പാക് അധീന കശ്മീരിൽ ചാമ്പ്യൻസ് ട്രോഫി എത്തിക്കാൻ പിസിബി നീക്കം; തർക്ക പ്രദേശത്തെ പര്യടനത്തിന് തടയിട്ട് ബിസിസിഐ

അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻ ടോഫി ടൂർണമെൻ്റിൻ്റെ ട്രോഫി പര്യടനത്തിലും എതിർപ്പറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). പാക് അധീന കശ്മീരിൽ (പിഒകെ ) ഐസിസി ചാമ്പ്യൻസ് ട്രോഫി ട്രോഫി പ്രദർശിപ്പിക്കാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ (പിസിബി) നീക്കത്തിനെതിരെയാണ് ബിസിസിഐ ഇപ്പോൾ രംഗത്തെത്തിയത്. വിഷയം ബിസിസിഐ സെക്രട്ടറി ജയ് ഷാ വിഷയം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി ചർച്ച ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
പാകിസ്താനിൽ നടക്കുന്ന ടൂർണമെൻ്റിന് മുന്നോടിയായി നടത്തുന്ന ട്രോഫി പര്യടനത്തിൽ പിഒകെ പരിധിയിൽ വരുന്ന പ്രദേശങ്ങളായ സ്കാർഡു, മുറി, മുസാഫറാബാദ് എന്നിവ ഉൾപ്പെടുത്തുമെന്ന് പിസി ബി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിഷയം ഐസിസിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 1947 ൽ ഇരുരാജ്യങ്ങളും വിഭജിക്കപ്പെട്ടതുമുതൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്ക പ്രദേശമാണ് പിഒകെ. അതിനാലാണ് ബിസിസിഐവിയോജിപ്പ് ഐസിസിയെ അറിയിച്ചിരിക്കുന്നത്. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റ് അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് നടക്കുന്നത്.
Also Read: ഗുർബാസ് തകർത്തത് സച്ചിൻ്റെയും കോഹ്‌ലിയുടെയും റെക്കോർഡ്; അഫ്ഗാൻ താരത്തിന് മുന്നിൽ ഒരാൾ മാത്രം
ട്രോഫി പര്യടനത്തിൻ്റെ റൂട്ട് മാപ്പ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ഐസിസി ഇതു സംബന്ധിച്ച് നൽകുന്ന വിശദീകരണം. ട്രോഫിയുടെ യാത്ര സംബന്ധിച്ച വിവരങ്ങൾ ഐസിസിയുടെ പ്ലാറ്റ്ഫോമുകളിലൂടെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. ട്രോഫി ടൂറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചർച്ച തുടരുകയാണ് എന്നാണ് ഐസിസിയുടെ പ്രതികരണം.
Also Read: ഒറ്റ സെഞ്ച്വറിയിൽ പിറന്നത് ഒമ്പത് നേട്ടങ്ങൾ; സഞ്ജുവിൻ്റെ വെടിക്കെട്ടിൽ റെക്കോർഡ് പെരുമഴ
അതേസമയം പാകിസ്താനിൽ നടക്കുന്ന ടൂർണമെൻ്റിൽ നിന്നും ഇന്ത്യ വിട്ടു നിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഉടൻ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പിസിബി, ഐസിസിക്ക് കത്തയച്ചിരുന്നു. ബിസിസിഐയുടെ തീരുമാനത്തെക്കുറിച്ച് ഐസിസി അറിയിച്ചതായി പിസിബി പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ചാമ്പ്യൻഷിപ്പിൽ നിന്നുമുള്ള ഇന്ത്യയുടെ പിൻമാറ്റം ക്രിക്കറ്റ് ആരാധകർക്ക് ഇടയിൽ വ്യാപക വിമർശനത്തിന് കാരണമായിട്ടുണ്ട്. പിസിബിയും ബിസിസിഐയും തമ്മിലുള്ള തർക്കം ചാമ്പ്യൻസ് ട്രോഫിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കി എന്നാണ് ഉയരുന്ന കുറ്റപ്പെടുത്തൽ

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here