിരെയാണ് കോപ്പിയടി ആരോപണം ഉയർത്തിയിരിക്കുന്നത്.
2023ൽ സിതാരയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ ഗാനം 24 വർഷം മുമ്പ് താൻ രചിച്ചതാണ് എന്നാണ് ജാക്ക് ഈപ്പൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. ഫാ. എംപി ജോർജിൻ്റെ സംഗീതത്തിൽ എംയു മാത്യൂസ് പാടിയ പാട്ട് ഓർത്തഡോക്സ് സഭയുടെ വെക്കേഷൻ ബൈബിൾ സ്കൂൾ (OVBS) 2000ൽ കാസറ്റ് രൂപത്തിലും അല്ലാതെയും പ്രസിദ്ധീകരിച്ചതായും അദ്ദേഹം പറയുന്നു.
Also Read: മേതില്‍ ദേവിക ആശയം മോഷ്ടിച്ചു; ‘ക്രോസ്സ് ഓവർ’ നൃത്തരൂപത്തിനെതിരെ സിൽവി മാക്സി മേന
കാസറ്റുകളുടെ കാലം കഴിഞ്ഞെന്ന തിരിച്ചറിവിൽ നിന്നും താൻ രചിച്ച പാട്ടിൻ്റെ എംപിത്രി (MP3) പതിപ്പ് 2020ൽ യൂട്യൂബിൽ അപ്ലോഡ് ചെയ്തതായും ജാക്ക് പറയുന്നു. അതിൻ്റെ ലിങ്കും സ്ക്രീൻ ഷോട്ടുകളും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. എന്നാൽ തൻ്റെ രചന മോഷ്ടിച്ചവർക്കെതിരെ നിയമ നടപടികളൊന്നും സ്വീകരിക്കാനില്ലെന്ന് ജാക്ക് ഈപ്പൻ, മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
റജി ജേക്കബിനെ നേരിട്ടറിയില്ല. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുമായി അടുത്ത സൗഹൃദവും ബന്ധവുമുണ്ട്. അതിനാലാണ് തുടർ നടപടി സ്വീകരിക്കാതിരിക്കുന്നത്. തൻ്റെ പാട്ടാണ് ഇതെന്ന് എവിടെയെങ്കിലും റെക്കോർഡിക്കലായി രേഖപ്പെടുത്തണമെന്ന് തോന്നി. അതിനാലാണ് സോഷ്യൽ മീഡിയയിൽ ഇത്തരമൊരു പോസ്റ്റിട്ടതെന്നും ജാക്ക്, മാധ്യമ സിൻഡിക്കറ്റിനോട് വ്യക്തമാക്കി.
Also Read: മേതിൽ ദേവികക്ക് സമൻസ് അയച്ച് കോടതി; ‘മുദ്രനടനം’ നൃത്താവിഷ്കാരം ചോർത്തിയതിൽ വിശദീകരണം വേണം
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
അടുത്തയിടെ, ഒരു “മനോഹരമായ” ക്രിസ്തീയ ഗാനത്തിൻ്റെ യൂട്യൂബ് ലിങ്ക് ഒരാൾ അയച്ചു തന്നു. അമേരിക്കൻ മലയാളിയായ ശ്രീ റജി ജേക്കബ് എഴുതി സംഗീതം നിർവ്വഹിച്ച്, പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാർ പാടിയതാണ് 2023ൽ (വർഷം ശ്രദ്ധിക്കുക) പുറത്തിറക്കിയ ഗാനം (ലിങ്ക് കമൻ്റിൽ).
പാട്ട് കേട്ട ഞാൻ ഞെട്ടി മാമ. ങ്ങേ ഇത് 2000ൽ (24 വർഷം മുമ്പ്) ഞാൻ എൻ്റെ കൈകൊണ്ട് എഴുതി ഓർത്തഡോക്സ് സഭയുടെ വെക്കേഷൻ ബൈബിൾ സ്കൂൾ (OVBS) പ്രസിദ്ധീകരിച്ച, ബഹു. എംപി ജോർജ് അച്ചൻ സംഗീതം കൊടുത്ത്, എൻ്റെ ബഹുമാന്യ സുഹൃത്ത് ശ്രീ എംയു മാത്യൂസ് പള്ളിപ്പാട് പാടി, OVBS കാസറ്റിലും ഉണ്ടായിരുന്ന അതേ പാട്ട്!!!
കാസറ്റുകൾ വംശനാശം വരുന്നു എന്ന് തിരിച്ചറിഞ്ഞ്, ഞാൻ കാസറ്റ് കുറെ വർഷങ്ങൾക്ക് മുമ്പ് ഒരു കടയിൽ കൊടുത്ത് MP3 ആയി കൺവേർട് ചെയ്ത് യൂട്യൂബിൽ 2020ൽ അപ്‌ലോഡ് ചെയ്തിരുന്നു (ലിങ്ക് കമൻ്റിൽ). ഇതിപ്പോ ഒർജിനൽ ഏതാ ഡ്യൂപ്ലിക്കേറ്റ് ഏതാ എന്ന് കൺഫ്യൂഷൻ ആയല്ലോ കർത്താവേ
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here