ജീവനക്കാരന്‍ അടങ്ങുന്ന സംഘം കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വച്ചു; തട്ടിച്ചത് 1.48 കോടി രൂപ
ജീവനക്കാരന്റെ സഹായത്തോടെയാണ് കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വച്ച് കോടികള്‍ തട്ടിയത്. മലപ്പുറം വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിലാണ് തട്ടിപ്പ് നടന്നത്. സ്വര്‍ണമെന്ന വ്യാജേന 221.63 പവന്‍ മുക്കുപണ്ടമാണ് നാലുപേര്‍ പല തവണകളായി ഇവിടെ പണയം വച്ചത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള സമയത്താണ് ഈ തട്ടിപ്പ് നടന്നത്. 1.48 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തല്‍.
ബ്രാഞ്ച് മാനേജര്‍ ലിനിമോളുടെ പരാതിയില്‍ പോലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. ശാഖയിലെ ഗോള്‍ഡ് അപ്രൈസര്‍ ജീവനക്കാരനായ രാജനാണ് തട്ടിപ്പിന് എല്ലാ സഹായവും ചെയ്തത്. പലതവണകളിലായി പാലക്കാട് സ്വദേശികളായ പടപ്പേതൊടി അബ്ദുല്‍ നിഷാദ്, കൊരക്കോട്ടില്‍ മുഹമ്മദ് അഷ്റഫ്,പറങ്ങാട്ടുതൊടി റഷീദലി , കാവുംപുറത്ത് മുഹമ്മദ് ശരീഫ് , കൊളത്തൂര്‍ സ്വദേശി രാജന്‍ എന്നിവര്‍ മുക്കുപണ്ടം ശാഖയില്‍ പണയം വച്ചു.
സ്ഥാപനത്തിലെ ഗോള്‍ഡ് അപ്രൈസറായ രാജനാണ് സ്വര്‍ണ്ണത്തിന്റെ പരിശോധന നടത്തുന്നത്. ഇത് മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ തട്ടിപ്പു നടത്തിയ പണത്തില്‍ നിന്നും ഒരു വിഹിതം രാജനും ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിലെ കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here