മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ തകർക്കാൻ ആസൂത്രിതനീക്കമെന്ന് നിഗമനം; കേസുകൾ ഇതിൻ്റെ അടിസ്ഥാനത്തിൽ

വയനാട് ദുരന്തത്തിൻ്റെ പേരിൽ മുഖ്യമന്ത്രി സഹായം അഭ്യർത്ഥിക്കുന്നതിന് മുൻപ് തന്നെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം തുടങ്ങിയിരുന്നു. സഹായം ചോദിച്ചതിന് പിന്നാലെ അത് ഉയർത്തിക്കാട്ടിയും പ്രചാരണമായി. രക്ഷാപ്രവർത്തനം പൂർത്തിയായില്ല, മരിച്ചവരുടെ കണക്കെടുത്തില്ല അതിന് മുൻപേ പിരിവ് തുടങ്ങി എന്നായിരുന്നു പിന്നീടുണ്ടായ ആക്ഷേപം. ഇത് സംഘടിതവും ആസൂത്രിതവുമാണ് എന്നാണ് ഉന്നതതല നിഗമനം. സോഷ്യൽ മീഡിയയിൽ ഇത് ഷെയർ ചെയ്യുന്നവർക്കല്ല, ഇത്തരം പ്രചാരണ മെറ്റീരിയലുകൾ തയ്യാറാക്കി വിടുന്നവർക്ക് അജണ്ടയുണ്ട് എന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് കൃത്യമായി തിരിച്ചറിയുന്ന ഓരോന്നിലും കേസുകളെടുക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.
2018ലെ വൻ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചില തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൊച്ചി കളമശേരിയിലും മറ്റും സിപിഎമ്മുകാർ പ്രതികളായി കേസുകളും റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ അർഹതയില്ലാത്തവരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് തുക പോകുകയും പിന്നീട് തിരിച്ചുപിടിക്കുകയും ചെയ്ത സംഭവവും എറണാകുളം ജില്ലയിൽ ഉണ്ടായിരുന്നു. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിഎംഡിആർഎഫ് (ചീഫ് മിനിസ്റ്റേഴ്സ് ഡിസാസ്റ്റർ റിലീഫ് ഫണ്ട്) എന്ന പേരിൽ വിജിലൻസ് റെയ്ഡുകൾ നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു.
വിജിലൻസ് ഡയറക്ടറായിരിക്കെ ഇതേ റെയ്ഡുകൾക്ക് നേതൃത്വം നൽകിയ എഡിജിപി മനോജ് എബ്രഹാമിൻ്റെ ഫോട്ടോ വരെ ഉപയോഗിച്ച് ദുരിതാശ്വാസ നിധിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണം നടന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് ഇത്തരം പ്രചാരണം ആസൂത്രിതമാണെന്ന് സംശയിക്കുന്നത്. രണ്ട് പ്രത്യേക വിഭാഗങ്ങളിൽ പെടുന്നവരുടെ അക്കൌണ്ടുകളിൽ നിന്നാണ് ഈ പോസ്റ്റുകൾ പലതും പ്രചരിക്കാൻ തുടങ്ങുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസിലെ ഡിജിറ്റൽ സർവൈലൻസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ 24 മണിക്കൂറും നിരീക്ഷണം നടക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി ഒരു സഹായവും കൊടുക്കില്ല എന്ന് സ്വന്തം നിലപാടായും മറ്റുമൊക്കെ ഫെയ്സ്ബുക്കിൽ എഴുതിയിട്ട ശേഷം മറ്റുള്ളവർക്ക് അത് ഷെയർ ചെയ്യാനായി സൌകര്യം ഒരുക്കുകയാണ് പല കേസുകളിലും ഉണ്ടായിട്ടുള്ളത്. നിരുപദ്രവകരമെന്ന് തോന്നുന്ന തരത്തിൽ, ദുരിതാശ്വാസനിധി ദുരുപയോഗത്തിൻ്റെ പഴയ പത്രവാർത്തകളുടെ കട്ടിങ് പോസ്റ്റ് ചെയ്തവരുമുണ്ട്. ഇത്തരം പോസ്റ്റുകൾ ഫെയ്സ്ബുക്കിലേക്കാൾ ഏറെ കോപ്പി ചെയ്ത് വാട്സാപ്പിൽ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്ന ഇത്തരം പോസ്റ്റുകളും നിരീക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്.
ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ദുരിതാശ്വാസ നിധിക്കെതിരായ പ്രചരണങ്ങള്‍ സംഘടിത കുറ്റകൃത്യത്തിൻ്റെ പരിധിയോളം എത്തുന്നുവെന്നാണ് വിലയിരുത്തല്‍. ദുരന്തകാലത്തെ ഇത്തരം പ്രചരണങ്ങള്‍ പുനരധിവാസത്തെ തളര്‍ത്തും. സര്‍ക്കാരിന് മുന്നില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്ര സഹായവും കിട്ടുന്നില്ല. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഫണ്ടിനെ തകര്‍ക്കാനുള്ള ശ്രമം. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ അജണ്ടയുണ്ട് എന്നത് വ്യക്തമാണ്. ഈ സാഹചര്യത്തെ പിടിച്ചുകെട്ടാനുള്ള ഏത് നടപടിയും സ്വീകരിക്കാനാണ് പോലീസിനുള്ള നിർദേശം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here