തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനത്തിൽ കേന്ദ്ര ഇടപെടൽ വിലക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി കോണ്‍ഗ്രസ്‌ നേതാവ്

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനത്തിൽ കേന്ദ്രം ഇടപെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഡോ. ജയ ഠാക്കൂർ സുപ്രീംകോടതിയിൽ ഹർജി നൽകി. ഒഴിഞ്ഞു കിടക്കുന്ന രണ്ട് കമ്മിഷണർമാരുടെ പോസ്റ്റിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ടാണ് ഹർജി.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷണറായ അരുൺ ഗോയൽ രാജിവച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുതിയ കമ്മിഷണറെ ഉടൻ നിയമിക്കേണ്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ അനുപ് പാണ്ഡെയും കമ്മിഷണർ സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. നിലവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമാണുള്ളത്. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷണർ ആക്ട് , 2023 നെതിരായ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. പുതിയ ആക്ട് പ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്ന പാനലിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി, ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് പാനലിലെ അംഗങ്ങൾ. പാനലിലെ ഭരണപക്ഷത്തിന്റെ ആധിപത്യം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ആക്ട് താൽകാലികമായി സ്റ്റേ ചെയ്യണമെന്ന വാദം കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം ഇത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ കേന്ദ്ര സർക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മിഷനോടും സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top