ഡാം സുരക്ഷിതമാണെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി ഹർജി; മുല്ലപ്പെരിയാർ വിഷയം വീണ്ടും സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാദം തളളി സുപ്രീംകോടതിയിൽ ഹർജി. ഡാം സുരക്ഷിതമാണെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കേരളത്തിന് ഡാമിൽ അവകാശമുണ്ട്. 2006, 2004 വർഷങ്ങളിലെ വിധി തെറ്റാണെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് ഹർജി നൽകിയത്.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ സെപ്റ്റംബർ 30ന് സുപ്രീംകോടതി കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും വാദം കേൾക്കും. അണക്കെട്ടുമായി ബന്ധപ്പെട്ട 1886ലെ പാട്ടക്കരാറിന് ഇപ്പോഴും നിയമസാധുതയുണ്ടോ എന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. 1886ൽ തിരുവതാംകൂറും ബ്രിട്ടീഷ് സർക്കാരും തമ്മിലാണ് വിവാദമായി തുടരുന്ന മുല്ലപ്പെരിയാർ കരാറുണ്ടാക്കിയത്. പുതിയ സാഹചര്യത്തിൽ 1886ലെ കരാറിന് നിലനിൽപ്പുണ്ടോയെന്നും സ്വതന്ത്രാനന്തര അണക്കെട്ടിൻ്റെ ഉടമസ്ഥവകാശം തമിഴ്നാടിനാണോ കേന്ദ്ര സർക്കാരിനാണോ ഉള്ളതെന്നുമാണ് കോടതി പരിശോധിക്കുക.

വയനാട് ദുരന്തശേഷം മുല്ലപ്പെരിയാറിൻ്റെ സുരക്ഷ സംബന്ധിച്ച് ഉയരുന്ന ആശങ്ക അടിസ്ഥാനരഹിതമാണ് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു. ഡാമിന് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്. വിഷയത്തില്‍ നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തന്നെ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുല്ലപ്പെരിയാര്‍ അണകെട്ടിന്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഭീഷണിയുള്ള ഈ വിഷയം സഭ നടപടി ക്രമങ്ങള്‍ നിര്‍ത്തിവെച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് പാർലമെൻ്റിൽ അടിയന്തിര നോട്ടീസ് നൽകിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നും വിഷയം സഭ നടപടി ക്രമങ്ങള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top