മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി സര്‍ക്കാരിന് വലിയ വെല്ലുവിളി; അധിക ബാച്ച് അനുവദിച്ചില്ലെങ്കില്‍ സമരമെന്ന് മുസ്ലിം ലീഗ്; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും

മലപ്പുറം : പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഇത്തവണയും മലപ്പുറത്ത് വലിയ വിവാദമാകുന്നു. അധിക ബാച്ചുകള്‍ അനുവദിക്കാതെ സീറ്റ് വര്‍ദ്ധിപ്പിച്ച് പരിഹാരം കാണാനുളള സര്‍ക്കാര്‍ ശ്രമത്തിലാണ് പ്രതിഷേധം പുകയുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകള്‍ കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് മതിയാകില്ലെന്നാണ് പ്രതിപക്ഷ സംഘടനകളും വിദ്യാര്‍ത്ഥികളും പറയുന്നത്.

കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ മലപ്പുറത്ത് സീറ്റ് പ്രതിസന്ധിയുണ്ടായിരുന്നു. സീറ്റ് വര്‍ദ്ധനവ് അനുവദിച്ചെങ്കിലും നല്ല മാര്‍ക്ക് വാങ്ങിയവര്‍ക്ക് പോലും ആഗ്രഹിച്ച കോഴ്‌സിന് അഡ്മിഷന്‍ കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. സമാനമായ രീതിയിലാണ് ഇത്തവണയും പ്രതിസന്ധിയെന്നാണ് ആരോപണം ഉയരുന്നത്. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവര്‍ മാത്രം പഠിച്ചാല്‍ മതിയെന്നാണോ സര്‍ക്കാര്‍ നിലപാടെന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയത് മലപ്പുറത്താണ്. 79901 കുട്ടികളാണ് ഇവിടെ ഈ വര്‍ഷം പരീക്ഷയെഴുതിയത്. ഇതില്‍ 79730 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടുകയും ചെയ്തു. രണ്ടാം സ്ഥാനത്തുളള കോഴിക്കോട് 43799 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. മലപ്പുറം ജില്ലയിലെ 248 ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ 1065 പ്ലസ് വണ്‍ ബാച്ചുകളിലായി നിലവില്‍ 53,250 സീറ്റുകളാണുള്ളത്. ഈ കണക്കുകള്‍ തന്നെ മലപ്പുറത്തെ പ്രതിസന്ധി വ്യക്തമാക്കുന്നതാണ്.

സാമ്പത്തിക പ്രതിസന്ധിയാണ് അധിക ബാച്ചുകള്‍ അനുവദിക്കുന്നതില്‍ നിന്നും സര്‍ക്കാരിനെ പിന്നോട്ടടിക്കുന്നത്. എന്നാല്‍ ഇത് സര്‍ക്കാര്‍ നേരിട്ട് സമ്മതിച്ചിട്ടില്ല. സീറ്റ് വര്‍ദ്ധന ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ ആ പ്രതിഷേധം മുസ്ലീം ലീഗ് തന്നെ നേരിട്ട് ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ്.

സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ സമരമെന്ന സൂചനയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്ന് നല്‍കിയത്. വിജയശതമാനത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ല, അതിന് ബാച്ചുകള്‍ അനുവദിക്കുകയെന്നത് തന്നെയാണ് പരിഹാരം, യുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ ബാച്ചുകള്‍ അനുവദിച്ചിരുന്നു, ഇപ്പോള്‍ സര്‍ക്കാര്‍ സത്വരമായി ഇടപെട്ടുകൊണ്ട് പരിഹാരം കാണണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഒരു ക്ലാസില്‍ 60 ഉം 70 ഉം കുട്ടികള്‍ പഠിക്കേണ്ടിവരുമെന്നത് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇത്തവണ വിദ്യാര്‍ത്ഥികളുടെ എണ്ണം വലിയ രീതിയില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രതിസന്ധി എങ്ങനെ പരിഹിരിക്കുമെന്ന ആലോചന വിദ്യാഭ്യാസ വകുപ്പിലും തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top